Saturday, April 28, 2012

ഹര്‍ജിക്കാര്‍ക്ക് ഇറ്റലി പണം നല്‍കിയത് ഗൂഢാലോചന: വി എസ്


ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള കേസില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അറിയാതെ വിദേശരാജ്യം ഇന്ത്യന്‍ പൗരന്‍മാരുമായി കരാറൊപ്പിട്ടത് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ അഭിമാനം താഴ്ത്തി. രാജ്യാന്തര തലത്തില്‍തന്നെ ഇന്ത്യക്ക് അപമാനമാണിത്്. കൊലയാളികള്‍ക്ക് അനുകൂലമായ നിലപാടിനെ ഹൈക്കോടതിയും വിമര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ട് തിരുത്തണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം കേരള ജനതയോടുള്ള വെല്ലുവിളിയും സുപ്രീം കോടതിയോടുള്ള അവഹേളനവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പണം കിട്ടിയപ്പോള്‍ കൊല്ലപ്പെട്ടവരുടെ കുടുംബവും ബോട്ടുടമയും കൂറുമാറി. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളാണ് സംഭവത്തിന് ഉത്തരവാദികളെന്നാണ് ഇപ്പോള്‍ പറയുന്നത്. ഗുരുതരമായ വിഷയമാണിത്. നിസാരതുക നഷ്ടപരിഹാരം കിട്ടിയപ്പോള്‍ ബന്ധുക്കള്‍ എല്ലാം മറന്നു. കേസ് പിന്‍വലിക്കാന്‍ തയ്യാറായി. പണം കിട്ടിയപ്പോള്‍ ബോട്ടുടമയും ആദ്യം പറഞ്ഞതെല്ലാം വിഴുങ്ങി. പണത്തോടുള്ള ആര്‍ത്തിയും ആത്മാഭിമാനമില്ലായ്മയുമാണ് ഇവിടെ കാണുന്നത്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നടത്തിയ ഗൂഢാലോചനയാണ് കാരണം. കേസ് അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രവര്‍ത്തിച്ചു. സുപ്രീം കോടതിയില്‍ കേസ് വന്നപ്പോള്‍ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും നിലപാട് അതായിരുന്നു. രാഷ്ട്രത്തിനു തന്നെ അപമാനകരമായ നിലപാടാണ് കേസില്‍ ഉണ്ടായത്.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രതിനിധിയുമായി ആലോചിച്ച് പഠനറിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി എസ് പറഞ്ഞു. മന്ത്രിയുടെ അറിവോടെയാണോ ഈ നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമാക്കണം. എന്‍ഡോസള്‍ഫാന്‍ ലോബികളെ ആരോഗ്യവകുപ്പില്‍ നിന്നും പുറത്താക്കണം. കോഴിക്കോട് കമ്യൂണിറ്റി മെഡിസിന് ഇത്തരത്തിലൊരു കത്തയച്ചത് അതീവഗുരുതരമാണ്. അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തിരുത്താനാണ് ആവശ്യപ്പെട്ടത്. സുപ്രീം കോടതിയില്‍ കേരളത്തിന്റെ വാദങ്ങള്‍ ബലപ്പെടുത്താന്‍ സഹായിച്ചത് ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വി എസ് ആവശ്യപ്പെട്ടു.

deshabhimani news

1 comment:

  1. ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള കേസില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അറിയാതെ വിദേശരാജ്യം ഇന്ത്യന്‍ പൗരന്‍മാരുമായി കരാറൊപ്പിട്ടത് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ അഭിമാനം താഴ്ത്തി. രാജ്യാന്തര തലത്തില്‍തന്നെ ഇന്ത്യക്ക് അപമാനമാണിത്്. കൊലയാളികള്‍ക്ക് അനുകൂലമായ നിലപാടിനെ ഹൈക്കോടതിയും വിമര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ട് തിരുത്തണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം കേരള ജനതയോടുള്ള വെല്ലുവിളിയും സുപ്രീം കോടതിയോടുള്ള അവഹേളനവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ReplyDelete