Thursday, May 31, 2012

വീണ്ടും തേരിലേറി ആനന്ദ്


മോസ്കോ: പിരിമുറുക്കത്തിന്റെ കരുനീക്കങ്ങളുടെ പടയോട്ടത്തിനൊടുവില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ്തന്നെ ജയിച്ചുകയറി. 64 കളങ്ങള്‍ക്ക് അധിപനായി ലോക ചെസ്കിരീടം ശിരസ്സിലേറ്റി. ശരീരം ധ്യാനിരതമായി നിശ്ചലമാക്കി, മനസ്സിന്റെ കെട്ടഴിച്ചുവിടുന്ന ഈ ഉഗ്രയുദ്ധത്തില്‍ ഇസ്രയേലിന്റെ ബോറിസ് ജെല്‍ഫന്‍ഡിനെയാണ് ആനന്ദ് കീഴ്പ്പെടുത്തിയത്. മോസ്കോവിലെ ശബ്ദം കടക്കാത്ത ട്രെറ്റ്യാകോവ് ഗ്യാലറിയിലെ ചില്ലുകൂട്ടില്‍ ജെല്‍ഫന്‍ഡിന്റെ അട്ടിമറി വിജയപ്രതീക്ഷകള്‍ക്ക് "ചെക്ക്" പറഞ്ഞ ആനന്ദ് അഞ്ചാം തവണയാണ് ലോകകിരീടം ഉയര്‍ത്തിയത്.

ആനന്ദിന്റെ കാലംകഴിഞ്ഞു എന്നു പറഞ്ഞവരുടെ മീതെ ഈ കിരീടം പ്രഭ ചൊരിഞ്ഞു. അനിശ്ചിതത്വം നിറഞ്ഞുനിന്ന പോരാട്ടമായിരുന്നു ഇത്തവണ. 12 റൗണ്ടുകളുള്ള ഈ പോരാട്ടത്തില്‍ ആദ്യ ആറു മത്സരം സമനിലയിലായി. ഏഴാമത്തെ മത്സരം ജെല്‍ഫന്‍ഡ് നേടി. ആനന്ദിന്റെ ലോകകിരീടം അടിയറവു പറയുകയാണെന്ന ആശങ്കകള്‍ ഉണര്‍ന്നു. എന്നാല്‍ ആനന്ദിന്റെ ബുദ്ധിശാലയില്‍ നിരന്നുനിന്ന പടയാളികള്‍ അടുത്ത യുദ്ധത്തില്‍ ജെല്‍ഫന്‍ഡിനെ തുരത്തി. 2008ല്‍ വ്ളാഡിമിര്‍ ക്രാംനിക്കിനെയും 2010ല്‍ വാസ്ലിന്‍ ടോപലോവിനെയും തോല്‍പ്പിച്ച് ലോകചാമ്പ്യനായ ആനന്ദിന്റെ ബുദ്ധി ക്ഷീണിച്ചിട്ടില്ലെന്ന് ഈ വിജയം തെളിയിച്ചു. പക്ഷെ പിന്നീടുള്ള നാലു ഗെയിമുകളും സമനിലയിലായി. 12 റൗണ്ട് സമാപിച്ചപ്പോള്‍ ഇരുവര്‍ക്കും ആറു പോയിന്റുവീതം. മത്സരങ്ങള്‍ക്ക് ആവേശം പോരായിരുന്നു എന്ന വിമര്‍ശം ഉയര്‍ന്നു. വിജയത്തിനുള്ള സാഹസികതയ്ക്ക് ആനന്ദും ജെല്‍ഫന്‍ഡും തയ്യാറാവുന്നില്ല എന്ന ആക്ഷേപവുമുണ്ടായി. സമനിലയില്‍ കലാശിച്ച പത്തില്‍ ഏഴു മത്സരവും 30 നീക്കങ്ങള്‍പോലും തികച്ചില്ല. 12 റൗണ്ടില്‍ ആകെയുണ്ടായത് 351 നീക്കങ്ങള്‍. മത്സരം സമനിലയിലായതോടെ ചാമ്പ്യനെ കണ്ടെത്താന്‍ ടൈ ബ്രേക്കര്‍ തുടങ്ങി. 25 മിനിറ്റുവീതമുള്ള നാലു മത്സരങ്ങളാണിത്. വേഗമേറിയ നീക്കങ്ങളില്‍ അതിസമര്‍ഥനാണ് ആനന്ദ്. ആദ്യ മത്സരം സമനിലയിലായി. എന്നാല്‍ രണ്ടാമത്തെ ഗെയിമില്‍ ആനന്ദ് ജെല്‍ഫന്‍ഡിനെ കീഴ്പ്പെടുത്തി. ഈ പ്രഹരത്തില്‍നിന്നു തിരിച്ചുവരാന്‍ ജെല്‍ഫന്‍ഡിനു കഴിഞ്ഞില്ല. മൂന്നും നാലും മത്സരങ്ങള്‍ സമനിലയിലായതോടെ 2012ലെ ചാമ്പ്യന്റെ കിരീടധാരണമായി. ജെല്‍ഫന്‍ഡ് പുതിയ ചക്രവര്‍ത്തിക്ക് കൈകൊടുത്ത് അഭിനന്ദിച്ചു.

