Thursday, April 26, 2012

"ആത്മഹത്യ" കഴിഞ്ഞു, ഇനി ചീഞ്ഞുനാറ്റം


"യുഡിഎഫിലേക്ക് പോകുന്നതിലും ഭേദം ആത്മഹത്യയാണ്, ഞാന്‍ സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം തുടരും, ജനങ്ങളെ സേവിക്കാന്‍ ഒരു പാര്‍ടിയിലും അംഗത്വം ആവശ്യമില്ല"- എംഎല്‍എ സ്ഥാനം രാജിവച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍ സെല്‍വരാജ് പറഞ്ഞ വാക്കുകളാണിത്. പറഞ്ഞതെല്ലാം വിഴുങ്ങി കോണ്‍ഗ്രസ് അംഗത്വം വരിച്ച് സെല്‍വരാജ് "ആത്മഹത്യ"യെ വരിച്ചു. തെരുവില്‍ തമ്മില്‍ത്തല്ലുന്ന യുഡിഎഫിലെ ഘടകകക്ഷി നേതാക്കളും ബുധനാഴ്ച നെയ്യാറ്റിന്‍കരയില്‍ നടന്ന ഈ രാഷ്ട്രീയ "ആത്മഹത്യ"യ്ക്ക് സാക്ഷികളായി. അംഗത്വദാനച്ചടങ്ങ് നടന്ന സ്വദേശാഭിമാനി ടൗണ്‍ഹാളിന് തൊട്ടടുത്തുള്ള റസ്റ്റ്ഹൗസിലാണ് സെല്‍വരാജ് "ആത്മഹത്യാ" പ്രഖ്യാപനം നടത്തിയത്. ഒരുരാത്രി പുലരുന്നതിനിടയില്‍ പൂര്‍ത്തിയാക്കിയ കുതിരക്കച്ചവടത്തിന്റെ തുടര്‍ച്ചയായിരുന്നു റസ്റ്റ് ഹൗസിലെ വാര്‍ത്താസമ്മേളനവും "ആത്മഹത്യാ"പ്രഖ്യാപനവും. എന്നാല്‍,ഇത് തട്ടിപ്പാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവ. ചീഫ്വിപ്പ് പി സി ജോര്‍ജുമായും ചേര്‍ന്ന് സെല്‍വരാജ് നടത്തിയ ചാക്ക് രാഷ്ട്രീയമാണ് രാജിക്ക് പിന്നിലെന്നും അന്നുതന്നെ വ്യക്തമായിരുന്നു. ഇത് ശരിയാണെന്ന് സെല്‍വരാജിന്റെ പിന്നീടുള്ള ഓരോ നീക്കവും ബോധ്യപ്പെടുത്തി. കോണ്‍ഗ്രസ് കൂടാരത്തില്‍ അഭയം തേടിയതോടെ നാടകം പൂര്‍ണമായി. കോണ്‍ഗ്രസില്‍ ചേരാനുള്ള അപേക്ഷ സെല്‍വരാജ് നേരത്തെ നല്‍കിയിരുന്നതായി ചെന്നിത്തല വെളിപ്പെടുത്തുകയുംചെയ്തു.

സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കുന്നതിന് തൊട്ടുമുമ്പ് പുലര്‍ച്ചെ അഞ്ചു മണിയോടെ പി സി ജോര്‍ജും സെല്‍വരാജും മുഖ്യമന്ത്രിയെ രഹസ്യമായി വീട്ടില്‍ചെന്ന് കണ്ടിരുന്നുവെന്ന് സംശയാതീതമായി തെളിഞ്ഞു. സെല്‍വരാജും ജോര്‍ജും തുടരെത്തുടരെ നടത്തിയ ഫോണ്‍വിളികളുടെ ലിസ്റ്റ് പുറത്തുവന്നു. ഗസ്റ്റ്ഹൗസിലെ രഹസ്യകൂടിക്കാഴ്ചയും പുറത്തായി. ഇതെല്ലാം മറച്ചുവച്ച് സിപിഐ എം പീഡിപ്പിച്ചുവെന്ന് പ്രചരിപ്പിച്ച് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനുള്ള നീക്കം തുടക്കത്തിലേ പാളി.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായിരിക്കെ ഒരു ഘട്ടത്തിലും ഇത്തരം ഒരു പരാതിയും ഉന്നയിച്ചിരുന്നില്ല. തന്റെ കൂടെയുള്ളവരുടെ പാര്‍ടി അംഗത്വം പുതുക്കിയില്ലെന്ന കള്ളം തട്ടിവിട്ടു. എന്നാല്‍, അപ്പോഴും പാര്‍ടി അംഗത്വം പുതുക്കുന്ന പ്രക്രിയ പൂര്‍ത്തിയായിരുന്നില്ല. സംസ്ഥാന സമ്മേളന പ്രതിനിധിയാക്കിയില്ലെന്നായിരുന്നു മറ്റൊരു പരാതി. എന്നാല്‍, കഴിഞ്ഞതവണ എംഎല്‍എയായിരിക്കുമ്പോഴും പങ്കെടുത്തിരുന്നില്ല. മാത്രമല്ല, എംഎല്‍എയെന്നോ, എംപിയെന്നോ ഉള്ള തെരഞ്ഞെടുക്കപ്പെട്ട പദവികളല്ല പാര്‍ടിസമ്മേളനത്തില്‍ പ്രതിനിധിയാക്കുന്നതിനുള്ള മാനദണ്ഡം. അതേസമയം, തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനം എന്ന നിലയില്‍ സ്വാഗതസംഘത്തിന്റെ ഭാഗമായിരുന്നു സെല്‍വരാജ്. ഈ ഘട്ടത്തിലൊന്നും സെല്‍വരാജിന് ഒരു പരിഭവവും ഉണ്ടായിരുന്നില്ല. രാജിവയ്ക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസംപോലും നിയമസഭയില്‍ സന്നിഹിതനായിരുന്നു. അന്നുള്‍പ്പെടെ സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സെല്‍വരാജുമായി ആശയവിനിമയം നടത്തിയിരുന്നു.

ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും പാര്‍ടിക്കാര്യങ്ങള്‍ക്കുമായിരുന്നു ഈ ആശയവിനിമയം. അന്നൊന്നും ആരോടും സെല്‍വരാജിന് പരിഭവമില്ലായിരുന്നു. എന്നിട്ടും പാര്‍ടി പീഡിപ്പിച്ചതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്ന നുണക്കഥ പ്രചരിപ്പിച്ചു. പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ ലക്ഷ്യംവച്ചാണ് രാജിസമയം തീരുമാനിച്ചത്. ഇതൊക്കെ മറച്ചുവച്ച് സെല്‍വരാജ് പ്രചരിപ്പിച്ച നുണക്കഥകളാണ് "ആത്മഹത്യ"യിലൂടെ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നത്.

deshabhimani 260412

1 comment:

  1. "യുഡിഎഫിലേക്ക് പോകുന്നതിലും ഭേദം ആത്മഹത്യയാണ്, ഞാന്‍ സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം തുടരും, ജനങ്ങളെ സേവിക്കാന്‍ ഒരു പാര്‍ടിയിലും അംഗത്വം ആവശ്യമില്ല"- എംഎല്‍എ സ്ഥാനം രാജിവച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍ സെല്‍വരാജ് പറഞ്ഞ വാക്കുകളാണിത്. പറഞ്ഞതെല്ലാം വിഴുങ്ങി കോണ്‍ഗ്രസ് അംഗത്വം വരിച്ച് സെല്‍വരാജ് "ആത്മഹത്യ"യെ വരിച്ചു. തെരുവില്‍ തമ്മില്‍ത്തല്ലുന്ന യുഡിഎഫിലെ ഘടകകക്ഷി നേതാക്കളും ബുധനാഴ്ച നെയ്യാറ്റിന്‍കരയില്‍ നടന്ന ഈ രാഷ്ട്രീയ "ആത്മഹത്യ"യ്ക്ക് സാക്ഷികളായി.

    ReplyDelete