Friday, April 27, 2012

ലീഗിന്റെയും ആര്‍എസ്എസ്സിന്റെയും ആയുധ പരിശീലനം അന്വേഷിക്കണം: പി ജയരാജന്‍


വിലക്കു ലംഘിച്ച് സ്കൂളില്‍ ആര്‍എസ്എസ് സായുധക്യാമ്പ്

കണ്ണൂര്‍: നിയമം ലംഘിച്ച് സ്കൂളില്‍ ആര്‍എസ്എസിന്റെ ആയുധപരിശീലനക്യാമ്പ്. കൂത്തുപറമ്പ് ഹൈസ്കൂളിലാണ് കഴിഞ്ഞ 16 മുതല്‍ സായുധപരിശീലനം നടക്കുന്നത്. ആയുധങ്ങളുമായി വളണ്ടിയര്‍മാര്‍ കാവല്‍ നില്‍ക്കുന്ന സ്കൂള്‍ അങ്കണത്തിലേക്ക് നാട്ടുകാര്‍ക്ക് പ്രവേശനമില്ല. അധ്യാപകരെയും വിദ്യാര്‍ഥികളെയും ദേഹപരിശോധന നടത്തിയാണ് അകത്തുകടത്തുന്നത്. പരസ്യമായ നിയമലംഘനത്തിനെതിരെ വിദ്യാഭ്യാസവകുപ്പും നടപടിയെടുക്കുന്നില്ല. പ്രാഥമിക ശിക്ഷാവര്‍ഗ് എന്ന പേരിലാണ് ക്യാമ്പ്. എറണാകുളം മുതല്‍ കാഞ്ഞങ്ങാടുവരെയുള്ള 750 ആര്‍എസ്എസ്സുകാര്‍ പങ്കെടുക്കുന്നു. അന്യസംസ്ഥാനക്കാരാണ് പരിശീലകര്‍. സ്കൂളിനകത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പരിശീലനം. സംസ്ഥാന- ജില്ലാ നേതാക്കളും ക്യാമ്പ് സന്ദര്‍ശിക്കുന്നു.

സ്കൂളുകള്‍ സാമൂഹ്യാവശ്യങ്ങള്‍ക്കും പരിപാടികള്‍ക്കും വിട്ടുനല്‍കാന്‍ അനുമതിയുണ്ട്. ആയുധപരിശീലനം പോലെയുള്ളവയ്ക്ക് നല്‍കുന്നതിന് കടുത്ത വിലക്കുണ്ട്. ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ ഭരണസമിതിയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ്സും കോണ്‍ഗ്രസുമാണ്. മാനേജരും ചില അധ്യാപകരുമാണ് ആര്‍എസ്എസിന് വേദിയൊരുക്കാന്‍ ഉത്സാഹിക്കുന്നത്. പ്രമോഷന്‍ പട്ടിക തയ്യാറാക്കാനും മറ്റും വരുന്ന അധ്യാപകരെയും പഠനാവശ്യങ്ങള്‍ക്കെത്തുന്ന വിദ്യാര്‍ഥികളെയും ദേഹപരിശോധനക്ക് വിധേയമാക്കുന്നതിനെ സ്കൂള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു. സ്കൂള്‍ സ്ഥിതിചെയ്യുന്ന തൊക്കിലങ്ങാടിയും പരിസരവും ആര്‍എസ്എസ്സുകാരുടെ നിയന്ത്രണത്തിലാണ്. അപരിചിതര്‍ പ്രദേശങ്ങളില്‍ റോന്തുചുറ്റുന്നു. നാട്ടുകാരും പരിസരവാസികളും ഭീതിയിലാണ്.

ലീഗിന്റെയും ആര്‍എസ്എസ്സിന്റെയും ആയുധ പരിശീലനം അന്വേഷിക്കണം: പി ജയരാജന്‍

കണ്ണൂര്‍: ലീഗിന്റെയും ആര്‍എസ്എസ്സിന്റെയും ആയുധപരിശീലനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായും മറ്റു ജില്ലകളില്‍ ചിലയിടങ്ങളിലും ആയുധപരിശീലനം നടത്താനും ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനുമുള്ള ആപല്‍ക്കരമായ നീക്കമാണ് ലീഗ് നേതൃത്വം നടത്തുന്നത്. അടുത്ത ദിവസങ്ങളില്‍ ആര്‍എസ്എസ്സും ആയുധപരിശീലനം നടത്തുന്നതായാണ് പത്രവാര്‍ത്ത. ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനും തീവ്രവാദി മോഡല്‍ ആക്രമണങ്ങള്‍ നടത്തി ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുമാണ് ഈ നിക്ഷിപ്ത താല്‍പര്യക്കാര്‍ തുനിഞ്ഞിറങ്ങുന്നത്.

