Sunday, April 29, 2012

അട്ടപ്പള്ളത്ത് ആര്‍എസ്എസുകാര്‍ 4 സിഐടിയു പ്രവര്‍ത്തകരെ വെട്ടി


പാലക്കാട്: അട്ടപ്പള്ളം ജങ്ഷനില്‍ നാല് സിഐടിയു പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. അട്ടപ്പള്ളത്തെ സമ്പത്ത്(31), സ്റ്റീഫന്‍(19), ആല്‍ബര്‍ട്ട്(31), പ്രകാശ് എന്ന കോശു(34)എന്നീ സിഐടിയു പ്രവര്‍ത്തകരെയാണ് വെട്ടിയത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വട്ടപ്പാറ അമ്പലത്തില്‍ ആട് വെട്ട് പൂജ കഴിഞ്ഞ വരികയായിരുന്ന ആര്‍എസ്എസ് സംഘം അട്ടപ്പള്ളത്ത് നില്‍ക്കുകയായിരുന്ന സിഐടിയു പ്രവര്‍ത്തകരുമായി വാക്ക്തര്‍ക്കത്തിലായി. തുടര്‍ന്ന് ഈ സംഘം ഫോണ്‍ ചെയ്തതനുസരിച്ച് ഓട്ടോയിലെത്തിയ മറ്റൊരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിഐടിയു പ്രവര്‍ത്തകരെ വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. പ്രദേശത്തെ അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിലാണ് അക്രമി സംഘം വന്നത്. ആല്‍ബര്‍ട്ടിന് തലയ്ക്കാണ് വെട്ടേറ്റത്. സ്റ്റീഫനും സമ്പത്തിനും കൈയ്ക്കും വെട്ടേറ്റു. സ്ഥലത്തെ ചുമട്ടുതൊഴിലാളികളാണിവര്‍. പതിവായി അട്ടപ്പള്ളത്ത് കുഴപ്പമുണ്ടാക്കുന്ന ആര്‍എസ്എസ് ക്രിമിനല്‍ സംഘംതന്നെയാണ് ഈ ആക്രമണത്തിനും പിന്നില്‍. മുമ്പ് നടന്ന ആക്രമണത്തിലും സ്റ്റീഫന് വെട്ടേറ്റിരുന്നു.

ആര്‍എസ്എസ് ക്രിമിനലുകള്‍ സിപിഐ എം പ്രവര്‍ത്തകന്റെ കൈ തല്ലി ഒടിച്ചു

ചങ്ങനാശേരി: തൃക്കൊടിത്താനത്ത് ഭീകരാന്തരീക്ഷം തീര്‍ത്ത് സിപിഐ എം പ്രവര്‍ത്തകനെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം മര്‍ദ്ദിച്ചവശനാക്കി കൈ തല്ലിയൊടിച്ചു. കുന്നുംപുറം പടിക്കക്കുളം വീട്ടില്‍ ടി വി ബിജുമോനെ(30)യാണ് മര്‍ദിച്ച് കൈ തല്ലിയൊടിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ന് കൊക്കോട്ടുചിറയില്‍ വച്ചാണ് ആക്രമണം. സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടുനില്‍ക്കുകയായിരുന്ന ബിജുവിനെ മാരകായുധങ്ങളുമായെത്തിയ 15 ഓളം പേരടങ്ങിയ സംഘം വളഞ്ഞിട്ട് മര്‍ദിച്ചു. കമ്പിവടി, വടിവാള്‍, ദണ്ഡ് തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് മര്‍ദനം. ഒരുവിധ പ്രകാപനവും ഇല്ലാത്ത പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കമാണ് ആക്രമണത്തിന് പിന്നില്‍. ബിജുവിനെ മര്‍ദിക്കുന്നത് തടയാനെത്തിയ സുഹൃത്തുക്കളെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ സംഘം അവനെ കൊല്ലെടായെന്ന് ആക്രോശിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്.
ആര്‍എസ്എസ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍(സിഐടിയു) ഏരിയകമ്മിറ്റിയംഗവും സിപിഐ എം കുന്നുംപുറം ബ്രാഞ്ചംഗവുമാണ് ബിജു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍(സിഐടിയു) താലൂക്ക്കമ്മിറ്റി ആവശ്യപ്പെട്ടു.

വിനീഷ് വധം: മുഖ്യപ്രതികളായ 4 പേര്‍കൂടി പിടിയില്‍

ചെര്‍പ്പുളശേരി: പൂക്കോട്ടുകാവിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളായ നാല് ആര്‍എസ്എസുകാരെക്കൂടി ചെര്‍പ്പുളശേരി സിഐ ശശികുമാറും സംഘവും പിടികൂടി. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. ആര്‍എസ്എസ്-ബിജെപി-ബജ്രംഗ്ദള്‍ പ്രവര്‍ത്തകരായ 13 പേരാണ് കൊലപാതകത്തില്‍ ഏര്‍പ്പെട്ടത്. മുഖ്യപ്രതിയും ആസൂത്രകനുമായ കല്ലുവഴി കടിഞ്ഞൂത്തൊടി വീട്ടില്‍ പ്രവീണ്‍(24), വിനീഷിനെ വാള്‍കൊണ്ട് വെട്ടിയ കാരാട്ടുകുറുശി തോട്ടത്തില്‍ ശ്യാംകുമാര്‍(22), കൊല സംഘടിപ്പിച്ച പനമണ്ണ കടാംകുറുശി വീട്ടില്‍ ശങ്കരനാരായണന്റെ മകന്‍ അനൂപ് (26), ഗൂഢാലോചന ചെയ്ത കല്ലുവഴി പുലാക്കാട് വീട്ടില്‍ മോഹന്‍ദാസിന്റെ മകന്‍ രാംകുമാര്‍ (21)എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മംഗലാംകുന്ന്, പനമണ്ണ, കോതകുറുശി, കല്ലുവഴി എന്നിവിടങ്ങളില്‍നിന്നായി പിടികൂടിയത്.

