Saturday, May 26, 2012

മാധ്യമവിചാരണ കോടതിവിധികളുടെ ലംഘനം


ടി പി ചന്ദ്രശേഖരന്‍ വധ കേസന്വേഷണത്തില്‍ മാധ്യമ വാര്‍ത്തകള്‍ കോടതി നിര്‍ദേശങ്ങള്‍ക്കും ഉത്തരവിനും വിരുദ്ധം. സുപ്രീംകോടതി, ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ പൂര്‍ണ ലംഘനമാണ് ചാനലുകളും പത്രങ്ങളും നല്‍കുന്ന വാര്‍ത്തകള്‍. പ്രതികള്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഇല്ലാതാക്കുന്ന മാധ്യമവിചാരണ മൗലികാവകാശലംഘനമായി വിവിധഘട്ടങ്ങളില്‍ കോടതികള്‍ നിരീക്ഷിച്ചിട്ടുണ്ട്. കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയ കുറ്റമാണ് ഇരുപത് ദിവസമായി മാധ്യമങ്ങള്‍ നടത്തുന്നത്. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് നഗ്നമായ നിയമലംഘനം. അന്വേഷണസംഘത്തില്‍നിന്നും ഔദ്യോഗികമായി യാതൊരുവിവരവും മാധ്യമങ്ങള്‍ക്ക് നല്‍കുന്നില്ലെന്നാണ് ഡിജിപി ജേക്കബ് പുന്നൂസും പ്രത്യേകാന്വേഷണസംഘ തലവന്‍ എഡിജിപി വിന്‍സന്‍ എം പോളും വ്യക്തമാക്കിയത്. അന്വേഷണ വേളയില്‍ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ വരുന്നത് തടയേണ്ടത് പൊലീസ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും നിയമപരമായ ബാധ്യതയാണ്.

കോടതിയലക്ഷ്യനടപടിക്ക് കാരണമായി മാധ്യമവിചാരണയെന്ന് കോടതികള്‍ വിശേഷിപ്പിച്ചതിന് സമാനമായ റിപ്പോര്‍ട്ടിങ്ങാണ് ചന്ദ്രശേഖരന്‍ വധത്തില്‍ ഇപ്പോള്‍ തുടരുന്നത്. കസ്റ്റഡിയിലെടുത്തവരുടെ മൊഴികളും വിവിരങ്ങളുമെന്ന വിധമാണ് വാര്‍ത്തകള്‍. അന്വേഷണസംഘത്തിലെ ഡിവൈഎസ്പിമാരായ ജോസി ചെറിയാനും കെ വി സന്തോഷുമാണ് കോടതിക്കും നിയമത്തിനും വിരുദ്ധമായി അന്വേഷണവിവരമെന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് കഥകള്‍ ചമച്ച് നല്‍കുന്നതിലെ പ്രധാനകണ്ണികള്‍. പ്രമുഖ പത്രത്തിന്റെയും വാര്‍ത്താചാനലിന്റെയും ലേഖകരുമായി ചേര്‍ന്നാണ് ഇവരുടെ കഥാനിര്‍മിതി. കസ്റ്റഡിയിലെടുക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കുന്ന മൂന്നാംമുറപ്രയോഗത്തിന്റെ നേതൃത്വവും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ സന്തോഷിനാണ്.

ക്രിമിനല്‍ കേസില്‍ പ്രഥമവിവരറിപ്പോര്‍ട് (എഫ്ഐആര്‍) കോടതിക്ക് കൈമാറിയാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരുവിവരവും പുറത്തുനല്‍കാന്‍ അധികാരവും സ്വാതന്ത്ര്യവുമില്ലെന്നാണ് കോടതി വിധി. അന്വേഷണവിവിരങ്ങള്‍ പരസ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥനെതിരെ സ്വഭാവദൂഷ്യം നടത്തിയതായി കണ്ട് നടപടിയെടുക്കണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു. മുരുകേശന്‍/സ്റ്റേറ്റ് ഓഫ് കേരള (2011(1) കെഎല്‍ടി-194) എന്ന കേസിലായിരുന്നു മാധ്യമവിചാരണ വിലക്കിയ ഉത്തരവുണ്ടായത്. അന്വേഷണത്തിനായി ഉദ്യോഗസ്ഥന്‍ തയ്യാറാക്കുന്ന കേസ് ഡയറിയിലെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാണ് കോടതി വിവിധഘട്ടങ്ങളില്‍ പറഞ്ഞിട്ടുള്ളത്. വിവാദമായ ജസീക്കാലാല്‍ വധക്കേസില്‍ സുപ്രീംകോടതി മാധ്യമവിചാരണ ജീവിക്കാനുള്ള അവകാശത്തിനെതിരാണെന്ന് വിധിച്ചിരുന്നു. ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിലെ ഡിവൈഎസ്പിമാര്‍ നിരന്തരം ഈ നീതിനിഷേധത്തില്‍ പങ്കാളികളാണ്. സിപിഐ എമ്മിന്റെ ഉന്നത നേതാക്കള്‍ പിടിയിലാകുമെന്ന് ഇവര്‍ ചില വാര്‍ത്താചാനലുകാരോട് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
(പി വി ജീജോ)

