Friday, April 27, 2012

"എന്റെ രാഷ്ട്രീയംഈ മണ്ണില്‍നിന്ന് "


മെയ് ഏഴായാല്‍ ഞാന്‍ പാപ്പിനിശേരിയോടു യാത്രപറഞ്ഞതിന് അരനൂറ്റാണ്ട് തികയും. ഈ മണ്ണിന്റെ നീരും വെളിച്ചവുമാണ് എന്റെ രാഷ്ട്രീയപാഠം." ജന്മനാടായ പാപ്പിനിശേരിയില്‍ അരനൂറ്റാണ്ടിനുശേഷം ആദ്യമായി പൊതുചടങ്ങില്‍ സംസാരിക്കുകയാണ് തൊഴിലാളിവര്‍ഗത്തിന്റെ അമരക്കാരനായ എ കെ പത്മനാഭന്‍. ജ്യോതിബസു അന്തരിച്ചപ്പോള്‍ കീച്ചേരിയിലെ അനുശോചനച്ചടങ്ങില്‍ രണ്ടുവാക്ക് പറഞ്ഞതൊഴിച്ചാല്‍ പൊതുവേദി ഇതാദ്യം. തിങ്ങിനിറഞ്ഞ നാട്ടുകാര്‍ തങ്ങള്‍ക്കിടയില്‍നിന്ന് ഉയര്‍ന്ന നേതാവിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു. നേരിയ ചാറ്റല്‍മഴക്കൊപ്പം എ കെ പിയുടെ ഓര്‍മകളും നിറഞ്ഞുപെയ്തപ്പോള്‍ പാപ്പിനിശേരിക്ക് അവിസ്മരണീയ സായാഹ്നം.

തൊഴില്‍ തേടി മദിരാശിയിലേക്ക് വണ്ടികയറുന്നതിനുമുമ്പ് കെഎസ്എഫിന്റെ ജില്ലാസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അച്ഛന്‍ കുഞ്ഞിരാമന്‍നമ്പ്യാര്‍ അപ്പുവിന്റെ ചായക്കടയിലിരുന്ന് ഗൗരവത്തില്‍ രാഷ്ട്രീയചര്‍ച്ച നടത്തിയിരുന്ന ആളാണെന്നറിയാം. ജനിച്ച നാടിന്റെ രീതികളില്‍നിന്ന് സ്വായത്തമാക്കിയ രാഷ്ട്രീയം മാത്രം പരിചയം. എന്നാല്‍ തമിഴ്നാട്ടിലെത്തിയ ഉടന്‍ രാഷ്ട്രീയത്തില്‍ സജീവമായി. പാര്‍ടി അംഗവുമായി. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്റെ പിന്നണിയിലും പ്രവര്‍ത്തിച്ചു. പാര്‍ടി ഏല്‍പ്പിച്ച കടമകള്‍ നിര്‍വഹിച്ചുതുടങ്ങിയതോടെ കൂടുതല്‍ സജീവമായി.

1983ല്‍ അച്ഛന്‍ മരിച്ചപ്പോള്‍ കോഴിക്കോട്ടുനിന്ന് ഉണ്ണീരിക്കുട്ടിയമ്മ ജാനകിയമ്മയ്ക്ക് അയച്ച കത്തിന് മറുപടി അയച്ചപ്പോള്‍ ലഭിച്ച കത്തില്‍നിന്നാണ് അച്ഛന്റെ കോഴിക്കോട്ടെ പ്രവര്‍ത്തനരീതികളും പ്രഭാതം പത്രവിതരണവുമൊക്കെ അറിയുന്നത്. കഞ്ഞിക്ക് അരിമുടങ്ങിയാലും ദേശാഭിമാനി മുടക്കരുതെന്ന ഉപദേശം ഇന്നും പാലിക്കുന്നു. വി പി ചിണ്ടനെയും രാമമൂര്‍ത്തിയെയും രാമചന്ദ്രനെയും പോലുള്ള നേതാക്കളുടെ പിന്തുണയും അവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു. ഓര്‍മകള്‍ ഇടകലര്‍ന്ന അദ്ദേഹത്തിന്റെ പ്രസംഗം ആവേശത്തോടെയാണ് നാട്ടുകാര്‍ ശ്രവിച്ചത്. ചടങ്ങുകഴിഞ്ഞപ്പോള്‍ പഴയ സുഹൃത്തുക്കളോട് പരിചയം പുതുക്കി.

deshabhimani 270412

No comments:

Post a Comment