Tuesday, May 29, 2012

എം എം മണിക്കെതിരെ കേസ് ഇടുക്കിയില്‍ പ്രതിഷേധമിരമ്പി


സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ തൊടുപുഴ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. തൊടുപുഴയ്ക്കടുത്ത് മണക്കാട് സംഘടിപ്പിച്ച സിപിഐ എം യോഗത്തിലെ പ്രസംഗത്തിന്റെ പേരിലാണ് 302, 109, 118 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. മണിക്കെതിരെ കേസെടുത്തതില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഭരണത്തിന്റെ ഹുങ്കിലും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ മറവിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കോണ്‍ഗ്രസ്-യുഡിഎഫ് ഗൂഢാലോചനയ്ക്കെതിരെ ജില്ലയിലെമ്പാടും നൂറുകണക്കിന് യോഗങ്ങളാണ് നടന്നത്.

അതിനിടെ, എം എം മണി പറഞ്ഞത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. തിരുവനന്തപുരം ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്പി പി പ്രകാശന്‍ നേതൃത്വം നല്‍കുന്ന സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഐജി കെ പത്മകുമാര്‍ മേല്‍നോട്ടം വഹിക്കും. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തൊടുപുഴയില്‍ ജില്ലാ പൊലീസ് ചീഫ് ജോര്‍ജ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തൊടുപുഴ ഡിവൈഎസ്പി ആന്റണി തോമസ്, ജില്ലാ ക്രൈം റെക്കോര്‍ഡ്സ്് ബ്യൂറോ എസ്ഐ മാമച്ചന്‍ എന്നിവരും പങ്കെടുത്തു. കേസിന്റെ രേഖ പരിശോധിച്ചശേഷമായിരിക്കും തുടര്‍നടപടികളെന്ന് പൊലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉന്നത നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദം പൊലീസിനുമേലുള്ളതിനാലാണ് ഈ നടപടിയെന്ന് അറിയുന്നു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടപടി വേഗത്തിലാക്കാനും ശ്രമമുണ്ട്. അതിനായി മന്ത്രിസഭയിലെ ഉന്നതരും നേതാക്കളും ഇടപെട്ട് അഡ്വ. ജനറലിന്റെ പ്രത്യേക നിര്‍ദേശം വാങ്ങിയാണ് കേസ് നടപടികളുമായി മുന്നോട്ടുപോകുന്നത്.

ദശാബ്ദങ്ങളായി കുടിയേറ്റ കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും എണ്ണമറ്റ അവകാശ -ജീവിതപ്രശ്നങ്ങളിലടക്കം സമരമുഖങ്ങളില്‍ ഉജ്വല നേതൃത്വം നല്‍കിയ എം എം മണിയെ കടന്നാക്രമിക്കുന്ന ശക്തികള്‍ക്കെതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് നാനാമേഖലയില്‍നിന്നുമുയര്‍ന്നത്. കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങി സമൂഹത്തിന്റ നാനാതുറകളിലുള്ളവര്‍ വിവിധ കേന്ദ്രങ്ങളിലെ പ്രകടനങ്ങളില്‍ പങ്കെടുത്തു. നൂറ്് കണക്കിനാളുകള്‍ പ്രകടനങ്ങളില്‍ പങ്കെടുത്തു. ജനകീയ നേതാവിനെ കേസില്‍ കുടുക്കാന്‍ സജീവമായ ഇടപെടല്‍ നടത്തുന്ന വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിനെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. പ്രകടനത്തിന് സിപിഐ എമ്മിന്റെയും വര്‍ഗബഹുജനസംഘടനകളുടെയും നേതാക്കള്‍ നേതൃത്വം നല്‍കി.

deshabhimani 290512

1 comment:

  1. സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ തൊടുപുഴ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. തൊടുപുഴയ്ക്കടുത്ത് മണക്കാട് സംഘടിപ്പിച്ച സിപിഐ എം യോഗത്തിലെ പ്രസംഗത്തിന്റെ പേരിലാണ് 302, 109, 118 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. മണിക്കെതിരെ കേസെടുത്തതില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഭരണത്തിന്റെ ഹുങ്കിലും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ മറവിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കോണ്‍ഗ്രസ്-യുഡിഎഫ് ഗൂഢാലോചനയ്ക്കെതിരെ ജില്ലയിലെമ്പാടും നൂറുകണക്കിന് യോഗങ്ങളാണ് നടന്നത്.

    ReplyDelete