"മൊഴിയെടുക്കുന്നത് " മനോരമ

"കുറ്റസമ്മത"വും ദൃക്സാക്ഷി വിവരണവും മനോരമ വക. കള്ളക്കഥ മെനയാന്‍ പൊലീസ് സഹായം- ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരെ നടക്കുന്നത് മാധ്യമഭീകരതയുടെ അഴിഞ്ഞാട്ടം. അറസ്റ്റിലായവരുടെ മൊഴി എന്ന നിലയില്‍ ദിവസങ്ങളായി മാധ്യമങ്ങളില്‍ വരുന്നത് സിപിഐ എം വിരുദ്ധവികാരം കുത്തിയിളക്കാന്‍ ലക്ഷ്യമിട്ട് ചമയ്ക്കുന്ന കെട്ടുകഥകളാണ്. അന്വേഷണവിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ഡിജിപി ആവര്‍ത്തിക്കുമ്പോഴും നിയമത്തെ വെല്ലുവിളിച്ച് "വിവരങ്ങള്‍" അന്വേഷണസംഘത്തിന്റെ മൊബൈല്‍ ഫോണുകളിലൂടെ പ്രവഹിക്കുന്നു.

വിളിച്ചുവരുത്തി അറസ്റ്റുരേഖപ്പെടുത്തിയ സിപിഐ എം ഏരിയ സെക്രട്ടറി സി എച്ച് അശോകന്‍ "എല്ലാ കുറ്റവും സമ്മതിച്ചെ"ന്നാണ് വെള്ളിയാഴ്ച മലയാളമനോരമയുടെ പ്രധാന വാര്‍ത്ത. ചോദ്യംചെയ്യലിന്റെ ദൃക്സാക്ഷിവിവരണം എന്ന മട്ടിലാണ് ഇതു വന്നത്. ലേഖകന്‍ മെനഞ്ഞ കഥയാണ് ഇതെങ്കില്‍ അയാള്‍ക്കെതിരെ കേസെടുക്കണം; അതല്ല, പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയതാണെങ്കില്‍ ഉത്തരവാദിയെ കണ്ടെത്തി ശിക്ഷിക്കാനുള്ള ബാധ്യത പൊലീസ് തലവനുതന്നെയാണ്. ഭരണകക്ഷിയുടെ രാഷ്ട്രീയ വിടുവേലക്കാരായി; ചാരന്മാരായി അന്വേഷണസംഘത്തിലെ ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പരസ്യമാകുന്നതിലൂടെ സംഘത്തിന്റെ വിശ്വാസ്യത തകരുകയാണ്. ഇതു മറികടക്കാന്‍, "അന്വേഷണത്തില്‍ സിപിഎം ചാരന്മാര്‍" എന്നാണ് മനോരമ വാര്‍ത്ത കൊടുത്തത്. ചാരന്മാരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അതിനോട് പ്രതികരിക്കുകയും ചെയ്തു. സംഘത്തില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നവരെ മാറ്റാനും താളത്തിനു തുള്ളുന്നവരെ മാത്രം ഉള്‍ക്കൊള്ളിക്കാനുമുള്ള ഉപായമാണ് ഈ നാടകം.

