Monday, April 30, 2012

കലിക്കറ്റിലെ സി എച്ച് ചെയറിനും 4.89 കോടി നല്‍കാന്‍ ഉത്തരവ്


കലിക്കറ്റ് സര്‍വകലാശാലയില്‍ വിവാദ ഭൂമിദാനത്തില്‍ ഉള്‍പ്പെട്ട സി എച്ച് മുഹമ്മദ്കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിങ് സൊസൈറ്റിക്കും കോടികള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പിതാവിന്റെ പേരിലുള്ള സ്ഥാപനത്തിന് പഞ്ചായത്തുകള്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മന്ത്രി എം കെ മുനീറിന്റെ വകുപ്പുതന്നെയാണ് ഉത്തരവ് ഇറക്കിയത്. ഓരോ പഞ്ചായത്തും അരലക്ഷം വീതം നല്‍കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് 978 പഞ്ചായത്തുകളാണുള്ളത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ പഞ്ചായത്തുകളും പണം നല്‍കിയാല്‍ പിരിഞ്ഞുകിട്ടുന്നത് 4.89 കോടി രൂപ. മിക്ക പഞ്ചായത്തുകളും പണം നല്‍കിയതായാണ് വിവരം. ഈ ഉത്തരവിലൂടെ എത്ര തുക പിരിച്ചെടുത്തുവെന്ന് ആര്‍ക്കുമറിയില്ല.

തിരുവനന്തപുരത്ത് സി എച്ച് മുഹമ്മദ് കോയ ചാരിറ്റബിള്‍ സെന്ററിന് ആ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളും പണം നല്‍കണമെന്ന തദ്ദേശഭരണ വകുപ്പ് ഉത്തരവ് വിവാദമായതിന് പിറകെയാണ്മറ്റൊരു ഉത്തരവുകൂടി പുറത്തുവന്നത്. കലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമിദാന നീക്കം മന്ത്രി എം കെ മുനീര്‍ ഉള്‍പ്പെടെയുള്ള മുസ്ലിംലീഗ് നേതാക്കളുടെ ഒത്താശയോടെയാണെന്ന് 2011 സെപ്തംബര്‍ ആറിന് ഇറങ്ങിയ ഉത്തരവ് വ്യക്തമാക്കുന്നു. 2011 നവംബര്‍ എട്ടിനാണ് സി എച്ച് മുഹമ്മദ്കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിങ് സൊസൈറ്റീസ് സ്ഥാപിക്കാന്‍ പത്തേക്കര്‍ ആവശ്യപ്പെട്ട് സി എച്ച് ചെയര്‍ ഡയറക്ടര്‍ സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കിയത്. 30 കോടി ചെലവുവരുന്ന പദ്ധതിയുടെ വിശദമായ മാസ്റ്റര്‍പ്ലാനും സമര്‍പ്പിച്ചു. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിന് മുമ്പുതന്നെ പണപ്പിരിവിനുള്ള മാര്‍ഗങ്ങളും ആസൂത്രണം ചെയ്തിരുന്നതായി ഉത്തരവ് വ്യക്തമാക്കുന്നു.

