Thursday, May 31, 2012

നീറുന്ന മനസ്സുമായി തങ്കപ്പന്റെ കുടുംബം

പൊതുപ്രവര്‍ത്തനരംഗത്ത് തിളങ്ങിനിന്ന മനുഷ്യസ്നേഹിയും സൗമ്യശീലനുമായ സഖാവ് കെ എന്‍ തങ്കപ്പന്റെ ദാരുണ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മകളില്‍നിന്നും തങ്കപ്പന്റെ കുടുംബം ഇപ്പോഴും മുക്തരായിട്ടില്ല. 1992 ഏപ്രില്‍ 22 ന് രാവിലെ ഒന്‍പതിനാണ് തോട്ടം തൊഴിലാളി യൂണിയന്‍ നേതാവും രാജാക്കാട് ഏരിയ കമ്മിറ്റിയംഗവുമായിരുന്ന കെ എന്‍ തങ്കപ്പനെ ചിത്തിരപുരത്തുവച്ച് 14 കഷണങ്ങളാക്കി ആര്‍എസ്എസുകാര്‍ വെട്ടിയരിഞ്ഞ് കൊലപ്പെടുത്തിയത്.

തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ദേവികുളത്തുണ്ടായിരുന്ന ഒരു കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോകുമ്പോഴായിരുന്നു ആക്രമണം. ചിത്തിരപുരത്തിനും സമീപം കൊടുംവളവിനോട് ചേര്‍ന്ന് ഒരു ജീപ്പ് ബോണറ്റ് പൊക്കിവച്ച് കിടക്കുന്നതുകണ്ട് തങ്കപ്പന്‍ വണ്ടി നിര്‍ത്തി കാര്യമന്വേഷിക്കുമ്പോഴാണ് തോയിലതോട്ടത്തില്‍ പതിയിരുന്ന അക്രമിസംഘം വടിവാളുകളും വെട്ടുകത്തികളുമായി ചാടിയിറങ്ങി തങ്കപ്പനെയും സംഘത്തെയും ആക്രമിച്ചത്. ദേവികുളത്തേക്ക് പോകാന്‍ തങ്കപ്പന്റെ കൂടെ വണ്ടിയിലുണ്ടായിരുന്ന 13 പേര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. തങ്കപ്പനെ മാത്രമാണ് അക്രമിസംഘം കൊല്ലാന്‍ പദ്ധതിയിട്ടിരുന്നത്. സംഭവ സ്ഥലത്തുതന്നെ മരിച്ച തങ്കപ്പന്റെ ശരീരത്തില്‍ 32 മുറിവുകളുണ്ടായിരുന്നു. ശരീരം വേര്‍പെട്ടുപോകാതിരിക്കാന്‍ തൊലിമാത്രം വിടാതെ 14 കഷണങ്ങളാക്കി വെട്ടിനുറുക്കി. കഴുത്തിന്റെ പിന്‍ഭാഗത്തുനിന്നും ഒറ്റവെട്ടിന് കഴുത്തിന്റെ മുന്‍വശത്തുള്ള തൊലി വിട്ടുപോകാത്തതുകൊണ്ട് തല വേര്‍പെട്ട് പോയില്ല. മറ്റ് 13 പേര്‍ക്കും സാരമായ മുറിവേറ്റു. അന്ന് ഒപ്പമുണ്ടായിരുന്ന ഇപ്പോള്‍ സിപിഐ എം ഏരിയ കമ്മിറ്റിയംഗവും കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയംഗവുമായ വി പി ചാക്കോയുടെ രണ്ട് കൈകളിലെയും മാംസം വെട്ടിയിറക്കിയ നിലയിലായിരുന്നു. ആര്‍എസ്എസ് അക്രമിസംഘം അരുംകൊലയും അക്രമവും ചെയ്തിട്ട് 20 വര്‍ഷമായിട്ടും എന്തിനാണ് ഇതുചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് ജനത്തിനറിയില്ല.

സൗമ്യനും സ്നേഹസമ്പന്നനുമായ കെ എന്‍ ടി എന്ന സ്നേഹപ്പേരില്‍ വിളിക്കുന്ന തങ്കപ്പന്റെ പ്രവര്‍ത്തനം രാഷ്ട്രീയ എതിരാളികളെപ്പോലും ആകര്‍ഷിക്കുന്നതായിരുന്നു. രാഷ്ട്രീയത്തിലും അല്ലാതെയും തങ്കപ്പന് ശത്രുക്കളുമുണ്ടായിരുന്നില്ല. പിന്നെന്തിനാണ് അവര്‍ അച്ഛനെ കൊല ചെയ്തതെന്ന് അറിയില്ലെന്നാണ് അന്ന് പത്ത് വയസ് മാത്രമുണ്ടായിരുന്ന തങ്കപ്പന്റെ മകന്‍ സുധീഷ് ചോദിക്കുന്നത്. തങ്കപ്പന്‍ മരിക്കുമ്പോള്‍ 12 വയസുള്ള മൂത്ത മകള്‍ സുനിയും പത്തുവയസുള്ള സുധീഷിനെയും ആറുവയസുകാരി സുമിയെയും വളര്‍ത്തിയെടുക്കാന്‍ വളരെ കഷ്ടപ്പെട്ടതായി തങ്കപ്പന്റെ ഭാര്യ ആനന്ദവല്ലി പറഞ്ഞു. കൂലിപ്പണിക്കുപോയും പാര്‍ടിക്കാരുടെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെയാണ് കുടുംബം നിലനിര്‍ത്താനായത്. ഇപ്പോള്‍ സിപിഐ എമ്മിനെ കൊലപാതക പാര്‍ടിയെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫും മാധ്യമങ്ങളും തന്റെ ഭര്‍ത്താവിന്റെ ദുരന്തം എന്താണ് കാണാതെപോകുന്നതെന്നാണ് ആനന്ദവല്ലി ചോദിക്കുന്നത്.

deshabhimani 310512

1 comment:

  1. പൊതുപ്രവര്‍ത്തനരംഗത്ത് തിളങ്ങിനിന്ന മനുഷ്യസ്നേഹിയും സൗമ്യശീലനുമായ സഖാവ് കെ എന്‍ തങ്കപ്പന്റെ ദാരുണ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മകളില്‍നിന്നും തങ്കപ്പന്റെ കുടുംബം ഇപ്പോഴും മുക്തരായിട്ടില്ല. 1992 ഏപ്രില്‍ 22 ന് രാവിലെ ഒന്‍പതിനാണ് തോട്ടം തൊഴിലാളി യൂണിയന്‍ നേതാവും രാജാക്കാട് ഏരിയ കമ്മിറ്റിയംഗവുമായിരുന്ന കെ എന്‍ തങ്കപ്പനെ ചിത്തിരപുരത്തുവച്ച് 14 കഷണങ്ങളാക്കി ആര്‍എസ്എസുകാര്‍ വെട്ടിയരിഞ്ഞ് കൊലപ്പെടുത്തിയത്.

    ReplyDelete