Wednesday, April 25, 2012

അല്‍പ്പത്തം മന്ത്രിക്കുപ്പായമിടുമ്പോള്‍


പള്‍സ് പോളിയോ തുള്ളിമരുന്നുവിതരണത്തിെന്‍റ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ജില്ലയിലെ തലമുതിര്‍ന്ന കേരളകോണ്‍ഗ്രസ് നേതാവ് സി എഫ് തോമസിന്റെ സ്ഥിതി തളര്‍വാതം ബാധിച്ചവനെക്കാള്‍ കഷ്ടമായിപ്പോയി. മന്ത്രിക്കുപ്പായമിട്ട അല്‍പ്പത്തമല്ലേ അദ്ദേഹത്തിനു നേരിട്ടുകാണേണ്ടി വന്നത്. തുള്ളിമരുന്നു വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആദ്യഘട്ടവിതരണത്തിന്റെ സമയത്ത് അന്നത്തെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ചതാണ്. രണ്ടാം ഘട്ടമായതിനാലാണ് ചെറിയ ചടങ്ങെന്ന നിലയില്‍ ഉല്‍ഘാടകനായി എംഎല്‍എയായ സി എഫിനെ ക്ഷണിച്ചത്. അദ്ദേഹത്തിന്റെ പേര് വച്ച് നോട്ടീസടിച്ച് വിതരണവും നടത്തി. എന്നാല്‍ സമയമായപ്പോള്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്നു ഫോണ്‍. "നിങ്ങളെന്താണ് ആഭ്യന്തരമന്ത്രിയെക്കൊണ്ട് ഉല്‍ഘാടനം ചെയ്യിക്കാത്തതെന്ന്" ചോദ്യം. പിന്നെ ഭീഷണിയും. തുടര്‍ന്ന് കോണ്‍ഗ്രസ് അനുകൂല എന്‍ ജി ഒ സംഘടനയുടെ വീതമായി ഭീഷണി. സംഘാടകരില്‍ ചിലര്‍ എണീറ്റുനിന്ന് ഫോണെടുത്തു, ചിലര്‍ ചൂളി, ചിലര്‍ കിടുകിടാ വിറച്ചു. ഒടുവില്‍ തനിക്ക് ഒരു മിനിറ്റേ സമയമുള്ളെന്നു പറഞ്ഞ് "വിനയാന്വിതനായി" മന്ത്രിയെത്തി. ഒരു കുഞ്ഞിന്റെ വായിലേക്ക് മരുന്ന് പകര്‍ന്ന് മടങ്ങി. കാമറകള്‍ മിന്നി. പാവം സിഎഫ് തോമസ് കാഴ്ചക്കാരനായി വേദിയിലിരുന്നു.

ഈ ചെറിയ ചടങ്ങിന് മന്ത്രിക്ക് ഇതിന്റെയൊക്കെ ആവശ്യമുണ്ടോയെന്ന് മനസിലും സഹപ്രവര്‍ത്തകരുടെ ചെവിയിലും പറഞ്ഞ് സംഘാടകരും പിരിഞ്ഞു. ഘടകകക്ഷിയായ കേരളകോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായ സി എഫ് തോമസ് ഇപ്പോള്‍ മന്ത്രിയല്ലെങ്കിലും പലതവണ മന്ത്രിയായിരുന്നയാളാണ്. ഒരുപക്ഷെ ആഭ്യന്തരമന്ത്രിയെക്കാള്‍ കൂടുതല്‍ കാലവും തവണയും. നിസാരലാഭത്തിന് ഒരാളെ അപമാനിക്കുമ്പോള്‍ അതുപോലും മന്ത്രി ഓര്‍ത്തില്ല.

*
പാലത്തിന് വീണ്ടും ശിലയിട്ട് ജനങ്ങളുടെ സാമാന്യബുദ്ധി പരീക്ഷിക്കുന്ന ചടങ്ങാണ് വേളൂര്‍ പാണമ്പടിയില്‍ നടന്നത്. പാണമ്പടി സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിക്കുമുന്നില്‍ പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചാലിയാര്‍ പുഴയില്‍ 2009 നവമ്പര്‍ മൂന്നിന് കടത്തുവഞ്ചി മുങ്ങി എട്ടു സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തെത്തുടര്‍ന്നാണ് ഇവിടെ പാലം പണിയാനുള്ള സാധ്യത തുറന്നത്. വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന കടവുകളില്‍ പാലം നിര്‍മിക്കാന്‍ അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. അന്ന് എം എല്‍ എ യായിരുന്ന വി എന്‍ വാസവന്‍ എല്ലാ തടസങ്ങളും മറികടന്ന് പാലംപണിക്കുള്ള ഉത്തരവ് നേടിയെടുക്കുകയായിരുന്നു.