ചാമ്പ്യന്റെ ചരിത്രവഴികള്‍

(2000-2001 ന്യൂഡല്‍ഹി-ടെഹ്റാന്‍): ആനന്ദിന്റെ ആദ്യ കിരീടം. നോക്കൗട്ട് രീതിയിലായിരുന്നു ഇത്. തുടക്കത്തില്‍ 128 കളിക്കാര്‍. അവസാനം സ്പെയിനിന്റെ അലക്സി ഷിറോവുമായി ഫൈനല്‍. എട്ടു ഗെയിമായിരുന്നു ഫൈനലില്‍. ആദ്യ നാലില്‍ മൂന്നു ജയവും ഒരു സമനിലയും നേടി ആനന്ദ് കിരീടം സ്വന്തമാക്കി.

2007 (മെക്സിക്കോ സിറ്റി): ലോകത്തെ മികച്ച എട്ടു താരങ്ങള്‍ തമ്മിലുള്ള 14 മത്സരം. ഇതിലും ആനന്ദിനായിരുന്നു ജയം. തോല്‍പ്പിച്ചതാകട്ടെ റഷ്യയുടെ വ്ളാദിമിര്‍ ക്രാംനിക്കിനെയും.

2008 (ബോണ്‍, ജര്‍മനി): മാച്ച് രീതിയിലായിരുന്നു മൂന്നാമത്തെ ചാമ്പ്യന്‍ഷിപ്പ്. 12 ഗെയിമുകള്‍. ആവേശകരമായ പോരാട്ടത്തില്‍ ക്രാംനിക്കിനെ വീണ്ടും തോല്‍പ്പിച്ച് ആനന്ദിന് മൂന്നാം കിരീടം.

2010 (സോഫിയ, ബള്‍ഗേറിയ): ഇക്കുറി ചെസ് ലോകത്തെ അതികായന്‍ വാസലിന്‍ ടൊപലോവായിരുന്നു എതിരാളി. ആദ്യ റൗണ്ടില്‍ തോല്‍വിയായിരുന്നു ആനന്ദിന്. എന്നാല്‍ പിന്നീട് വിജയവഴിയിലെത്തിയ ആനന്ദ് ടൊപലോവിനെ മറിച്ചിട്ട് ലോക സിംഹാസനത്തില്‍ വീണ്ടുമേറി.

2012 (മോസ്കോ): കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് കളിച്ചെത്തിയ ഇസ്രയേലിന്റെ ബോറിസ് ജെല്‍ഫന്‍ഡ് എതിരാളി. ആദ്യ 12 ഗെയിമുകള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് നില തുല്യം. ടൈബ്രേക്കറില്‍ ആനന്ദിന്റെ അതിവേഗ നീക്കങ്ങള്‍ക്ക് മുന്നില്‍ ജെല്‍ഫന്‍ഡ് വീണു.

പ്രകാശം പരത്തുന്ന ആനന്ദ്

മോസ്കോ: ""ഇത്രത്തോളം കഴിവുള്ള കളിക്കാരനെ ലോക ചെസ് ചരിത്രത്തില്‍ കണ്ടിട്ടില്ല- അസാധാരണം"". വിശ്വനാഥന്‍ ആനന്ദിനെക്കുറിച്ച് റഷ്യയുടെ വ്ളാദിമര്‍ ക്രാംനിക്കിന്റെ വാക്കുകള്‍. ശാന്തമായ മുഖത്തിനും ഹൃദ്യമായ പുഞ്ചിരിക്കുമപ്പുറം കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ കൂര്‍പ്പിച്ച ബുദ്ധിയുമായി ആനന്ദ് എത്രതവണ ലോകം കീഴടക്കി. മോസ്കോയിലെ ട്രെറ്റ്യാകോവ് ഗ്യാലറിയില്‍ ഇസ്രയേലുകാരന്‍ ബോറിസ് ജെല്‍ഫന്‍ഡിനെയും കീഴടക്കി ആനന്ദ് തന്റെ അഞ്ചാം ലോകകിരീടത്തില്‍ മുത്തമിടുമ്പോള്‍ കളിയോടുളള ആവേശം പോയെന്നു വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയും കൂടിയായി അത്.

