Tuesday, May 29, 2012

അതിരപ്പിള്ളി പദ്ധതി കഥാവശേഷമാകുന്നു


മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് കൂടി എതിരായതോടെ നിര്‍ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പായി. കേരളത്തിന്റെ വൈദ്യുതിമേഖലയില്‍ സുപ്രധാനവും സാമ്പത്തികലാഭവുമുണ്ടാക്കാന്‍ കഴിയുമായിരുന്ന പദ്ധതിയാണ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലൂടെ ഇല്ലാതാകുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ അവഗണനയും കപട പരിസ്ഥിതി വാദികളുടെ അശാസ്ത്രീയ വാദങ്ങളും റിപ്പോര്‍ട്ടിന് പ്രേരിപ്പിച്ചിട്ടുണ്ടാകുമെന്ന് ഊര്‍ജമേഖലയിലെ വിദഗ്ധര്‍ പറയുന്നു. കുറഞ്ഞ പരിസ്ഥിതി ആഘാതമുള്ള പദ്ധതിയാണ് ഇതെന്ന് തെളിവെടുപ്പുകള്‍ക്കു ശേഷം വിദഗ്ധര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴാണ് സര്‍ക്കാരും പദ്ധതിയെ അവഗണിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അതിരപ്പിളളി പദ്ധതിക്കായി അത്യധ്വാനം നടത്തിയിരുന്നു. 2007 ജൂണ്‍ 18ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പദ്ധതിക്കുള്ള അനുമതി നല്‍കി. എന്നാല്‍ വിവിധ കേസുകള്‍ കോടതിയിലെത്തി. ഇപ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകൂടി എതിരായതോടെ പദ്ധതിക്ക് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായി. 163 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതിയാണ് ഇതോടെ കഥാവശേഷമാകുന്നത്. വൈദ്യുത പദ്ധതിയോടൊപ്പം സമീപ പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലേയും ജലസേചനത്തിനും വിനോദസഞ്ചാര വികസനത്തിനും കൂടുതല്‍ സഹായകമാകുമായിരുന്ന പദ്ധതിയാണ് ചിലരുടെ ഗൂഢതാല്‍പ്പര്യങ്ങളാല്‍ ഇല്ലാതാകുന്നത്. പദ്ധതി നടപ്പാകുമായിരുന്നെങ്കില്‍ ആദ്യ പത്തുവര്‍ഷം വൈദ്യുതി ഉല്‍പ്പാദനത്തിന് ഒരു യൂണിറ്റിന് 2.50 രൂപ മാത്രമാകും ചെലവ്. പിന്നീട് 25 വര്‍ഷം 1.25 പൈസയും.

പരിസ്ഥിതിവാദികളുടെ ന്യായത്തെ ഖണ്ഡിക്കുന്ന സുതാര്യമായ വികസനപദ്ധതിയായിരുന്നു അതിരപ്പിള്ളി. അണക്കെട്ടിന്റെ മുഴുവന്‍ സംഭരണശേഷിക്ക് മുകളിലാണ് പെരിങ്ങല്‍ക്കുത്തിലെ ആദിവാസി ഊരുകള്‍ എന്നിരിക്കെ ഊരുകള്‍ മുങ്ങിപ്പോകുമെന്ന വാദത്തിലും കഴിമ്പില്ലായിരുന്നു. എങ്കിലും ആശങ്കയൊഴിവാക്കാന്‍ പുനരധിവാസത്തിന് മുന്‍ സര്‍ക്കാര്‍ തുക കെട്ടിവയ്ക്കുകയും ചെയ്തു. അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലാതാകുമെന്നതും നുണപ്രചാരണമാണ്. കടുത്ത വേനലില്‍ വെള്ളച്ചാട്ടം നിലനില്‍ക്കുന്നതുതന്നെ പെരിങ്ങല്‍ക്കുത്തിലെ എട്ട് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം നടക്കുന്നതുകൊണ്ടാണ്. ഉല്‍പ്പാദനം കഴിഞ്ഞ് ഒഴുക്കിവിടുന്ന വെള്ളമാണ് വെള്ളച്ചാട്ടത്തെ സജീവമാക്കുന്നത്. നിര്‍ദിഷ്ട പദ്ധതി ഈ വെള്ളത്തെ തടഞ്ഞുനിര്‍ത്തില്ലെന്ന് മാത്രമല്ല, കൂടുതല്‍ മിഴിവേകുകയം ചെയ്യുമായിരുന്നു. അപ്പര്‍ ഷോളയാറിലെ വെള്ളം കേരള ഷോളയാറിലെത്തി 54 മെഗാവാട്ട് ഉല്‍പ്പാദിപ്പിച്ച് പെരിങ്ങല്‍ക്കുത്തിലെത്തി 48 മെഗാവാട്ടുകൂടി ഉല്‍പ്പാദിപ്പിക്കും. ഈ വെള്ളവും വൃഷ്ടിപ്രദേശത്തെ മഴവെള്ളവും പെരിങ്ങല്‍ക്കുത്തില്‍ കവിഞ്ഞൊഴുകുന്ന വെള്ളവുമാണ് ചാലക്കുടിപ്പുഴയിലൂടെ ഒഴുകുന്നത്. മരം വച്ചുപിടിപ്പിക്കലുള്‍പ്പെടെ പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയാണ് അതിരപ്പിള്ളി പദ്ധതി വിഭാവനം ചെയ്തിരുന്നത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളത്തെ ഇരുട്ടിലാക്കും: എ കെ ബാലന്‍

നെയ്യാറ്റിന്‍കര: കേരളത്തിന്റെ ഭാവി ഇരുട്ടിലാക്കുന്ന മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മുന്‍ വൈദ്യുതി മന്ത്രിയുമായ എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജലവൈദ്യുത പദ്ധതികളെല്ലാം ഇല്ലാതാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ കാര്‍ഷിക- വ്യാവസായിക മേഖലകളെ തകര്‍ക്കും. അഞ്ചു സംസ്ഥാനങ്ങളിലായുള്ള പശ്ചിമഘട്ട മലനിരകളുടെ പാരിസ്ഥിതികാഘാതം പഠിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഗാഡ്ഗില്‍ സമിതിയെ നിയോഗിച്ചത്. റിപ്പോര്‍ട്ടു പ്രകാരം പശ്ചിമഘട്ടത്തില്‍ അണക്കെട്ടുകളോ നിര്‍മാണ പ്രവൃത്തികളോ പാടില്ല. നിലവിലുള്ള അണക്കെട്ടുകളുടെ കാലപരിധി പരമാവധി 50 കൊല്ലമാക്കി ഡീകമീഷന്‍ ചെയ്യണമെന്നുമുണ്ട്. നിലവിലുള്ള ജലവൈദ്യുത പദ്ധതികള്‍ ഉപേക്ഷിക്കണമെന്നാണ് ഇത് വ്യക്തമാക്കുന്നത്. പുതിയ ജലവൈദ്യുത പദ്ധതികള്‍ക്കും അനുമതി കിട്ടില്ല. ഭാവി തലമുറയ്ക്കാവശ്യമായ വൈദ്യുതി കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാകും. ഉപതെരഞ്ഞെടുപ്പില്‍ വിഷയമാകുമോയെന്ന് ഭയന്ന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാത്തത് സര്‍ക്കാരിന്റെ വഞ്ചനയാണ്. മറ്റു സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് തള്ളിയപ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കേരളം പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ബാലന്‍ പറഞ്ഞു.


deshabhimani 280512

No comments:

Post a Comment