Sunday, April 29, 2012

1889 കോടി കമ്മി റെഗുലേറ്ററി കമീഷന്‍ അംഗീകരിച്ചു


1889.15 കോടി കമ്മി പ്രതീക്ഷിക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ 2012-13 വര്‍ഷത്തെ വരവുചെലവുകണക്കുകള്‍ക്ക് വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അംഗീകാരം. കമ്മിയുടെ അടിസ്ഥാനത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനാണ് ബോര്‍ഡിന്റെ ആലോചന. 6097.24 കോടി രൂപ വരവും 7986.39 കോടി രൂപ ചെലവും ആണ് കമീഷന്‍ അംഗീകരിച്ചത്. 9638.12 കോടി ചെലവും 6397.24 കോടി വരുമാനവും 3240.25 കോടി കമ്മിയും പ്രതീക്ഷിക്കുന്ന കണക്കുകളാണ് ബോര്‍ഡ് അവതരിപ്പിച്ചത്.

നിലവിലുള്ള നിരക്കില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെയും മറ്റ് ഉപയോക്താക്കള്‍ക്ക് മുന്‍വര്‍ഷത്തെ ഉപയോഗത്തിന്റെ 85 ശതമാനം വരെയും പരിധി ഏര്‍പ്പെടുത്തുകയും അതിനുമുകളിലുള്ള ഉപയോഗത്തിന് യൂണിറ്റ് ഒന്നിന് 11 രൂപ നിരക്കില്‍ വര്‍ഷം മുഴുവന്‍ ഈടാക്കുകയും ചെയ്യണമെന്നായിരുന്നു ബോര്‍ഡിന്റെ നിര്‍ദേശം. എന്നാല്‍, ഒരു വര്‍ഷം മുഴുവന്‍ ഇത്തരം നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നതിനോട് കമീഷന്‍ വിയോജിച്ചു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ സാധാരണഗതിയില്‍ ആവശ്യമില്ല എന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി.

15 ശതമാനം ഉപയോഗനിയന്ത്രണമില്ലാതെ ബോര്‍ഡിന്റെ കമ്മി 3240.25 കോടിക്കു പകരം 4337.08 കോടി ആകുമായിരുന്നു. 2012-13 വര്‍ഷത്തേക്ക് സംസ്ഥാനത്തിന് 19235 ദശലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടിവരുമെന്ന് കമീഷന്‍ കണക്കാക്കി. ബോര്‍ഡ് പ്രതീക്ഷിക്കുന്ന 15.32 ശതമാനം പ്രസരണ വിതരണനഷ്ടം 14.81 ശതമാനം ആയി കുറയ്ക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു. വൈദ്യുതി ഉല്‍പ്പാദനത്തിനും വിലയ്ക്ക് വാങ്ങുന്നതിനും ബോര്‍ഡ് അവതരിപ്പിച്ച 5659 കോടി രൂപയുടെ കണക്കും കമീഷന്‍ അംഗീകരിച്ചില്ല. ഇതിനായി 5202 കോടി രൂപ മതിയെന്ന് കമീഷന്‍ കണ്ടെത്തി. ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവിലേക്കായി ബോര്‍ഡ് 2231 കോടി രൂപ നീക്കിവച്ചെങ്കിലും 1663 കോടി രൂപ മതിയാകുമെന്നാണ് കമീഷന്‍ കണക്കാക്കിയത്. ഈ കണക്കനുസരിച്ച് ഉപയോക്താക്കളില്‍ വൈദ്യുതി എത്തിക്കാനുള്ള ചെലവ് യൂണിറ്റ് ഒന്നിന് 4.64 രൂപയായിരിക്കും. എന്നാല്‍, നിലവിലുള്ള നിരക്ക് അനുസരിച്ച് ബോര്‍ഡിന് യൂണിറ്റ് ഒന്നിന് ശരാശരി 3.49 രൂപമാത്രമേ ഈടാക്കാന്‍ കഴിയൂ എന്നാണ് കമീഷന്‍ കണക്കാക്കിയത്.

deshabhimani 290412

1 comment:

  1. 1889.15 കോടി കമ്മി പ്രതീക്ഷിക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ 2012-13 വര്‍ഷത്തെ വരവുചെലവുകണക്കുകള്‍ക്ക് വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അംഗീകാരം. കമ്മിയുടെ അടിസ്ഥാനത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനാണ് ബോര്‍ഡിന്റെ ആലോചന. 6097.24 കോടി രൂപ വരവും 7986.39 കോടി രൂപ ചെലവും ആണ് കമീഷന്‍ അംഗീകരിച്ചത്. 9638.12 കോടി ചെലവും 6397.24 കോടി വരുമാനവും 3240.25 കോടി കമ്മിയും പ്രതീക്ഷിക്കുന്ന കണക്കുകളാണ് ബോര്‍ഡ് അവതരിപ്പിച്ചത്.

    ReplyDelete