Saturday, March 17, 2012

"പാര്‍ടി കോടതി" വാര്‍ത്തയുടെ ഉത്തരവാദിത്തം തനിക്കെന്ന് മുഖ്യമന്ത്രി

"പാര്‍ടി കോടതി" വിചാരണ നടത്തി മുസ്ലിംലീഗ് പ്രവര്‍ത്തകനെ വധിച്ചെന്ന വാര്‍ത്തയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വാര്‍ത്തയുടെ പേരില്‍ തന്റെ ഓഫീസിനെ കുറ്റപ്പെടുത്തേണ്ട- മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ കീഴറയില്‍ നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ മുസ്ലിംലീഗ് പ്രവര്‍ത്തകനെ സിപിഐ എം പ്രവര്‍ത്തകര്‍ വിചാരണ നടത്തി വധിച്ചെന്ന മനോരമ, മാതൃഭൂമി വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഫെബ്രുവരി 20ന് നടന്ന സംഭവത്തെക്കുറിച്ച് പിറവം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഈ വാര്‍ത്ത സൃഷ്ടിച്ചത്. ഇതുസംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോഴാണ് ഓഫീസിനെ എന്തിനാണ് പഴിക്കുന്നതെന്നും തന്നെ പറഞ്ഞാല്‍ പോരേയെന്നും മുഖ്യമന്ത്രി ചോദിച്ചത്. രണ്ടരമണിക്കൂര്‍ വിചാരണ നടത്തിയശേഷം വധിച്ചെന്ന് ആരോപിക്കുമ്പോള്‍ , ഈ സമയമത്രയും പൊലീസ് ഇടപെടാതിരുന്നതെന്തെന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മുറിവേറ്റ് വഴിയില്‍ കിടക്കുന്നത് ഏറെകഴിഞ്ഞ് അതുവഴി പോയവര്‍ കണ്ടെന്ന് സംഭവത്തിന് പിറ്റേന്ന് ചന്ദ്രിക അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത് ചൂണ്ടിക്കാണിച്ചപ്പോഴും മുഖ്യമന്ത്രി പ്രതികരിച്ചില്ല. രണ്ടരമണിക്കൂര്‍ വിചാരണ നടത്തിയതായി ആരോപിക്കുന്നവര്‍ ഈ സമയത്തിനിടെ പൊലീസ് സഹായം തേടാത്തതിനെക്കുറിച്ചും മറുപടിയുണ്ടായില്ല.

നിര്‍മിത കഥയുടെ മുനയൊടിച്ച് എഫ്ഐആറിലെ സാക്ഷിമൊഴി

കണ്ണപുരത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയിലെ അബ്ദുല്‍ഷുക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാര്‍ത്ത പച്ചക്കള്ളമാണെന്ന് കേസിലെ എഫ്ഐആര്‍ വ്യക്തമാക്കുന്നു. ഷുക്കൂറിനെ ജീവനോടെ അവസാനം കണ്ട സഖറിയ, സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസിന് നല്‍കിയ വിവരങ്ങളാണ് കള്ളക്കഥയുടെ മുനയൊടിക്കുന്നത്. കൊലക്കേസ് അന്വേഷണത്തില്‍ നിര്‍ണായകമാവാറുള്ള അവസാന സാക്ഷിയുടെ മൊഴി മുഖ്യമന്ത്രിയുടെ "പാര്‍ടിക്കോടതി" വാര്‍ത്തയെ പരിഹാസ്യമാക്കുന്നു. സഖറിയയില്‍നിന്ന് എസ്ഐ വി നാരായണന്‍ എടുത്ത് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച 136ാം നമ്പര്‍ എഫ്ഐആറില്‍ കുറ്റവിചാരണയില്ല, ശിക്ഷാവിധിയില്ല, ഫോണ്‍ വിളിയില്ല, ജനക്കൂട്ടവുമില്ല. എന്നാല്‍ ഇതെല്ലാം ഭരണകക്ഷി എംഎല്‍എമാര്‍ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ വെളളിയാഴ്ച വ്യക്തമാക്കിയിട്ടുമുണ്ട്. ലീഗ് പ്രവര്‍ത്തകര്‍ കടവ് കടന്നുപോയ സമയവും ഷുക്കൂറിന്റെ ജഡം കണ്ടെത്തിയ സമയവും തമ്മിലുള്ള അന്തരം മാത്രമാണ് "പാര്‍ടിക്കോടതി" വാര്‍ത്തക്കുള്ള അസംസ്കൃതവസ്തുവെന്ന് വ്യക്തം. അന്വേഷണം വഴിതെറ്റിക്കുകയും ലീഗ് നേതൃത്വം മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ആളുകളെ പ്രതിപ്പട്ടിയിലുള്‍പ്പെടുത്തുകയും ഈ ഹീനനീക്കത്തിനു പിന്നിലെ ലക്ഷ്യമാണ്.

