Saturday, March 31, 2012

മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം: സുപ്രീംകോടതി നീക്കം വിവാദമാകുന്നു


കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം ഏര്‍പ്പെടുത്താനുള്ള സുപ്രീംകോടതിയുടെ നീക്കം വിവാദമാവുന്നു. മാധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറയാന്‍ സുപ്രീംകോടതിക്ക് അവകാശമില്ലെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് അഭിപ്രായപ്പെട്ടു.

കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രത്യേകനിയമം നിലവിലില്ലാത്തതിനാല്‍ മാര്‍ഗനിര്‍ദേശം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ബുധനാഴ്ചയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ആരാഞ്ഞത്. മാര്‍ഗനിര്‍ദേശം നടപ്പാക്കിയാല്‍ ഓരോ വാര്‍ത്തയുടെയും പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതി കയറേണ്ട സ്ഥിതിയുണ്ടാകുമെന്ന് എഡിറ്റേഴ്സ് ഗില്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രീംകോടതിയെ അറിയിച്ചു. വിചാരണക്കോടതികളില്‍നിന്ന് സുപ്രീംകോടതിയിലേക്ക് പരാതിപ്രവാഹമുണ്ടാകും. ടെലിവിഷന്‍ ചാനലുകള്‍ക്ക് ബാധകമായ സ്വയംനിയന്ത്രണ സംവിധാനത്തിനു കീഴില്‍ എല്ലാ മാധ്യമങ്ങളെയും കൊണ്ടുവരണമെന്ന ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ നിര്‍ദേശവും അംഗീകരിക്കാനാകില്ല. ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ക്ക് വ്യത്യസ്ത പ്രവര്‍ത്തനസ്വഭാവമാണെന്നുംഅദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയുടെ സജീവപരിഗണനയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സഹാറ ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് മാര്‍ഗനിര്‍ദേശം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആരാഞ്ഞത്. മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കോടതിക്ക് അധികാരം നല്‍കുംവിധം കോടതിയലക്ഷ്യനിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി പറഞ്ഞു. ജഡ്ജിമാരെയും സാക്ഷികളെയും മാധ്യമ ആക്രമണത്തില്‍നിന്ന് രക്ഷിക്കാനും ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും നിയന്ത്രണം ആവശ്യമാണെന്നായിരുന്നു കോടതിയുടെ നിലപാട്. മാര്‍ഗനിര്‍ദേശത്തിലൂടെ മുന്‍കൂര്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനാണോ കോടതിയുടെ നീക്കമെന്ന് രാജീവ് ധവാന്‍ ചോദിച്ചു.

കോടതി അലക്ഷ്യനിയമം ഇപ്പോള്‍ നിലവിലുണ്ടെന്നിരിക്കെ പ്രത്യേക നിയന്ത്രണത്തിന്റെ ആവശ്യമില്ല. സവിശേഷ സാഹചര്യങ്ങളില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും കോടതിക്ക് കഴിയും. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം നിഷേധിക്കപ്പെടാന്‍ മാര്‍ഗനിര്‍ദേശം കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോടതിക്ക് നിയമത്തിന്റെ പിന്‍ബലമില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ചൂണ്ടിക്കാട്ടി.

deshabhimani 310312

1 comment:

  1. കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രത്യേകനിയമം നിലവിലില്ലാത്തതിനാല്‍ മാര്‍ഗനിര്‍ദേശം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ബുധനാഴ്ചയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ആരാഞ്ഞത്. മാര്‍ഗനിര്‍ദേശം നടപ്പാക്കിയാല്‍ ഓരോ വാര്‍ത്തയുടെയും പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതി കയറേണ്ട സ്ഥിതിയുണ്ടാകുമെന്ന് എഡിറ്റേഴ്സ് ഗില്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രീംകോടതിയെ അറിയിച്ചു. വിചാരണക്കോടതികളില്‍നിന്ന് സുപ്രീംകോടതിയിലേക്ക് പരാതിപ്രവാഹമുണ്ടാകും. ടെലിവിഷന്‍ ചാനലുകള്‍ക്ക് ബാധകമായ സ്വയംനിയന്ത്രണ സംവിധാനത്തിനു കീഴില്‍ എല്ലാ മാധ്യമങ്ങളെയും കൊണ്ടുവരണമെന്ന ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ നിര്‍ദേശവും അംഗീകരിക്കാനാകില്ല. ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ക്ക് വ്യത്യസ്ത പ്രവര്‍ത്തനസ്വഭാവമാണെന്നുംഅദ്ദേഹം പറഞ്ഞു.

    ReplyDelete