Wednesday, May 30, 2012

മര്‍ദനം, മൂന്നാംമുറ... ഭീകരാനുഭവങ്ങളുമായി രവീന്ദ്രന്‍


ചെവിയില്‍ അടിയേറ്റ് കരുവാളിച്ചതിന്റെ പാടുകള്‍, കൈയില്‍ ചോര പൊടിയുന്നു...തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അടിയുടെ നിരവധി പാടുകള്‍...ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായി കസ്റ്റഡിയില്‍ കഴിഞ്ഞ പടയങ്കണ്ടി രവീന്ദ്രന്‍ അനുഭവിച്ചത് ക്രൂരമായ മര്‍ദനവും മാനസിക പീഡനവും. കസ്റ്റഡിയിലെടുത്തവര്‍ക്ക് നേരെ ക്രൂരമര്‍ദനവും ഭീകര പീഡനവും മൂന്നാംമുറയുമാണെന്നതിന്റെ തെളിവാണ് രവീന്ദ്രന്റെ ശരീരവും വാക്കുകളും. സബ്ജയിലില്‍ സന്ദര്‍ശിച്ച എംഎല്‍എമാരായ എളമരം കരീം, കെ കെ ലതിക എന്നിവരോടാണ് രവീന്ദ്രന്‍ പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

അടിയന്തരാവസ്ഥക്കാലത്തെ കക്കയം ക്യാമ്പിനെ ഓര്‍മിപ്പിക്കുന്നതാണ് പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ അനുഭവങ്ങള്‍. പ്രാകൃതമായ മര്‍ദനമുറക്കും ചോദ്യംചെയ്യലിനും ഇരയായെന്നാണ് രവീന്ദ്രന്‍ പറഞ്ഞത്. പറയാത്ത കാര്യങ്ങള്‍ സമ്മര്‍ദംചെലുത്തിയും ഭീഷണിപ്പെടുത്തിയും മൊഴിയായി രേഖപ്പെടുത്തിയതായും പറഞ്ഞിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധവുമായി യാതൊരു ബന്ധവുമില്ലെന്ന് എളമരം കരീമിനോടും കെ കെ ലതികയോടും രവീന്ദ്രന്‍ പറഞ്ഞു. രവീന്ദ്രന്‍ ഗൃഹപ്രവേശന ക്ഷണക്കത്ത് നല്‍കി ചന്ദ്രശേഖരനെ കൊലയാളികള്‍ക്ക്് കാട്ടിക്കൊടുത്തുവെന്നാണ് അന്വേഷകസംഘത്തില്‍നിന്നുള്ള വിവരമെന്ന വിധം ചില ചാനലുകളും പത്രങ്ങളും പ്രചരിപ്പിച്ചത്. ഗൃഹപ്രവേശത്തിന്റെ ക്ഷണക്കത്ത് കൊടുത്തു എന്നത് കള്ളക്കഥയാണ്. നിരന്തരം ഭീഷണിപ്പെടുത്തിയും അടിച്ചുമാണ് മൊഴിയെടുക്കല്‍. കസ്റ്റഡിയിലെടുത്ത പ്രതികളെക്കൊണ്ട് തന്നെ മര്‍ദിച്ചു. കൈവിരലുകള്‍ക്കിടയില്‍ പേനകള്‍ തിരുകിവെച്ച് അടിച്ചു-ചോര കട്ടപിടിച്ച കൈവിരല്‍ കാട്ടി രവീന്ദ്രന്‍ പറഞ്ഞു.

ഉറങ്ങാന്‍ അനുവദിക്കാതെയായിരുന്നു ചോദ്യംചെയ്യല്‍. മെയ് 14 മുതല്‍ ദിവസങ്ങളായി ഇതായിരുന്നു അനുഭവം. 14ന് പിടിച്ചതു മുതല്‍ 15ന് ഉച്ചവരെ തുടര്‍ച്ചയായി ചോദ്യംചെയ്യലും മര്‍ദനവും. കണ്‍പോളയടച്ചാല്‍ അടിയും ചോദ്യങ്ങളും. ചോമ്പാല എസ് ഐ ജെ ഇ ജയനാണ് മര്‍ദിച്ചതെന്നും എംഎല്‍എമാരോട് പറഞ്ഞു. "കോടതിയില്‍ മര്‍ദനവിവരം പറഞ്ഞാല്‍ വീണ്ടും കസ്റ്റഡിയില്‍വാങ്ങും, വീണ്ടും ഞങ്ങളുടെ കൈയില്‍ നീ വരും" എന്ന ഭീഷണിമൂലം ഭയന്നുപോയി. ഇതിനാലാണ് കോടതിയില്‍ പീഡനമേറ്റത് അറിയിക്കാതിരുന്നത്. നേരത്തെ ജാമ്യത്തിലിറങ്ങിയ സിപിഐ എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി സി ബാബുവും പീഡനത്തിനിരയായതായി വെളിപ്പെടുത്തിയിരുന്നു.