പരിക്കുകളോടെ ആശുപത്രിയിലായ പി സഖറിയ സംഭവദിവസം വൈകിട്ട് 4.30ന് പൊലീസിന് നല്‍കിയ മൊഴി ഇപ്രകാരമാണ്: "ഞങ്ങള്‍ നാട്ടില്‍നിന്നും വള്ളുവന്‍ കടവ് തോണിയില്‍കടന്ന് നടന്നുവരവെ എന്റെ സുഹൃത്ത് ഹനീഫയുടെ വീട്ടില്‍ വെള്ളം കുടിക്കാന്‍ കയറി. ഉച്ചക്ക് സുമാര്‍ ഒരുമണി. ഹനീഫയുടെ ഉമ്മ തണുത്തവെള്ളം കുടിക്കാന്‍ തന്നു. ഞങ്ങള്‍ വെള്ളംകുടിക്കവെ സുമാര്‍ 20 ഓളം ആളുകള്‍ വീട്ടുമുറ്റത്തുകയറിവന്നു നിങ്ങള്‍ ഞങ്ങളുടെ എംഎല്‍എയെ അടിച്ചവരല്ലേ എന്ന് പറഞ്ഞ് അസഭ്യം പറയുകയും ഭീഷണിമുഴക്കുകയും ചെയ്തു. ഞങ്ങള്‍ പ്രശ്നക്കാരല്ലെന്ന് പറഞ്ഞപ്പോള്‍ ഹാരീസ്, സലാം, അയൂബ് എന്നിവരെ കുറച്ചുപേര്‍ കൂട്ടിക്കൊണ്ടുപോയി. കുറച്ചുകഴിഞ്ഞപ്പോള്‍ അവരെ കൊണ്ടുപോയവര്‍ മടങ്ങിവന്നു മൂന്ന് പേരെയും വിട്ടു. നിങ്ങളേയും വിടാമെന്ന് പറഞ്ഞു. ഞങ്ങള്‍ പുറത്തേക്കെന്ന് പറഞ്ഞപ്പോള്‍ പേടിച്ച് ഇറങ്ങിയില്ല. അവര്‍ വീടടിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. അപ്പോള്‍ അവര്‍ പേടിച്ച് ഞങ്ങളെ ഇറക്കിവിട്ടു. 10 ഓളം പേര്‍ ഞങ്ങളെ പിടിച്ച് അടുത്തുള്ള വയലിലേക്ക് കൊണ്ടുപോയി. വയല്‍വരമ്പത്തുവെച്ച് 2 പേര്‍ എന്റെ കൈ പിന്നിലേക്ക് പിടിച്ചുവച്ചു. ഒരാള്‍ ഇരുമ്പുപൈപ്പ് വലതുകാല്‍ മുട്ടിനടിച്ചു. വേറൊരാള്‍ ഇവനെ കുത്തിക്കൊല്ലടാ എന്നും പറഞ്ഞപ്പോള്‍ ഒരാള്‍ ഇരുമ്പു കഠാരകൊണ്ട് എന്റെ പുറത്ത് ഷോള്‍ഡറില്‍ കുത്തിയിറക്കി. ആ സമയം ഷുക്കൂറിന്റെ ബേക്കില്‍ കുറച്ചുപേര്‍ പോയി അടിക്കാനും വെട്ടാനും തുടങ്ങി. ഷുക്കൂര്‍ വെട്ടേറ്റ് അവിടെ വീണു. ആ സമയം ഞാന്‍ ഒരുവിധം എണീറ്റ് ഓടി റോഡിലെത്തി. പൊലീസ് വണ്ടി കണ്ട് അതില്‍ കയറി; ആശുപത്രിയില്‍ എത്തിച്ചു."-