എന്നാല്‍ പാലംപണിക്ക് മുന്‍കൈയെടുത്തത് വാസവനാണ് എന്നതുകൊണ്ടുമാത്രം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അത് മുന്നോട്ടുകൊണ്ടുപോകാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തയ്യാറായില്ല. ഉമ്മന്‍ചാണ്ടിയുടെ ബന്ധുവായ ഐഎന്‍ടിയുസി നേതാവിന്റെയും ചില കോണ്‍ഗ്രസ് നേതാക്കളുടെയും നേതൃത്വത്തില്‍ "പാലംവലിക്കാന്‍" ശ്രമമുണ്ടായി. ഒടുവില്‍ ജനവികാരം എതിരാകുമെന്ന് ഉറപ്പായതോടെ പുതിയ വാദങ്ങളുമായെത്തി വീണ്ടും തറക്കല്ലിടുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാലംപണിക്ക് ഉത്തരവില്ലായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും "ജിഎസും എഎസും" ഒന്നുമില്ലായിരുന്നെന്നുമൊക്കെയാണ് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി തട്ടിവിട്ടത്. മുന്‍ എംഎല്‍എ പള്ളിവികാരിയെ കബളിപ്പിച്ചെന്നാണ് മന്ത്രിയുടെ ഒരു കിങ്കരന്‍ യോഗത്തില്‍ പ്രസംഗിച്ചത്. ജില്ലാ കലക്ടര്‍ അടക്കം പങ്കെടുത്ത ചടങ്ങിലായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാലത്തിന് ശിലയിട്ടത്. ഉത്തരവില്ലാത്ത പദ്ധതിയുടെ ഉദ്ഘാടനത്തിന് കലക്ടര്‍ പങ്കെടുക്കില്ലെന്ന് മനസിലാക്കാനുള്ള വിവരം നാട്ടുകാര്‍ക്കുണ്ടെന്നെങ്കിലും മന്ത്രി ഓര്‍ക്കണമായിരുന്നു. ഉത്തരവില്ലെങ്കില്‍ എങ്ങനെയായിരുന്നു ഉദ്യോഗസ്ഥര്‍ പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചത് എന്ന സംശയവും നാട്ടുകാര്‍ക്ക് ബാക്കിയായി.

എങ്കിലും ആരും പ്രതിഷേധിച്ചല്ല. കാരണം മന്ത്രിക്ക് "അര്‍ധരാത്രിക്ക് കുടചൂടി"ക്കൊടുത്തിട്ടായാലും വേണ്ടില്ല പാലം ഇവിടെ അനിവാര്യമാണ്. രണ്ടാമത്തെ ശിലയിടലിന്, വിശ്വാസികള്‍ പങ്കെടുക്കണമെന്ന് പള്ളിയില്‍ വിളിച്ചുപറഞ്ഞിട്ടുപോലും ആകെയെത്തിയത് 40 പേര്‍. അതില്‍ത്തന്നെ ഇരുപതോളംപേര്‍ മന്ത്രിയെ അനുഗമിച്ചെത്തിയ വര്‍. കലക്ടര്‍ പോലും ഇല്ലാതിരുന്ന ചടങ്ങിന്റെ വേദിയില്‍ ഉണ്ടായിരുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ മാത്രം. എങ്കിലും എട്ടോളം പൊലീസ് വാഹനങ്ങളുടെ പ്രൗഢിയിലായിരുന്നു മന്ത്രിയുടെ വരവ്

deshabhimani 250412

1 comment:

  1. ഈ ചെറിയ ചടങ്ങിന് മന്ത്രിക്ക് ഇതിന്റെയൊക്കെ ആവശ്യമുണ്ടോയെന്ന് മനസിലും സഹപ്രവര്‍ത്തകരുടെ ചെവിയിലും പറഞ്ഞ് സംഘാടകരും പിരിഞ്ഞു. ഘടകകക്ഷിയായ കേരളകോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായ സി എഫ് തോമസ് ഇപ്പോള്‍ മന്ത്രിയല്ലെങ്കിലും പലതവണ മന്ത്രിയായിരുന്നയാളാണ്. ഒരുപക്ഷെ ആഭ്യന്തരമന്ത്രിയെക്കാള്‍ കൂടുതല്‍ കാലവും തവണയും. നിസാരലാഭത്തിന് ഒരാളെ അപമാനിക്കുമ്പോള്‍ അതുപോലും മന്ത്രി ഓര്‍ത്തില്ല.

    ReplyDelete