അന്താരാഷ്ട്രതലത്തിലേക്കുള്ള വിഷിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. 1983ല്‍ 14-ാം വയസ്സില്‍ ദേശീയ സബ്ജൂനിയര്‍ ചാമ്പ്യന്‍. അടുത്തവര്‍ഷം ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് കിരീടംകൂടി കിട്ടിയതോടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി. തുടര്‍ന്ന് രണ്ടുതവണ ദേശീയചാമ്പ്യന്‍. വേഗതയായിരുന്നു മുഖമുദ്ര. എതിരാളി മനസ്സിലുറപ്പിച്ച നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട് കരുക്കള്‍ നീക്കിയപ്പോള്‍ ചെസില്‍ റഷ്യന്‍ ആധിപത്യത്തിനുശേഷം മറ്റൊരു മുഖം ലോകം കാണാന്‍ തുടങ്ങി. പ്രകാശം പരത്തുന്ന കുട്ടി- അതായിരുന്നു ഇക്കാലത്തെ കൊച്ച് ആനന്ദിന്റെ ചെല്ലപ്പേര്. ആ പ്രകാശം വേഗത്തില്‍ ലോകമാകെ പടരുന്നതിനും ലോകം സാക്ഷിയായി. 1987ല്‍ ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം. തൊട്ടടുത്തവര്‍ഷം പതിനെട്ടാം വയസ്സില്‍ ഇന്ത്യയുടെ ആദ്യ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ബഹുമതിയും വിഷിയെ തേടിയെത്തി. 1990കളോടുകൂടി ആനന്ദ് ലോകചെസിന്റെ സ്ഥിരംപേരുകളിലൊന്നായി മാറുകയായിരുന്നു. ഗാരി കാസ്പറൊവ്, അനറ്റൊലി കാസ്പറൊവ് എന്നിവര്‍ക്കെതിരെ കളിക്കാനും ഇക്കാലത്ത് കഴിഞ്ഞു.

തമിഴ്നാട്ടിലെ മയിലാടുതുറൈ എന്ന കൊച്ചുപട്ടണത്തില്‍ 1969 ഡിസംബര്‍ 11നു ജനിച്ച ആനന്ദ് ആറാം വയസ്സിലാണ് ചെസ് ലോകത്തേക്കു കാലെടുത്തുവയ്ക്കുന്നത്. സതേണ്‍ റെയില്‍വേയില്‍ ജനറല്‍ മാനേജറായ വിശ്വനാഥന്‍ അയ്യരുടെയും സുശീലയുടെയും മൂന്നാം സന്തതി. വീട്ടമ്മയായ സുശീലയായിരുന്നു ആനന്ദിന്റെ ആദ്യഗുരു. പുസ്തകവായനയിലും സംഗീതത്തിലും മുഴുകിയിരുന്ന ആനന്ദിനെ അമ്മ സുശീല 64 കളങ്ങളിലെ നീക്കങ്ങളുടെ ഹരം പകര്‍ന്നു. തുടര്‍ന്നങ്ങോട്ട് വിഷിയുടെ ചിന്ത മുഴുവന്‍ ഈ 64 കളങ്ങളില്‍ കുരുങ്ങിനിന്നു. "ദി ടൈഗര്‍ ഓഫ് മദ്രാസ്" എന്നായിരുന്നു ആനന്ദിനെ ചെറുപ്പത്തില്‍ വിളിച്ചിരുന്നത്. പ്രായം 42 ആയിട്ടും ആനന്ദിന്റെ ചടുലവേഗങ്ങള്‍ക്ക് താളപ്പിഴ വന്നിട്ടില്ല. നാലു ലോക കിരീടങ്ങള്‍തന്നെ അതിനു തെളിവ്. ഫിഡെയുടെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള നാലാമത്തെ താരം, 15 മാസത്തോളം ലോക റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്ത്... അങ്ങനെ നേട്ടങ്ങള്‍ അനവധി.

