Saturday, March 31, 2012

ബംഗാളില്‍ അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥ: സിപിഐ


പട്ന: പശ്ചിമബംഗാളില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് സിപിഐ 21-ാം പാര്‍ടി കോണ്‍ഗ്രസ്. ബംഗാള്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ നടപടികളെ ചെറുക്കാന്‍ രംഗത്തിറങ്ങാന്‍ സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു.

എട്ട് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടുന്ന പട്ടികയില്‍ നിന്നുവേണം സര്‍ക്കാരാഫീസുകളിലും സര്‍ക്കാര്‍ സഹായമുള്ള ഗ്രന്ഥശാലകളിലും ആനുകാലികങ്ങള്‍ വരുത്തേണ്ടതെന്ന് മാര്‍ച്ച് 28ന് ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സിപിഐയുടെ പ്രസിദ്ധീകരണമായ "കാലാന്തറി"നും സിപിഐ എം മുഖപത്രമായ "ഗണശക്തി"ക്കും ഇംഗ്ലീഷ് പത്രങ്ങള്‍ക്കും എല്ലായിടത്തും നിരോധനം ഏര്‍പ്പെടുത്തി. കലാകാരന്മാരും മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളുമെല്ലാം ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തെത്തി. അടിയന്തരാവസ്ഥയ്ക്ക് സമാനമാണിതെന്ന് എല്ലാവരും പ്രതികരിച്ചു. പരിവര്‍ത്തനം എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന മമതാ സര്‍ക്കാര്‍ ഇടതുപാര്‍ടികളുടെ ഓഫീസുകള്‍ ആക്രമിക്കുകയും പിടിച്ചടക്കുകയുമാണ്. പത്തുമാസത്തെ ഭരണത്തിനിടയില്‍ 39 കര്‍ഷകര്‍ ആത്മഹത്യചെയ്തു. പഞ്ചായത്തിരാജ് സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളെ അപ്രസക്തരാക്കി ഉദ്യോഗസ്ഥഭരണം നടപ്പാക്കി. ജില്ലാ പരിഷത്തുകള്‍, സ്കൂള്‍, കോളേജ് ഭരണസമിതികള്‍ എന്നിവയെല്ലാം തൃണമൂലിന്റെ ഇഷ്ടാനുസരണം പിരിച്ചുവിടുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യുന്നു. ഇഷ്ടമില്ലാത്ത കോളേജ് പ്രിന്‍സിപ്പാള്‍മാരെ ആക്രമിക്കുകയും ചുമതലയില്‍നിന്ന് നീക്കുകയുംചെയ്യുന്നു. വിദ്യാഭ്യാസമേഖല അരാജകത്വത്തിന്റെ നിഴലിലാണ്. ബംഗാള്‍ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധനടപടികളെ സമ്മേളനം ശക്തമായ ഭാഷയില്‍ അപലപിച്ചു.

deshabhimani 310312

1 comment:

  1. പശ്ചിമബംഗാളില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് സിപിഐ 21-ാം പാര്‍ടി കോണ്‍ഗ്രസ്. ബംഗാള്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ നടപടികളെ ചെറുക്കാന്‍ രംഗത്തിറങ്ങാന്‍ സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു.

    ReplyDelete