ചെയറുകള്‍ക്ക് ഇരുപത് സെന്റില്‍ കൂടുതല്‍ നല്‍കാന്‍ സര്‍വകലാശാലാ ചട്ടം അനുവദിക്കുന്നില്ല. ഇക്കാര്യം മനസ്സിലാക്കി ഗ്രേസ് അസോസിയേഷന്‍ എന്ന കടലാസ് സംഘടനയുടെ പേരില്‍ പുതിയ അപേക്ഷ മാര്‍ച്ച് 20ന് സമര്‍പ്പിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് ഈ ട്രസ്റ്റിന്റെ ചെയര്‍മാന്‍. ഇത് സ്വീകരിച്ച് പദ്ധതി അംഗീകരിക്കാന്‍ 27ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അനുമതി നല്‍കി. ഭൂമിദാനം വിവാദമായതോടെ സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കി. നിലവില്‍ വാടകക്കെട്ടിടത്തിലാണ് സി എച്ച് ചെയര്‍ പ്രവര്‍ത്തിക്കുന്നത്. ധനസഹായം ആവശ്യപ്പെട്ട് 2011 ജൂലൈ 20നാണ് ചെയര്‍ ഡയരക്ടര്‍ സര്‍ക്കാരിന് കത്ത് എഴുതിയത്. സര്‍വകലാശാലയുടെ കീഴില്‍ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങളെക്കുറിച്ച് പഠനം, ഗവേഷണം, മുതലായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായാണ് കത്തില്‍ അവകാശപ്പെടുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും അടിസ്ഥാന സൗകര്യം ഒരുക്കാനും സഹായിക്കണമെന്നാണ് അഭ്യര്‍ഥന. ഈ കത്തുമാത്രം പരിഗണിച്ചാണ് പഞ്ചായത്തുകള്‍ അരലക്ഷത്തില്‍ കവിയാത്ത തുക തനത് ഫണ്ടില്‍നിന്ന് ധനസഹായമായി നല്‍കണമെന്ന് ഗവണ്‍മെന്റ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ചെയര്‍ ഡയറക്ടര്‍ ധനസഹായം ആവശ്യപ്പെട്ട് എല്ലാ പഞ്ചായത്തുകള്‍ക്കും നേരിട്ട് കത്തയച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ നടത്തിപ്പുകാരെന്നും കത്തിലുണ്ട്. ചെയറിന്റെ കെട്ടിടം, ഗ്രന്ഥാലയം, പശ്ചാത്തല സൗകര്യം എന്നിവക്ക് വലിയ തുക ആവശ്യമായി വരുമെന്നും ഇക്കാര്യത്തില്‍ പണം നല്‍കാന്‍ സര്‍ക്കാരിന്റെ ഉത്തരവുണ്ടെന്നും ഓര്‍മപ്പെടുത്തിയാണ് കത്ത് ചുരുക്കുന്നത്. സംസ്ഥാനത്ത് മുസ്ലിംലീഗ് ഭരണത്തിലുള്ള പഞ്ചായത്തുകളെല്ലാം സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക നല്‍കിയതായാണ് വിവരം. സര്‍വകലാശാലയില്‍ ചെയര്‍ ആരംഭിക്കണമെങ്കില്‍ 25 ലക്ഷം രൂപ കെട്ടിവയ്ക്കണം. ഇതിന്റെ പലിശ ഉപയോഗിച്ചാണ് ചെയറുകളുടെ പ്രവര്‍ത്തനം. സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് എട്ട് ചെയറുകളും സര്‍ക്കാരിന്റെ ഫണ്ട് കൈപ്പറ്റുന്നില്ല. ചരിത്രത്തില്‍ ആദ്യമായാണ് ചെയറിനുവേണ്ടി സര്‍ക്കാര്‍ നേരിട്ട് പണം പിരിക്കുന്നത്.
(ആര്‍ രഞ്ജിത്)

deshabhimani 010512

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയില്‍ വിവാദ ഭൂമിദാനത്തില്‍ ഉള്‍പ്പെട്ട സി എച്ച് മുഹമ്മദ്കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിങ് സൊസൈറ്റിക്കും കോടികള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പിതാവിന്റെ പേരിലുള്ള സ്ഥാപനത്തിന് പഞ്ചായത്തുകള്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മന്ത്രി എം കെ മുനീറിന്റെ വകുപ്പുതന്നെയാണ് ഉത്തരവ് ഇറക്കിയത്. ഓരോ പഞ്ചായത്തും അരലക്ഷം വീതം നല്‍കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് 978 പഞ്ചായത്തുകളാണുള്ളത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ പഞ്ചായത്തുകളും പണം നല്‍കിയാല്‍ പിരിഞ്ഞുകിട്ടുന്നത് 4.89 കോടി രൂപ. മിക്ക പഞ്ചായത്തുകളും പണം നല്‍കിയതായാണ് വിവരം. ഈ ഉത്തരവിലൂടെ എത്ര തുക പിരിച്ചെടുത്തുവെന്ന് ആര്‍ക്കുമറിയില്ല.

    ReplyDelete