പന്നിയൂരില്‍ 20 ലധികം ആളുകള്‍ക്ക് ആയുധപരിശീലനം നല്‍കി ഒരു ക്വട്ടേഷന്‍ സംഘത്തെ വളര്‍ത്തിയെടുക്കാനാണ് ലീഗ് നേതൃത്വം പരിശ്രമിക്കുന്നത്. മുസ്ലിം ജനവിഭാഗത്തിന്റെ രാഷ്ട്രീയ പാര്‍ടി എന്ന നിലവിട്ട് അങ്ങേയറ്റം തീവ്രവാദപരമായ നിലപാടുകളാണ് ലീഗ് നേതൃത്വം ഇപ്പോള്‍ സ്വീകരിക്കുന്നത്. കണ്ണൂര്‍ അഞ്ചുകണ്ടിയിലെ ക്വട്ടേഷന്‍ സംഘത്തിന് നേതൃത്വം കൊടുക്കുന്ന ലീഗ് നേതാക്കളില്‍ ഒരു മുനിസിപ്പല്‍ കൗണ്‍സില്‍ ഭാരവാഹികൂടി ഉണ്ടെന്ന പത്രവാര്‍ത്ത സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ് കണ്ണൂര്‍ സിറ്റി പൊലീസ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം അണികള്‍ എന്‍ഡിഎഫ് പോലുള്ള അതിതീവ്രവാദ സംഘടനകളിലേക്ക് ചേക്കേറുമ്പോള്‍ മതനിരപേക്ഷ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഉള്ളവരാണ് തങ്ങള്‍ എന്ന നാട്യം പോലും ഉപേക്ഷിച്ച് മതതീവ്രവാദത്തിന്റെ ആപല്‍ക്കരമായ വക്താക്കളായി ജില്ലയിലെ ലീഗ് നേതൃത്വം മാറി. അധ്യാപകനായാലും ഉദ്യോഗസ്ഥരായാലും മുസ്ലിം സ്ത്രീകളോട് മറ്റു മതത്തില്‍പെട്ട പുരുഷന്മാര്‍ സംസാരിച്ചുകൂടാ എന്ന ഹീനമായ നിലപാടിന് ലീഗ് നേതൃത്വവും കൂട്ടുനില്‍ക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഫണ്ട് ശേഖരണത്തിന് മുസ്ലിം പള്ളികളെ ഉപയോഗപ്പെടുത്തുന്നതും ലീഗിന്റെ മതമൗലികവാദ നിലപാട് തന്നെയാണ് വ്യക്തമാക്കുന്നത്. ബഹുജനാഭിപ്രായം തങ്ങള്‍ക്കെതിരായി മാറുകയാണെന്ന് ലീഗ് നേതൃത്വം മനസ്സിലാക്കി തുടങ്ങിയതുകൊണ്ടാണ് മതേതര പാര്‍ടിയാണെന്നു പറയാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായത്. ഈ പറച്ചിലില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളേയും സദാചാര പൊലീസിനേയും തള്ളിപ്പറയണം.

കശ്മീരിലെ മതതീവ്രവാദികള്‍ക്ക് പണം നല്‍കാന്‍ കവര്‍ച്ച നടത്തുന്നതിനുപോലും കണ്ണൂരില്‍ സംരക്ഷണം ലഭിക്കുന്നത് ലീഗിന്റെ ഭഭരണപങ്കാളിത്തവും പൊലീസിന്റെ നിഷ്ക്രിയത്വവും മൂലമാണ്. ഇത്തരം ഹീനമായ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ ബഹുജനാഭിപ്രായം ഉയര്‍ന്നു വരണം. ലീഗിന് അടിയറവു പറയുന്ന കോണ്‍ഗ്രസ് നയം ഉപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ലീഗിന്റെ മതതീവ്രവാദ നിലപാടുകള്‍ ഹിന്ദു തീവ്രവാദികള്‍ക്ക് പ്രോത്സാഹനമായി മാറുകയാണ്. 2001-2006 കാലത്ത് കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കൊലപാതകങ്ങള്‍ പോലുള്ള അനിഷ്ട സംഭവങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുക.

എല്ലാവിലക്കുകളും ലംഘിച്ച് കൂത്തുപറമ്പ് ഹൈസ്കൂളില്‍ ആര്‍ എസ്എസ് ആയുധ പരിശീലനം നടത്തുന്നത് ആപല്‍ക്കരമായ സംഘര്‍ഷങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ടാണ്. സ്കൂളുകള്‍ ആയുധ പരിശീലനത്തിന് നല്‍കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. ഈ ഉത്തരവ് കാറ്റില്‍ പറത്തിക്കൊണ്ടാണ് കോണ്‍ഗ്രസിന്റെ മാനേജ്മെന്റിലുള്ള സ്കൂളില്‍ ആയുധ പരിശീലനം നടത്തുന്നത്. സ്കൂളില്‍ പ്രവേശിക്കുന്ന അധ്യാപകരേയും മറ്റും ദേഹപരിശോധന നടത്തിയാണ് ആര്‍എസ്എസ് വളണ്ടിയര്‍മാര്‍ അകത്തേക്ക് കടത്തി വിടുന്നത്. വര്‍ഗീയത കൈയ്യാളുന്ന ഇത്തരം ഛിദ്രശക്തികളെ ഒറ്റപ്പെടുത്താന്‍ ബഹുജനങ്ങളും പത്രമാധ്യമങ്ങളും നിതാന്ത ജാഗ്രത പുലര്‍ത്തണം. ഇത്തരം വര്‍ഗീയ- തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊലീസ് അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി കൃഷ്ണന്‍, കാരായി രാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 270412

1 comment:

  1. ലീഗിന്റെയും ആര്‍എസ്എസ്സിന്റെയും ആയുധപരിശീലനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായും മറ്റു ജില്ലകളില്‍ ചിലയിടങ്ങളിലും ആയുധപരിശീലനം നടത്താനും ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനുമുള്ള ആപല്‍ക്കരമായ നീക്കമാണ് ലീഗ് നേതൃത്വം നടത്തുന്നത്. അടുത്ത ദിവസങ്ങളില്‍ ആര്‍എസ്എസ്സും ആയുധപരിശീലനം നടത്തുന്നതായാണ് പത്രവാര്‍ത്ത. ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനും തീവ്രവാദി മോഡല്‍ ആക്രമണങ്ങള്‍ നടത്തി ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുമാണ് ഈ നിക്ഷിപ്ത താല്‍പര്യക്കാര്‍ തുനിഞ്ഞിറങ്ങുന്നത്.

    ReplyDelete