അറസ്റ്റുചെയ്യപ്പെട്ടവരെ ഭക്ഷണം കൊടുക്കാതെയും ദിവസങ്ങളോളം ഉറങ്ങാന്‍ അനുവദിക്കാതെയും അതികഠിനമായ ശാരീരിക-മാനസിക സമ്മര്‍ദത്തിലേക്ക് എത്തിക്കുന്നതായി വിവരമുണ്ട്. മൂന്നാംമുറയുടെയും അതിനായി പ്രവര്‍ത്തിക്കുന്ന രഹസ്യകേന്ദ്രത്തിന്റെയും സൂചനകള്‍ വന്നുകഴിഞ്ഞു. സിപിഐ എമ്മിനെ തകര്‍ത്തേ അടങ്ങൂ എന്ന നിലയിലാണ് യുഡിഎഫ് നേതാക്കളും മാധ്യമസംഘവും നീങ്ങുന്നത്. ആദ്യദിവസങ്ങളില്‍ സൃഷ്ടിച്ച കഥകള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ "ദൃക്സാക്ഷിവിവരണങ്ങള്‍".

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഒറ്റപ്പെട്ട് നൈരാശ്യത്തിലാണ്ടിരുന്ന പാര്‍ടിവിരുദ്ധര്‍ വടകര മേഖലയില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. പാര്‍ടിയെ ഒറ്റുകൊടുത്തതിന് കൈയോടെ പിടിക്കപ്പെട്ട് പുറത്തായി ആരും തിരിഞ്ഞുനോക്കാതെ നടന്നവര്‍ക്ക് ഇപ്പോള്‍ നല്ല മാര്‍ക്കറ്റാണ്. പാര്‍ടിവിരുദ്ധമാധ്യമസംഘം അപവാദപ്രചാരണത്തില്‍ അവരുടെ പഴയ റെക്കോഡുകള്‍ ഭേദിക്കാനുള്ള കഠിനപ്രയത്നത്തിലാണ്. പത്ര- ദൃശ്യമാധ്യമങ്ങളിലൂടെ പാര്‍ടിക്കെതിരെ ആരോപണമുയര്‍ത്തുകയും അതനുസരിച്ച് അന്വേഷണഗതി നിശ്ചയിക്കുകയും ചെയ്യുന്ന രീതിയാണ് അരങ്ങേറുന്നത്. സ്വകാര്യലാഭത്തിനു വേണ്ടിയുള്ള കൊലപാതകമെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസ് മേധാവി വെളിപ്പെടുത്തിയെങ്കിലും പിന്നീട് രാഷ്ട്രീയലക്ഷ്യത്തോടെ അന്വേഷണം വഴിമാറ്റി. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും സിപിഐ എമ്മിനെതിരെ വാളോങ്ങി അന്വേഷണഗതി നിര്‍ണയിക്കുന്നു. കേസിനൊപ്പം അവസാനം വരെ താനുണ്ടാകുമെന്നാണ് മുല്ലപ്പള്ളിയുടെ ഒടുവിലത്തെ ഭീഷണി.
(കെ എം മോഹന്‍ദാസ്)

വടകരയില്‍ കക്കയം ക്യാമ്പിന്റെ ആവര്‍ത്തനം: എളമരം കരീം

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് അടിയന്തരാവസ്ഥക്കാലത്തെ കക്കയം ക്യാമ്പിനെ അനുസ്മരിപ്പിക്കുന്ന ക്രൂരതയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കസ്റ്റഡിയിലെടുക്കുന്നവരെ ഭക്ഷണം പോലും നല്‍കാതെ അവശരാക്കിയാണ് ചോദ്യം ചെയ്യുന്നത്. മൂന്നാംമുറയും പ്രയോഗിക്കുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളവരെ ദിവസങ്ങളോളം ഉറങ്ങാന്‍ അനുവദിക്കാതെ ശാരീരികമായും മാനസികമായും കടുത്ത സമ്മര്‍ദത്തിലാക്കി പൊലീസ് ആവശ്യപ്പെടുന്നത് സമ്മതിപ്പിക്കുന്ന രീതിയിലാണ് ചോദ്യംചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഉദ്യോഗസ്ഥരാണ് മനുഷ്യത്വ രഹിതമായ പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മനുഷ്യത്വം തൊട്ടുതീണ്ടാത്ത കാട്ടാളത്തമാണ് വടകരയിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കേന്ദ്രത്തില്‍ നടക്കുന്നത്. സി എച്ച് അശോകന്റെയും രാമചന്ദ്രന്റെയും മൊഴികളെന്ന വ്യാജേന മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരും ചില മാധ്യമങ്ങളും സിപിഐ എം നേതാക്കളെ കേസില്‍ കുടുക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് നീങ്ങുന്നു.

