Tuesday, May 22, 2012

"ഇത് കരുണാകര്‍ഭവന്‍ എന്ന ചൈതന്യ എന്ന കോണ്‍ഗ്രസ്ഹൗസ്"


കൊച്ചി: അഭിപ്രായസമന്വയമുണ്ടാകാത്തതുമൂലം നവീകരിച്ച കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ് മൂന്നുപേരില്‍ അറിയപ്പെടും. ഓഫീസിന്റെ നിര്‍മാണത്തിനായി ചെലവായ തുകയുടെ കൃത്യമായ കണക്കില്ല. ഉദ്ഘാടനച്ചടങ്ങില്‍ത്തന്നെ വേണ്ടവിധം പരിഗണിക്കാഞ്ഞതിനെതിരെ ടി എച്ച് മുസ്തഫയുടെ സത്യഗ്രഹസമരനീക്കവും ഭാരവാഹികള്‍ക്ക് തലവേദനയായി. കോണ്‍ഗ്രസ്ഹൗസ്, കരുണാകര്‍ഭവന്‍, ചൈതന്യ എന്നീ മൂന്നു പേരുകളാകും ഓഫീസിനെന്ന് ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടിയുടെ വിവിധ കോണില്‍നിന്നുള്ള ആവശ്യം പരിഗണിച്ചാണ് ഇങ്ങനെ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മറ്റു രണ്ടു പേരുകള്‍ക്കു പുറമെ കരുണാകര്‍ഭവന്‍ എന്ന പേര് തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇദ്ദേഹം പ്രഖ്യാപിച്ചത്. എന്നാല്‍, ക്ഷണക്കത്തിലോ പോസ്റ്ററുകളിലോ ഈ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

നേരത്തെ ഐ വിഭാഗത്തിനു ശക്തമായ സ്വാധീനമുണ്ടായിരുന്ന ഓഫീസായിരുന്നു ചൈതന്യ. എ വിഭാഗക്കാരാകട്ടെ ഇതിനു സമീപത്തെ കെപിസിസി ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, നിലവില്‍ ജില്ലയില്‍ എ വിഭാഗം ശക്തമായതോടെ പുതിയ ഓഫീസിന്റെ നിയന്ത്രണവും ഇവര്‍ക്കായി. ഓഫീസിന് കരുണാകരന്റെ പേരിടണമെന്ന് ഐ വിഭാഗം ശക്തമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഒടുവില്‍ ഇതര പേരുകള്‍ക്കൊപ്പം കരുണാകര്‍ഭവന്‍ എന്ന പേരും പരിഗണിച്ചത്. എന്നാല്‍,ഓഫീസ് ഒട്ടാകെ കോണ്‍ഗ്രസ്ഹൗസ് എന്ന പേരിലാകും അറിയപ്പെടുകയെന്ന് വി ജെ പൗലോസ് പറഞ്ഞു. 14.75 സെന്റ് സ്ഥലത്ത് 15,000 ചതുരശ്ര അടിയില്‍ പൂര്‍ത്തിയാക്കിയ നാലു നില കെട്ടിടത്തിന് ചെലവിട്ട തുകയുടെ കൃത്യം കണക്ക് തയ്യാറായിട്ടില്ലെന്നും വി ജെ പൗലോസ് പറഞ്ഞു. മൂന്നരക്കോടിക്കും നാലു കോടിക്കും ഇടയിലുള്ള തുകയാണ് ചെലവായത്. നിര്‍മാണത്തിനായി പലരില്‍നിന്നും ഉല്‍പ്പന്നങ്ങള്‍ സംഭാവനയായി സ്വീകരിച്ചതിനാലാണ് കൃത്യമായ തുക കണക്കാനാകാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഡിസിസി പ്രസിഡന്റായിരിക്കെ വാങ്ങിയ സ്ഥലത്ത് നിര്‍മിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തില്‍ തന്നെ അവഗണിച്ചതിനെതിരെ ഓഫീസിനുമുന്നില്‍ സത്യഗ്രഹം നടത്താനായിരുന്നു ടി എച്ച് മുസ്തഫയുടെ നീക്കം. ഇതു മുന്നില്‍കണ്ട് അദ്ദേഹത്തെക്കൊണ്ട് ഓഫീസിലെ ലൈബ്രറി ഉദ്ഘാടനം ചെയ്യിച്ച് പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. ക്ഷണക്കത്തിലില്ലാത്ത ഇക്കാര്യവും വാര്‍ത്താസമ്മേളനത്തിലാണ് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കിയത്.

ഓഫീസിന്റെ ഉദ്ഘാടനം 26ന് രാവിലെ 10ന് രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി നിര്‍വഹിക്കും. ലിഫ്ട് ഉദ്ഘാടനം കേന്ദ്രമന്ത്രി വയലാര്‍ രവിയും കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. ഓഫീസിന്റെ താഴത്തെ രണ്ടു നിലകള്‍ വാടകയ്ക്കുകൊടുക്കും. രണ്ട്, മൂന്ന്, നാല് നിലകളിലാണ് ഓഫീസ്. 225 പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ്ഹാള്‍, 45 പേര്‍ക്കിരിക്കാവുന്ന മിനി കോണ്‍ഫറന്‍സ്ഹാള്‍ എന്നിവയും കെട്ടിടത്തിലുണ്ട്. ഡിസിസി വൈസ് പ്രസിഡന്റുമാരായ ടി വൈ യൂസുഫ്, ഒ ദേവസി, കെ പി ഹരിദാസ്, സെക്രട്ടറിമാരായ കെ എം സലീം, ലിനോ ജേക്കബ്, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 220512

1 comment:

  1. അഭിപ്രായസമന്വയമുണ്ടാകാത്തതുമൂലം നവീകരിച്ച കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ് മൂന്നുപേരില്‍ അറിയപ്പെടും. ഓഫീസിന്റെ നിര്‍മാണത്തിനായി ചെലവായ തുകയുടെ കൃത്യമായ കണക്കില്ല. ഉദ്ഘാടനച്ചടങ്ങില്‍ത്തന്നെ വേണ്ടവിധം പരിഗണിക്കാഞ്ഞതിനെതിരെ ടി എച്ച് മുസ്തഫയുടെ സത്യഗ്രഹസമരനീക്കവും ഭാരവാഹികള്‍ക്ക് തലവേദനയായി. കോണ്‍ഗ്രസ്ഹൗസ്, കരുണാകര്‍ഭവന്‍, ചൈതന്യ എന്നീ മൂന്നു പേരുകളാകും ഓഫീസിനെന്ന് ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടിയുടെ വിവിധ കോണില്‍നിന്നുള്ള ആവശ്യം പരിഗണിച്ചാണ് ഇങ്ങനെ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മറ്റു രണ്ടു പേരുകള്‍ക്കു പുറമെ കരുണാകര്‍ഭവന്‍ എന്ന പേര് തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇദ്ദേഹം പ്രഖ്യാപിച്ചത്. എന്നാല്‍, ക്ഷണക്കത്തിലോ പോസ്റ്ററുകളിലോ ഈ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

    ReplyDelete