2000, 2007, 2008, 2010 വര്‍ഷങ്ങളിലായിരുന്നു ഇതിനുമുമ്പത്തെ കിരീടനേട്ടങ്ങള്‍. 2007 ഏപ്രിലില്‍ ആദ്യമായി റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം. 2008 ഒക്ടോബറിലാണ് ആനന്ദ് ആദ്യമൂന്നില്‍ പുറത്താകുന്നത്. 2010 നവംബറില്‍ വീണ്ടും ഒന്നാംറാങ്കിലേക്കു തിരിച്ചെത്തി. ലോക ചാമ്പ്യന്‍ഷിപ്പിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ജയിച്ചതിന്റെ ബഹുമതിയും വിഷിക്ക് സ്വന്തം. ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ് ആദ്യമായി ഏര്‍പ്പെടുത്തിയപ്പോള്‍ ആനന്ദിനായിരുന്നു ലഭിച്ചത്. 1991-"92ല്‍. അര്‍ജുന അവാര്‍ഡ് (1985), പത്മശ്രീ, സോവിയറ്റ്ലാന്‍ഡ് നെഹ്റു അവാര്‍ഡ് (1987), പത്മഭൂഷണ്‍ (2000), പത്മവിഭൂഷണ്‍ (2007). ചെസ് ഓസ്കാര്‍ (1997,"98, 2003, "04, "07, "08) തുടങ്ങി നിരവധി ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ ആനന്ദിനെ തേടിയെത്തി. ഭാര്യ അരുണ ആനന്ദിനും മകന്‍ അഖിലിനുമൊപ്പം സ്പെയിനിലാണ് ആനന്ദിന്റെ താമസം.

പൊരുതിത്തോറ്റ ജെല്‍ഫന്‍ഡ്

മോസ്കോ: ചെസ്ലോകത്തില്‍ അത്ര പരിചിതനല്ല ബോറിസ് അബ്രാഹാമോവിച്ച് ജെല്‍ഫന്‍ഡ് എന്ന ബോറിസ് ജെല്‍ഫന്‍ഡ്. ബെലാറസില്‍ ജനിച്ച ഈ ഇസ്രയേലുകാരന്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് കളിച്ചാണ് വിശ്വനാഥന്‍ ആനന്ദുമായുള്ള മുഖാമുഖത്തിനിരുന്നത്. 2011ലെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ജേതാവായിരുന്നു ഈ നാല്‍പ്പത്തിമൂന്നുകാരന്‍. ഫിഡെ റാങ്കിങ്ങില്‍ 20-ാം സ്ഥാനത്താണെങ്കിലും മോസ്കോയില്‍ ആനന്ദിനെ കുരുക്കാന്‍ പലതവണ ജെല്‍ഫന്‍ഡിനു കഴിഞ്ഞിട്ടുണ്ട്.

12-ാം ഗെയിമില്‍ ആനന്ദിനെ സമനിലയില്‍ കുരുക്കാന്‍, ഒരു നീക്കത്തിനായി ജെല്‍ഫന്‍ഡ് എടുത്തത് 40 മിനിറ്റായിരുന്നു. ഒരു ഗെയിമില്‍ ആനന്ദിനെ തോല്‍പ്പിക്കാനും കഴിഞ്ഞു. 17-ാം വയസ്സില്‍ സോവിയറ്റ് യൂണിയനില്‍ ജൂനിയര്‍ ചാമ്പ്യനായ ഈ ഇസ്രയേലി, 30 പ്രൊഫഷണല്‍ ടൂര്‍ണമെന്റുകള്‍ ജയിച്ചിട്ടുണ്ട്. 2007ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അപ്രശസ്തനായി വന്ന് മൂന്നാംസ്ഥാനം കൊണ്ടുപോയ ചരിത്രവും ജെല്‍ഫന്‍ഡിനു സ്വന്തം. 2013ലെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലും ജെല്‍ഫന്‍ഡ്തന്നെയാകും നോട്ടപ്പുള്ളി.

deshabhimani 310512

2 comments:

  1. ചെസ്ലോകത്തില്‍ അത്ര പരിചിതനല്ല ബോറിസ് അബ്രാഹാമോവിച്ച് ജെല്‍ഫന്‍ഡ് എന്ന ബോറിസ് ജെല്‍ഫന്‍ഡ്. ബെലാറസില്‍ ജനിച്ച ഈ ഇസ്രയേലുകാരന്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് കളിച്ചാണ് വിശ്വനാഥന്‍ ആനന്ദുമായുള്ള മുഖാമുഖത്തിനിരുന്നത്. 2011ലെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ജേതാവായിരുന്നു ഈ നാല്‍പ്പത്തിമൂന്നുകാരന്‍. ഫിഡെ റാങ്കിങ്ങില്‍ 20-ാം സ്ഥാനത്താണെങ്കിലും മോസ്കോയില്‍ ആനന്ദിനെ കുരുക്കാന്‍ പലതവണ ജെല്‍ഫന്‍ഡിനു കഴിഞ്ഞിട്ടുണ്ട്.

    ReplyDelete
  2. ആനന്ദിന്റെ വിജയത്തിനൊപ്പം ജെന്‍ഫെല്‍ഡ് എന്ന പുതിയൊരു താരപ്രശസ്തിയും

    ReplyDelete