Wednesday, April 25, 2012

കടല്‍ക്കൊല: കുടുംബങ്ങള്‍ക്ക് ഒരുകോടിവീതം നല്‍കി


ഇറ്റാലിയന്‍ സൈനികര്‍ മത്സ്യതൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ നഷ്ടപരിഹാരക്കേസ് ഒത്തുതീര്‍പ്പായി. ഹൈക്കോടതി ലോക് അദാലത്തിലാണ് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ വീതവും ബോട്ടുടമയ്ക്ക് 17 ലക്ഷം രൂപയും നല്‍കി ഇറ്റാലിയന്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലെത്തിയത്. ഒത്തുതീര്‍പ്പുപ്രകാരമുള്ള തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ ഇന്ത്യയിലെ ഇറ്റാലിയന്‍ കോണ്‍സുലര്‍ ജനറല്‍ ജിയാങ് പൗലോ കുട്ടിലോ കൈമാറി. ഇതോടൊപ്പം കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജികളും ഒത്തുതീര്‍ന്നു. വെടിവയ്പുകേസിലെ അന്വേഷണ അപാകം ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ ഡോറ, അജീഷ്പിങ്കിന്റെ സഹോദരിമാരായ അഭിനയ, അഗുണ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഇറ്റാലിയന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരം പിന്‍വലിച്ചു.

എന്നാല്‍ വെടിവയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍നിന്ന് 33 നോട്ടിക്കല്‍ മൈല്‍ അകലെയാണെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥയിലെ പരാമര്‍ശം സ്വീകാര്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കരാറില്‍ സര്‍ക്കാരിനെ കക്ഷിചേര്‍ത്തിട്ടില്ലെന്നും ഇത്തരം വ്യവസ്ഥകള്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍ ഇറ്റാലിയന്‍ സര്‍ക്കാരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ സര്‍ക്കാരിന് ബാധകമല്ലെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാമെന്നും ജസ്റ്റിസ് എ എം ഷെഫീക്ക് വ്യക്തമാക്കി.

കടലിലെ വെടിവയ്പുകേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ എതിര്‍സത്യവാങ്മൂലം പിന്‍വലിക്കാനും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയുടെ അനുമതി തേടി. ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു. എതിര്‍ സത്യവാങ്മൂലം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടു. വാദം പൂര്‍ത്തിയാക്കി വിധി പറയാനിരിക്കേ കോടതിയില്‍ പ്രത്യേക പരാമര്‍ശം നടത്തുകയായിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത് എന്തിനെന്ന് ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ ആരാഞ്ഞു. പരമാധികാര രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കമെന്ന നിലയിലാണ് സുപ്രീം കോടതിയെ നേരിട്ട് സമീപിച്ചതെന്നും ഇറ്റാലിയന്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുഗൈല്‍ ദത്ത് മറുപടി നല്‍കി.

വെടിവയ്പുസംഭവം ഉണ്ടായതില്‍ സങ്കടമുണ്ടെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ രേഖാമൂലം കോടതിയെ അറിയിച്ചു. ഈ രേഖ സമര്‍പ്പിച്ചാല്‍ മാത്രമേ നഷ്ടപരിഹാരക്കേസ് ഒത്തുതീര്‍പ്പാവൂ എന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതിനിധി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ രേഖ കോടതിയില്‍ സമര്‍പ്പിച്ചത്.

deshabhimani 250412

No comments:

Post a Comment