Monday, May 28, 2012

മാധ്യമ കള്ളക്കഥകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കും


ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ സിപിഐ എമ്മിനെതിരെ കള്ളക്കഥ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ സിപിഐ എം ജില്ലാകമ്മിറ്റി തീരുമാനിച്ചു. പൊലീസ് അറസ്റ്റ് ചെയ്തവര്‍ നല്‍കുന്ന മൊഴി എന്ന വ്യാജേന വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളുടെ നടപടിയും മാധ്യമങ്ങള്‍ക്ക് മൊഴി ചോര്‍ത്തിക്കൊടുക്കുന്ന പൊലീസ് നടപടിയും കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി, പ്രമുഖ അഭിഭാഷകന്‍ പി വി കുഞ്ഞികൃഷ്ണന്‍ മുഖേന ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനാണ് ഹര്‍ജി നല്‍കുന്നത്. പ്രതികളുടെ മൊഴി പൊലീസ് ചോര്‍ത്തിക്കൊടുക്കുന്നതും മാധ്യമങ്ങള്‍ അവ പ്രസിദ്ധീകരിക്കുന്നതും തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും.

പിടിക്കപ്പെടുന്നവരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കോടതിയില്‍ മാത്രമേ പൊലീസ് സമര്‍പ്പിക്കാവൂ എന്ന് 2010 ഡിസംബര്‍ 22ലെ ഒരു വിധിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് അവ ചോര്‍ത്തിക്കൊടുക്കുന്നതും മൊഴി പ്രസിദ്ധീകരിക്കുന്നതും ശിക്ഷാര്‍ഹമാണെന്നും കോടതി പറഞ്ഞിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത് മുതല്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് മാതൃഭൂമിയും മനോരമയും ഉള്‍പ്പെടെയുള്ള പത്രങ്ങളും ചാനലുകളും വാര്‍ത്ത നല്‍കുന്നത്. കസ്റ്റഡിയിലുള്ളവരുടെ മൊഴി എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. സിപിഐ എമ്മിനെ സമൂഹത്തിന് മുന്നില്‍ താഴ്ത്തി കെട്ടുന്നതിനുവേണ്ടിയാണ് ഇത്തരം വാര്‍ത്തകള്‍.

സിപിഐ എമ്മാണ് കൊലപാതകത്തിന് പിന്നില്‍ എന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതിനാല്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വന്‍തോതില്‍ ആക്രമങ്ങള്‍ നടക്കുന്നുണ്ട്. ഒഞ്ചിയം മേഖലയില്‍ നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍, പാര്‍ടി ഓഫീസുകള്‍, ലൈബ്രറികള്‍ എന്നിവ ആക്രമിക്കപ്പെട്ടു. അക്രമങ്ങള്‍ തടയണമെന്നും പാര്‍ടി ഓഫീസുകള്‍, ലൈബ്രറികള്‍, വീടുകള്‍ എന്നിവയ്ക്കുണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കിത്തരണമെന്നും ആവശ്യപ്പെട്ട് സിപിഐ എം പരാതി നല്‍കിയിട്ടും ഒരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുന്നതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

deshabhimani 280512

No comments:

Post a Comment