പ്രതികളായ പ്രവീണ്‍ ബിജെപി പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റാണ്. ശ്യാംകുമാര്‍ ആര്‍എസ്എസ് ഒറ്റപ്പാലം മേഖലാ സേവാ പ്രമുഖാണ്. അനൂപ് ബജ്രംഗ്ദള്‍ ഒറ്റപ്പാലം താലൂക്ക് മുന്‍ സംയോജക് ആണ്. പൂക്കോട്ടുകാവില്‍ സിപിഐ എമ്മിനും ഡിവൈഎഫ്ഐക്കും ഉണ്ടായ വളര്‍ച്ചയില്‍ വിറളി പൂണ്ടാണ് ബിജെപി പഞ്ചായത്ത്നേതാക്കളായ പ്രവീണും സുധീഷ്കുമാറും സംഘവും ചേര്‍ന്ന് വിനീഷിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. ഒന്നരമാസമായി സംഘം ഒറ്റപ്പാലം താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ഇരുന്ന് ഗൂഢാലോചനയും പദ്ധതികളും ഒരുക്കിയിരുന്നു. കോട്ടപ്പുറത്തെ ഒറ്റപ്പാലം യുവമോര്‍ച്ചാ നിയോജകമണ്ഡലം ജനറല്‍സെക്രട്ടറിയായ ശ്രീനാഥ്, കിഴൂര്‍ കത്തിരാധയെയും പനമണ്ണ അനൂപിനെയും വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്താന്‍ ഏല്‍പിച്ചത്. തുടര്‍ന്ന് സംഘം വാണിയംകുളത്തുനടന്ന സംഘപരിവാറിന്റെ ഒരു സമ്മേളനസ്ഥലത്തുവച്ച് വിദഗ്ധമായി ആസൂത്രണം ചെയ്താണ് കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച പിടിയിലായ രാംകുമാര്‍ പ്രവീണിനോടൊപ്പം കൊലപാതകഗൂഢാലോചനയില്‍ ഉണ്ടായിരുന്നു. രാംകുമാര്‍ കോഴിക്കോട് ആക്സിസ് ബാങ്കില്‍ ജോലി ചെയ്യുകയാണ്. നാലുതവണയായി 13 പ്രതികളെയാണ് പിടിയികൂടിയത്. സംഘത്തിലെ എല്ലാ പ്രതികളും റിമാന്‍ഡിലായി. കല്ലുവഴി പ്രശാന്ത്(24), കിഴൂര്‍ രാധാകൃഷ്ണന്‍(കത്തി രാധ -25), കല്ലുവഴി സുധീഷ്കുമാര്‍(31), ജിനീഷ്(20), ഷാജുമോന്‍ (25), കോട്ടപ്പുറം ശ്രീനാഥ് (27), കൊലപാതകം നടത്തിയ കാരാട്ടുകുറുശി അജിത്ത്(19), സഞ്ജയ് (19), ബജീഷ്(19) എന്നിവരാണ് റിമാന്‍ഡിലായവര്‍. സംഭവത്തിലെ മുഴുവന്‍ തെളിവുകളും ലഭിച്ചതായി കേസന്വേഷിച്ച സംഘത്തലവന്‍ സിഐ പി ശശികുമാര്‍ പറഞ്ഞു. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് സംഘത്തിന്റെ പൂര്‍ണവിവരങ്ങളും തെളിവുകളും ലഭിച്ചത്. 18 ദിവസത്തിനകം കൊലപാതകസംഘത്തിലെ 13 പ്രതികളെയും പിടികൂടാന്‍ കഴിഞ്ഞു. അന്വേഷകസംഘത്തില്‍ കെ രാമചന്ദ്രന്‍, വിനോദ്, താഹിര്‍, കെ സുനില്‍കുമാര്‍, ഉണ്ണിക്കൃഷ്ണന്‍, ഹക്കീം, എം സി ചാത്തി, എസ്ഐമാരായ അബ്ദുള്‍ലത്തീഫ്, പി അച്യുതാനന്ദന്‍ എന്നിവരും ഉണ്ടായി.

deshabhimani 290412

1 comment:

  1. അട്ടപ്പള്ളം ജങ്ഷനില്‍ നാല് സിഐടിയു പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. അട്ടപ്പള്ളത്തെ സമ്പത്ത്(31), സ്റ്റീഫന്‍(19), ആല്‍ബര്‍ട്ട്(31), പ്രകാശ് എന്ന കോശു(34)എന്നീ സിഐടിയു പ്രവര്‍ത്തകരെയാണ് വെട്ടിയത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

    ReplyDelete