ഉമ്മ കുടിക്കാന്‍ നല്‍കിയ തണുത്ത വെള്ളത്തെക്കുറിച്ചുപോലും സൂക്ഷ്മമായി പറഞ്ഞ സഖറിയ, മൊബൈലില്‍ ഫോട്ടോ എടുത്തതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഷുക്കൂര്‍ ഉച്ചയ്ക്കാണ് കൊല്ലപ്പെട്ടതെന്ന് "ചന്ദ്രിക" പത്രം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ തടങ്കലില്‍വച്ച് കുറ്റവിചാരണ നടത്തി എന്ന് പ്രചരിപ്പിക്കുന്നവര്‍ സഖറിയ ആശുപത്രിയില്‍ എത്തിയത് പൊലീസ് വാഹനത്തിലാണെന്ന യാഥാര്‍ഥ്യം കാണാതെ പോയി. സഖറിയയില്‍നിന്ന് വിവരം ലഭിച്ച പൊലീസിന് ഷുക്കൂറിനെ കണ്ടെത്താന്‍ മണിക്കുറുകള്‍ വേണ്ടി വന്നു എന്നു പറയുമ്പോള്‍ കണ്ണപുരം എന്ന പ്രദേശം ചമ്പല്‍ക്കാടാണോ എന്ന ചോദ്യമാണ് ഉയരുക. രാഷ്ട്രീയ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഷുക്കൂര്‍ ചോരവാര്‍ന്ന് മരിക്കാന്‍ ഇടയായത് പാര്‍ടിക്കോടതിയും കുറ്റവിചാരണയുമൊക്കെയാക്കി സിപിഐ എം കണ്ണൂരില്‍ പ്രതിരോധത്തിലാണെന്ന് സ്വപ്നം കാണുകയാണ് മാധ്യമങ്ങള്‍ . ലീഗ് തീവ്രവാദി ആക്രമണത്തില്‍ ജീവഛവമായി മാറിയവരേയും വീട് നഷ്ടപ്പെട്ടവരേയും കുറിച്ച് അവര്‍ക്ക് മിണ്ടാട്ടമില്ല.

deshabhimani 170312

2 comments:

  1. "പാര്‍ടി കോടതി" വിചാരണ നടത്തി മുസ്ലിംലീഗ് പ്രവര്‍ത്തകനെ വധിച്ചെന്ന വാര്‍ത്തയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വാര്‍ത്തയുടെ പേരില്‍ തന്റെ ഓഫീസിനെ കുറ്റപ്പെടുത്തേണ്ട- മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ കീഴറയില്‍ നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ മുസ്ലിംലീഗ് പ്രവര്‍ത്തകനെ സിപിഐ എം പ്രവര്‍ത്തകര്‍ വിചാരണ നടത്തി വധിച്ചെന്ന മനോരമ, മാതൃഭൂമി വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    ReplyDelete
  2. Anyway, the party should seriously consider controlling the comrades from getting into such brutal acts. This is not going to gain anything for party or kerala people. Please focus on aasaya samaram...

    ReplyDelete