Saturday, April 28, 2012

9000 അമേരിക്കന്‍ സൈനികരെ ഒകിനാവയില്‍നിന്ന് പിന്‍വലിക്കുന്നു


ജപ്പാനിലെ ഒകിനാവയില്‍നിന്ന് അമേരിക്ക 9000 സൈനികരെ പിന്‍വലിച്ച് ഏഷ്യ-പസഫിക് മേഖലയിലെ മറ്റിടങ്ങളില്‍ പുനര്‍വിന്യസിക്കും. അമേരിക്കയിലെയും ജപ്പാനിലെയും സര്‍ക്കാരുകള്‍ക്ക് ഒന്നരപ്പതിറ്റാണ്ടിലേറെയായി തലവേദനയായ ഒരു പ്രശ്നത്തിനാണ് വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ തീരുമാനമായത്. എന്നാല്‍, ഒകിനാവയിലെ ഫൂടെന്മയിലുള്ള അമേരിക്കന്‍ വ്യോമസേനാ താവളം ജനവാസ മേഖലയില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായില്ല. ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹികോ നോഡ അമേരിക്ക സന്ദര്‍ശിച്ച് പ്രസിഡന്റ് ബറാക് ഒബാമയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ ഒകിനാവയില്‍നിന്ന് സൈനികരെ ഭാഗികമായി പിന്‍വലിക്കാനുള്ള തീരുമാനം അറിയിച്ചത്. ജപ്പാനിലുള്ള 47,000 അമേരിക്കന്‍ സൈനികരില്‍ പകുതിയോളം നിലവില്‍ ഒകിനാവയിലാണ്.

1995ല്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ ഒരുസ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തതിനെത്തുടര്‍ന്നാണ് അമേരിക്കന്‍ സേനാ സാന്നിധ്യത്തിനെതിരെ അവിടെ പ്രതിഷേധം ശക്തമായത്. 1945 മുതല്‍ 72 വരെ അമേരിക്കന്‍ അധിനിവേശത്തിലായിരുന്ന ഒകിനാവ ജപ്പാന്റെ മൊത്തം ഭൂവിസ്തൃതിയുടെ ഒരു ശതമാനമേ വരൂ എങ്കിലും ജപ്പാനിലെ അമേരിക്കന്‍ സൈനിക സംവിധാനങ്ങളില്‍ മൂന്നില്‍ ഒന്നും അവിടെയാണ്. ഒകിനാവയില്‍ നിന്ന് പിന്‍വലിക്കുന്ന സൈനികരില്‍ 5000 പേരെ ഗ്വാമില്‍ വിന്യസിക്കും. മറ്റുള്ളവരെ ഹവായി, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ വിന്യസിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ചൈനയ്ക്കും ഉത്തരകൊറിയക്കുമെതിരെ നീക്കങ്ങള്‍ക്ക് സഹായകമായാണ് പുനര്‍വിന്യാസ സ്ഥലങ്ങള്‍ തീരുമാനിച്ചത്. ഗ്വാമിലേക്കുള്ള പുനര്‍വിന്യാസച്ചെലവില്‍ 310 കോടി ഡോളര്‍ വഹിക്കാമെന്ന് ജപ്പാന്‍ ഏറ്റതിനെത്തുടര്‍ന്നാണ് കരാറായത്. മൊത്തം 860 കോടിഡോളറാണ് അമേരിക്കയ്ക്ക് ചെലവുവരുന്നത്. സംയുക്ത പ്രസ്താവന ബുധനാഴ്ച പുറത്തുവിടാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഫൂടെന്മ വ്യോമസേനാ കേന്ദ്രത്തിന്റെ കാര്യത്തിലും തീരുമാനമാകാതെ പുനര്‍വിന്യാസപദ്ധതി അംഗീകരിക്കില്ലെന്ന് പ്രബലരായ ചില അമേരിക്കന്‍ സെനറ്റര്‍മാര്‍ ശഠിച്ചതിനെത്തുടര്‍ന്ന് വൈകുകയായിരുന്നു. ഫൂടെന്മയിലെ വ്യോമസേനാ താവളം മിതോഷ്ണമേഖലയില്‍ ജപ്പാന്റെ മുഖ്യദ്വീപുകള്‍ക്കും തൈവാനുമിടയിലുള്ള ദ്വീപിലേക്ക് മാറ്റണമെന്നായിരുന്നു ആദ്യനിര്‍ദേശമെങ്കിലും പ്രാദേശിക എതിര്‍പ്പാണ് തടസ്സമായത്.

deshabhimani 280412

1 comment:

  1. ജപ്പാനിലെ ഒകിനാവയില്‍നിന്ന് അമേരിക്ക 9000 സൈനികരെ പിന്‍വലിച്ച് ഏഷ്യ-പസഫിക് മേഖലയിലെ മറ്റിടങ്ങളില്‍ പുനര്‍വിന്യസിക്കും. അമേരിക്കയിലെയും ജപ്പാനിലെയും സര്‍ക്കാരുകള്‍ക്ക് ഒന്നരപ്പതിറ്റാണ്ടിലേറെയായി തലവേദനയായ ഒരു പ്രശ്നത്തിനാണ് വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ തീരുമാനമായത്. എന്നാല്‍, ഒകിനാവയിലെ ഫൂടെന്മയിലുള്ള അമേരിക്കന്‍ വ്യോമസേനാ താവളം ജനവാസ മേഖലയില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായില്ല. ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹികോ നോഡ അമേരിക്ക സന്ദര്‍ശിച്ച് പ്രസിഡന്റ് ബറാക് ഒബാമയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ ഒകിനാവയില്‍നിന്ന് സൈനികരെ ഭാഗികമായി പിന്‍വലിക്കാനുള്ള തീരുമാനം അറിയിച്ചത്. ജപ്പാനിലുള്ള 47,000 അമേരിക്കന്‍ സൈനികരില്‍ പകുതിയോളം നിലവില്‍ ഒകിനാവയിലാണ്.

    ReplyDelete