Tuesday, March 27, 2012

എഴുതിക്കൊണ്ടിരിക്കെ പോളി പരീക്ഷ റദ്ദാക്കി

പഴയ ചോദ്യപേപ്പര്‍ അതേപടി

തീയതി മാത്രം മാറ്റി പഴയ ചോദ്യപേപ്പര്‍ അതേപടി നല്‍കി നടത്തിയ പരീക്ഷ, വിദ്യാര്‍ഥികള്‍ എഴുതിക്കൊണ്ടിരിക്കെ അധികൃതര്‍ റദ്ദാക്കി. പോളിടെക്നിക് അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് ആറാം സെമസ്റ്ററിലെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പരീക്ഷയാണ് വിദ്യാര്‍ഥികള്‍ ഒന്നര മണിക്കൂറോളം എഴുതിയ ശേഷം റദ്ദാക്കിയത്. നെടുങ്കണ്ടം പോളിടെക്നിക് കോളേജില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് പരീക്ഷ മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായത്. സംസ്ഥാനത്ത് വിവിധ പോളിടെക്നിക് കോളേജുകളില്‍ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് പാതി വഴിയില്‍ പരീക്ഷാഹാള്‍ വിട്ടിറങ്ങേണ്ടി വന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ സപ്ലിമെന്ററി പരീക്ഷയ്ക്ക് നല്‍കിയ ചോദ്യപേപ്പര്‍ അതേപടി റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷയ്ക്കും നല്‍കുകയായിരുന്നു. "ആറാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് പരീക്ഷ, ഒക്ടോബര്‍ 2011" എന്നത് മാറ്റി "ആറാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് പരീക്ഷ, മാര്‍ച്ച് 2012" എന്നാക്കുക മാത്രമാണ് സാങ്കേതിക പരീക്ഷാ വിഭാഗം ജോയിന്റ് കണ്‍ട്രോളറുടെ ഓഫീസില്‍നിന്നും ചെയ്തത്.

പാനലിലുള്ള അധ്യാപകര്‍ തയ്യാറാക്കുന്ന ചോദ്യപേപ്പറുകളില്‍നിന്നും രഹസ്യ സ്വഭാവത്തോടെ ഒന്ന് തെരഞ്ഞെടുത്ത് നല്‍കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. ഇതനുസരിച്ച് ഈ വിഷയത്തിലും പാനല്‍ അധ്യാപകര്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. എന്നാല്‍, അതൊന്നും സ്വീകരിക്കാതെ പഴയ ചോദ്യപേപ്പര്‍ അതേപടി നല്‍കുകയായിരുന്നു. ഇതിനുമുമ്പ് മറ്റ് ചില വിഷയങ്ങള്‍ക്കും ഇതേ പോലെ ആവര്‍ത്തനം ഉണ്ടായതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ടെക്നിക്കല്‍ ഓഫീസര്‍ക്കാണ് പരീക്ഷാ നടത്തിപ്പ് ചുമതല. കെജിഒയു നേതാവിനെയാണ് ഈ തസ്തികയില്‍ തിരുകിക്കയറ്റിയത്.

deshabhimani 270312

1 comment:

  1. തീയതി മാത്രം മാറ്റി പഴയ ചോദ്യപേപ്പര്‍ അതേപടി നല്‍കി നടത്തിയ പരീക്ഷ, വിദ്യാര്‍ഥികള്‍ എഴുതിക്കൊണ്ടിരിക്കെ അധികൃതര്‍ റദ്ദാക്കി. പോളിടെക്നിക് അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് ആറാം സെമസ്റ്ററിലെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പരീക്ഷയാണ് വിദ്യാര്‍ഥികള്‍ ഒന്നര മണിക്കൂറോളം എഴുതിയ ശേഷം റദ്ദാക്കിയത്. നെടുങ്കണ്ടം പോളിടെക്നിക് കോളേജില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് പരീക്ഷ മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായത്. സംസ്ഥാനത്ത് വിവിധ പോളിടെക്നിക് കോളേജുകളില്‍ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് പാതി വഴിയില്‍ പരീക്ഷാഹാള്‍ വിട്ടിറങ്ങേണ്ടി വന്നത്.

    ReplyDelete