Friday, April 27, 2012

തൊഴിലുറപ്പ്: സ്ത്രീകള്‍ക്ക് രാവിലെ 9 മുതലാക്കും


ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തിസമയം സ്ത്രീകള്‍ക്ക് രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് അഞ്ചുവരെയെന്നത് ഒമ്പതുമുതല്‍ അഞ്ചുവരെയാക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവത്തില്‍ പരിഗണിക്കുമെന്ന് ഗ്രാമവികസന മന്ത്രി ജയറാം രമേശ് അറിയിച്ചു. ലോക്സഭയില്‍ പി കരുണാകരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

രാവിലെ എട്ടുമുതല്‍ അഞ്ചുവരെയെന്നത് സ്ത്രീത്തൊഴിലാളികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് പി കരുണാകരന്‍ പറഞ്ഞു. കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 96.4 ശതമാനവും സ്ത്രീകളാണ്. ഇവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സമയക്രമത്തില്‍ മാറ്റം വരുത്തണം-കരുണാകരന്‍ ആവശ്യപ്പെട്ടു. ഗൗരവമുള്ള വിഷയമാണിതെന്ന് ജയറാം രമേശ് പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും സ്ത്രീത്തൊഴിലാളികളാണ് ഏറെയും. തൊഴിലുറപ്പ് നിയമപ്രകാരം വേതനം കിട്ടണമെങ്കില്‍ ഒരാള്‍ ഒമ്പതുമണിക്കൂര്‍ ജോലിയെടുക്കേണ്ടതുണ്ട്. ഒരു മണിക്കൂര്‍ ഭക്ഷണത്തിനുള്ള ഇടവേളയുണ്ട്. ഇത് മിനിമംകൂലി നിയമത്തിലെ വ്യവസ്ഥയാണ്. തൊഴിലുറപ്പ് പദ്ധതിക്കും ഇത് ബാധകമാണ്. ഒമ്പതു മണിക്കൂര്‍ എന്നത് ഏഴു മണിക്കൂറായി കുറയ്ക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പ്രത്യേകിച്ച് കേരളത്തില്‍നിന്ന്. ജോലിസമയം കുറയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും- മന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി അതത് സംസ്ഥാനങ്ങളിലെ മിനിമം കൂലിക്ക് തുല്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് പി കരുണാകരന്‍ ചോദിച്ചു. കേരളത്തില്‍ 200 രൂപയാണ് മിനിമം കൂലിയെന്നും യഥാര്‍ഥത്തില്‍ കിട്ടുന്ന കൂലി 300 രൂപയ്ക്ക് മേലെയാണെന്നും കരുണാകരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള കൂലി 164 രൂപ മാത്രം- കരുണാകരന്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതുകൊണ്ടാണ് മിനിമം കൂലിയില്‍ വര്‍ധന വന്നതെന്ന് ജയറാം രമേശ് പറഞ്ഞു.

തൊഴിലുറപ്പ് കൂലി ഓരോ വര്‍ഷവും പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകത്തൊഴിലാളികള്‍ക്കായുള്ള ഉപഭോക്തൃസൂചികയുമായി തൊഴിലുറപ്പ് കൂലി ബന്ധപ്പെടുത്തും. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് കൂലി ഇപ്പോഴും മിനിമം കൂലിയേക്കാള്‍ കുറവാണ്. ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. സുപ്രീംകോടതിയോട് കേന്ദ്രം വ്യക്തത തേടിയിട്ടുണ്ട്. തൊഴിലുറപ്പ് കൂലിയും മിനിമംകൂലി നിയമപ്രകാരമുള്ള കൂലിയും ബന്ധപ്പെടുത്തിയാല്‍ മറ്റ് പ്രശ്നങ്ങള്‍ ഉയരും. ഇവ പരിഹരിച്ച് തൊഴിലുറപ്പ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്- ജയറാം രമേശ് പറഞ്ഞു.

deshabhimani 270412

1 comment:

  1. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തിസമയം സ്ത്രീകള്‍ക്ക് രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് അഞ്ചുവരെയെന്നത് ഒമ്പതുമുതല്‍ അഞ്ചുവരെയാക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവത്തില്‍ പരിഗണിക്കുമെന്ന് ഗ്രാമവികസന മന്ത്രി ജയറാം രമേശ് അറിയിച്ചു. ലോക്സഭയില്‍ പി കരുണാകരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി

    ReplyDelete