Thursday, April 26, 2012

മനുഷ്യസാഗരത്തില്‍ അണിചേരുക: സിപിഐ എം


ജീവനും സ്വത്തിനും സംരക്ഷണം തേടി മത്സ്യത്തൊഴിലാളികള്‍ 28നു തീര്‍ക്കുന്ന മനുഷ്യസാഗരം വന്‍ വിജയമാക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ജീവഭയം കൂടാതെ ദൂരക്കടലില്‍ മത്സ്യബന്ധനം നടത്താനുള്ള സാഹചര്യത്തിനായി കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നതാണ് ആവശ്യം. ഇതിനുവേണ്ടി കക്ഷിരാഷ്ട്രീയ- ജാതിമതഭേദമെന്യേ കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മനുഷ്യസാഗരം. കന്യാകുമാരി ജില്ലയിലെ ഇരയിമ്മന്‍തുറ മുതല്‍ മഞ്ചേശ്വരം വരെയുള്ള തീരദേശത്താണ് 28ന് വൈകിട്ട് മനുഷ്യസാഗരം തീര്‍ക്കുന്നത്.

വിദേശ കമ്പനികളുടെ ആഴക്കടല്‍ മത്സ്യബന്ധനക്കപ്പലുകള്‍ തീരക്കടലിലെത്തി വന്‍തോതില്‍ മീന്‍ കോരിക്കൊണ്ടുപോകുകയും നാടന്‍ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഭീഷണിയാകുകയും ചെയ്തപ്പോള്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഒരുദശകം മുമ്പുമുതലേ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. നവഉദാരവല്‍ക്കരണ സാമ്പത്തികനയത്തിന്റെ ഫലമായാണ് വിദേശക്കമ്പനികളുടെ ആഴക്കടല്‍ മത്സ്യബന്ധനം ഉണ്ടായത്. ഈ സാമ്പത്തികനയത്തിന്റെ തന്നെ ഉല്‍പ്പന്നമായാണ് കോര്‍പറേറ്റുകളുടെ ചരക്കുകപ്പലുകള്‍ കൂടുതല്‍ ലാഭം ലക്ഷ്യമിട്ട് കപ്പല്‍ചാലുകള്‍ വിട്ട് കേരളത്തിന്റെ തീരക്കടലില്‍ പ്രവേശിക്കുന്നത്. ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നു. എന്നാല്‍, ആ കപ്പല്‍ ദിവസങ്ങള്‍ക്കുശേഷമാണ് കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്. അതുതന്നെ സംസ്ഥാനത്തുയര്‍ന്ന അതിശക്തമായ പ്രതിഷേധം കാരണമാണ്. പക്ഷേ, കേന്ദ്രസര്‍ക്കാരിന്റെ കള്ളക്കളി ഇപ്പോഴും തുടരുന്നുവെന്നാണ് സുപ്രീംകോടതിയിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അന്തര്‍ദേശീയ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്.

പ്രഭുദയ എന്ന ഇന്ത്യന്‍ ചരക്കുകപ്പല്‍ മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതകര്‍ത്ത് അഞ്ചു മത്സ്യത്തൊഴിലാളികളെ കശാപ്പുചെയ്തു. ചരക്കുകപ്പലുകള്‍ അതിക്രമിച്ചു കടന്ന് ആക്രമണവും കൊലയും നടത്തുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് മുഖ്യ ഉത്തരവാദിത്തമുണ്ട്. നാടിന്റെ സമ്പദ്ഘടനയില്‍ അതിപ്രധാനമാണ് മത്സ്യബന്ധനമേഖലയും അതിലെ വരുമാനവും. നാടിനെ സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ് മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും മനുഷ്യസാഗരത്തിലൂടെ നടത്തുന്നത്. അതു കണക്കിലെടുത്ത് പ്രക്ഷോഭത്തില്‍ അണിചേരാന്‍ മുഴുവന്‍ ജനങ്ങളോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 260412

1 comment:

  1. ജീവനും സ്വത്തിനും സംരക്ഷണം തേടി മത്സ്യത്തൊഴിലാളികള്‍ 28നു തീര്‍ക്കുന്ന മനുഷ്യസാഗരം വന്‍ വിജയമാക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ജീവഭയം കൂടാതെ ദൂരക്കടലില്‍ മത്സ്യബന്ധനം നടത്താനുള്ള സാഹചര്യത്തിനായി കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നതാണ് ആവശ്യം. ഇതിനുവേണ്ടി കക്ഷിരാഷ്ട്രീയ- ജാതിമതഭേദമെന്യേ കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മനുഷ്യസാഗരം. കന്യാകുമാരി ജില്ലയിലെ ഇരയിമ്മന്‍തുറ മുതല്‍ മഞ്ചേശ്വരം വരെയുള്ള തീരദേശത്താണ് 28ന് വൈകിട്ട് മനുഷ്യസാഗരം തീര്‍ക്കുന്നത്.

    ReplyDelete