മാഹിയിലെ വീടുകളില്‍ കേരള പൊലീസിന്റെ തേര്‍വാഴ്ച

മയ്യഴി: ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കണ്ടെത്താനെന്ന പേരില്‍ മാഹിമേഖലയിലെ വീടുകളില്‍ കേരള പൊലീസിന്റെ തേര്‍വാഴ്ച. മാഹിപൊലീസ് അറിയാതെ വീട് വളഞ്ഞ് ഭീകരത സൃഷ്ടിച്ചാണ് കേരള പൊലീസിന്റെ പരിശോധന. പുതുച്ചേരിയില്‍ ജോലിചെയ്യുന്ന സര്‍വീസ് സംഘടനാനേതാവ് എം പ്രേമദാസിന്റെ മൂന്നങ്ങാടിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പൊലീസ് അതിക്രമിച്ചുകയറി ഭീകരത സൃഷ്ടിച്ചത്. കോയ്യോട്ടുതെരുവിലെ ചട്ടേന്റവിട രാജീവന്റെ വീട്ടിലും പൊലീസ് കയറി ഭീകരത സൃഷ്ടിച്ചത് കൂട്ടനിലവിളിക്കിടയാക്കി. പണിതീരാത്ത വീടും പരിസരങ്ങളും പൊലീസ് അരിച്ചുപെറുക്കി. പറമ്പത്ത് അട്ടമ്പായി ശശി, കോഹിന്നൂരിലെ കെ ആര്‍ രവീന്ദ്രന്‍, രേഖ എന്നിവരുടെ വീടുകളിലും പൊലീസ് തെരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസം മാഹി പുത്തലത്തെ വീട്ടില്‍ അതിക്രമിച്ചുകയറി സിപിഐ എം നേതാവ് പി പി രാമകൃഷ്ണനെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയതിന് പിറകെയാണ് വീണ്ടും കേരളപൊലീസിന്റെ അതിക്രമം. പള്ളൂര്‍, മാഹി പ്രദേശങ്ങളില്‍ പൊലീസ് നടത്തുന്ന റെയ്ഡും നടപടികളും കടുത്തപ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് വീടുകളില്‍ കേരളപൊലീസ് നടത്തുന്ന റെയ്ഡ് അവസാനിപ്പിക്കണമെന്ന് സിപിഐ എം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി ആവശ്യപ്പെട്ടു.

പി പി രാമകൃഷ്ണനെ കാണാന്‍ ഭാര്യക്ക് കോടതിയുടെ അനുമതി

വടകര: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഐ എം തലശ്ശേരി ഏരിയാകമ്മിറ്റി അംഗം പി പി രാമകൃഷ്ണനെ കാണാന്‍ ഭാര്യ രാധക്ക് കോടതി അനുമതി നല്‍കി. അഡ്വ. വിശ്വന്‍ മുഖേന നല്‍കിയ ഹരജിയിലാണ് വടകര മജിസ്ട്രേറ്റ് എം ഷുഹൈബിന്റെ ഉത്തരവ്. അഭിഭാഷകരുടെ സാന്നിധ്യത്തിലേ പൊലീസ് ചോദ്യംചെയ്യാവൂ എന്ന ഹരജി കോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ പൊലീസ് ചോദ്യംചെയ്യുന്നതിന്റെ വിവരങ്ങളും കേസ് ഡയറിയും മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് പരിശോധിക്കണമെന്ന ഹരജിയും പരിഗണിക്കും. പൊലീസിന്റെ വാദംകേള്‍ക്കാനായാണ് ഈ ഹരജി ബുധനാഴ്ചത്തേക്ക് മാറ്റിയത്. രാമകൃഷ്ണനെ കസ്റ്റഡിയില്‍ കിട്ടണമെന്ന പൊലീസിന്റെ ഹര്‍ജിപ്രകാരം മൂന്നുദിവസത്തേക്ക് വിട്ടുനല്‍കാനും കോടതി വിധിച്ചു.


deshabhimani 300512

1 comment:

  1. ചെവിയില്‍ അടിയേറ്റ് കരുവാളിച്ചതിന്റെ പാടുകള്‍, കൈയില്‍ ചോര പൊടിയുന്നു...തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അടിയുടെ നിരവധി പാടുകള്‍...ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായി കസ്റ്റഡിയില്‍ കഴിഞ്ഞ പടയങ്കണ്ടി രവീന്ദ്രന്‍ അനുഭവിച്ചത് ക്രൂരമായ മര്‍ദനവും മാനസിക പീഡനവും. കസ്റ്റഡിയിലെടുത്തവര്‍ക്ക് നേരെ ക്രൂരമര്‍ദനവും ഭീകര പീഡനവും മൂന്നാംമുറയുമാണെന്നതിന്റെ തെളിവാണ് രവീന്ദ്രന്റെ ശരീരവും വാക്കുകളും. സബ്ജയിലില്‍ സന്ദര്‍ശിച്ച എംഎല്‍എമാരായ എളമരം കരീം, കെ കെ ലതിക എന്നിവരോടാണ് രവീന്ദ്രന്‍ പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്

    ReplyDelete