Saturday, May 26, 2012

എസ് പി ഓഫീസിലേക്ക് സിപിഐ എമ്മിന്റെ ഉജ്ജ്വല മാര്‍ച്ച്


യുഡിഎഫ് സര്‍ക്കാരും പൊലീസും തുടരുന്ന സിപിഐ എം വേട്ടയ്ക്കെതിരെ ജനകീയപ്രതിഷേധമായി വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് സിപിഐ എം മാര്‍ച്ച് നടത്തി. ശനിയാഴ്ച രാവിലെ 10.30ഓടെ വകടര പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിന്റെ നേതൃത്വത്തിലായിരുന്നു ഉജ്ജ്വല പ്രകടനം. ഒഞ്ചിയം മേഖലയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കുംനേരെ തുടരുന്ന അക്രമത്തിനെതിരെ കേസെടുക്കാത്തതിലും സമാധാനജീവിതം ഉറപ്പാക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ടുമാണ് മാര്‍ച്ച്. പൊലീസ് അനാസ്ഥയും അക്രമികള്‍ക്ക് തണലേകുന്ന നയവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ അണിനിരന്നു.

മാര്‍ച്ച് എളമരം കരീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളില്‍ 78 വീട് തകര്‍ക്കപ്പെട്ടെന്നും പത്തോളംപേര്‍ക്കുനേരെ വധശ്രമവും അക്രമവുമുണ്ടായതായും കരീം പറഞ്ഞു. സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ മനുഷ്യത്വരഹിതമായ ആക്രമണമാണ് നടക്കുന്നത്. ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് കഴിയുന്നില്ലെങ്കില്‍ ഇവരുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഞ്ചിയത്ത് ഇനി അക്രമങ്ങള്‍ ഉണ്ടാകരുതെന്ന് കരുതിയാണ് പാര്‍ട്ടി എല്ലാം സഹിച്ച് നില്‍ക്കുന്നത്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. കേരളത്തിലെ പല മാധ്യമങ്ങളും സിപിഐ എമ്മിനെതിരെ നുണപ്രചരിപ്പിക്കുകയാണ്. എസ് പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്രമത്തിന് പിന്തുണ നല്‍കുന്ന പാര്‍ട്ടിയല്ല സിപിഐ എം എന്നാണ് സമാധാനപരമായ പ്രതിഷേധം തെളിയിക്കുന്നത്.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണ്. അടിയന്തരാവസ്ഥകാലത്തെ കക്കയം ക്യാമ്പിനെ ഓര്‍മ്മിപ്പിക്കുന്ന നിലയിലാണ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. മുല്ലപ്പള്ളിയുടെ വിശ്വസ്തനായ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിടുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം എല്ലാകാലവും ഇന്നത്തെ നിലയിലായിരിക്കില്ലെന്ന് ഡിവൈഎസ്പി ഓര്‍ക്കുന്നത് നല്ലതാണെന്നും കരീം പറഞ്ഞു.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢനീക്കം തിരിച്ചറിയണം. കള്ളക്കേസുണ്ടാക്കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണം. എല്ലാ പ്രതിസന്ധികളേയും വെല്ലുവിളികളെയും അതിജീവിച്ച് വന്ന പാര്‍ട്ടിയാണ് സിപിഐ എം. ഒഞ്ചിയം മേഖലയില്‍ നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ കേസ് എടുത്ത് എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശം പുനസ്ഥാപിക്കണം. നിഷ്പക്ഷമായ അന്വേഷണം നടത്തണം. വമ്പിച്ച ബഹുജന പ്രതിഷേധം കണ്ടിട്ടും നിലപാട് തിരുത്താന്‍ പൊലീസ് തയ്യാറാകുന്നില്ലെങ്കില്‍ പാര്‍ട്ടി സമരം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

1 comment:

  1. യുഡിഎഫ് സര്‍ക്കാരും പൊലീസും തുടരുന്ന സിപിഐ എം വേട്ടയ്ക്കെതിരെ ജനകീയപ്രതിഷേധമായി വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് സിപിഐ എം മാര്‍ച്ച് നടത്തി. ശനിയാഴ്ച രാവിലെ 10.30ഓടെ വകടര പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിന്റെ നേതൃത്വത്തിലായിരുന്നു ഉജ്ജ്വല പ്രകടനം. ഒഞ്ചിയം മേഖലയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കുംനേരെ തുടരുന്ന അക്രമത്തിനെതിരെ കേസെടുക്കാത്തതിലും സമാധാനജീവിതം ഉറപ്പാക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ടുമാണ് മാര്‍ച്ച്. പൊലീസ് അനാസ്ഥയും അക്രമികള്‍ക്ക് തണലേകുന്ന നയവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ അണിനിരന്നു.

    ReplyDelete