ദീര്‍ഘകാലം എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സി എച്ച് അശോകന്‍ ഒരു ക്രിമിനല്‍ ഗൂഢാലോചനയിലും പങ്കാളിയാവില്ലെന്ന് അദ്ദേഹത്തെ അറിയുന്ന എല്ലാവര്‍ക്കും ഉറപ്പുണ്ട്. പാര്‍ടിയെ കരിവാരിത്തേക്കാന്‍ മാത്രമാണ് അശോകനെ കള്ളക്കേസില്‍ കുടുക്കിയത്. പലതരം രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന അശോകനെ മനുഷ്യത്വപരമായ പരിഗണന പോലും നല്‍കാതെ പീഡിപ്പിക്കുന്നു. ചോദ്യംചെയ്യലിന്റെ മറവില്‍ ജീവന്‍തന്നെ അപകടപ്പെടുത്തുന്ന ക്രൂരതയാണ് നടക്കുന്നത്. അശോകനും മറ്റുള്ളവര്‍ക്കും എന്തെങ്കിലും സംഭവിച്ചാല്‍ സംസ്ഥാന മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും.

കേസില്‍ കസ്റ്റഡിയില്‍ എടുത്തവര്‍ നല്‍കുന്ന മൊഴിയെന്ന് പറഞ്ഞ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കുപിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനാണ്. ക്രിമിനല്‍ നടപടി നിയമമനുസരിച്ച് പൊലീസ് പ്രതികളില്‍നിന്ന് തെളിവെടുപ്പിന് ശേഖരിക്കുന്ന മൊഴി വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിലപാട് വ്യക്തമാക്കണം. യുഡിഎഫിന്റെ അജന്‍ഡയനുസരിച്ച് അന്വേഷണം വഴിതിരിച്ചുവിട്ടിരിക്കയാണ്. മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും മുന്‍കൂട്ടി പ്രഖ്യാപിച്ച സിപിഐ എം നേതാക്കളെ കേസില്‍ കുടുക്കാന്‍ വേണ്ട തെളിവുകള്‍ ശേഖരിക്കലാണ് അന്വേഷണ സംഘം ചെയ്യുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് കഴിയുന്നത്ര പാര്‍ടി നേതാക്കളെ പ്രതികളാക്കുകയാണ് ലക്ഷ്യം. സമീപകാലത്തൊന്നും സംസ്ഥാനം ദര്‍ശിച്ചിട്ടില്ലാത്ത മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധ പ്രവര്‍ത്തനവുമാണ് പൊലീസ് നടത്തുന്നത്. യുഡിഎഫിന്റെ സിപിഐ എം വേട്ടക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് എളമരം കരീം അഭ്യര്‍ഥിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഭാസ്കരന്‍ എന്നിവരും പങ്കെടുത്തു.

deshabhimani 260512

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധ കേസന്വേഷണത്തില്‍ മാധ്യമ വാര്‍ത്തകള്‍ കോടതി നിര്‍ദേശങ്ങള്‍ക്കും ഉത്തരവിനും വിരുദ്ധം. സുപ്രീംകോടതി, ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ പൂര്‍ണ ലംഘനമാണ് ചാനലുകളും പത്രങ്ങളും നല്‍കുന്ന വാര്‍ത്തകള്‍. പ്രതികള്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഇല്ലാതാക്കുന്ന മാധ്യമവിചാരണ മൗലികാവകാശലംഘനമായി വിവിധഘട്ടങ്ങളില്‍ കോടതികള്‍ നിരീക്ഷിച്ചിട്ടുണ്ട്. കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയ കുറ്റമാണ് ഇരുപത് ദിവസമായി മാധ്യമങ്ങള്‍ നടത്തുന്നത്. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് നഗ്നമായ നിയമലംഘനം. അന്വേഷണസംഘത്തില്‍നിന്നും ഔദ്യോഗികമായി യാതൊരുവിവരവും മാധ്യമങ്ങള്‍ക്ക് നല്‍കുന്നില്ലെന്നാണ് ഡിജിപി ജേക്കബ് പുന്നൂസും പ്രത്യേകാന്വേഷണസംഘ തലവന്‍ എഡിജിപി വിന്‍സന്‍ എം പോളും വ്യക്തമാക്കിയത്. അന്വേഷണ വേളയില്‍ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ വരുന്നത് തടയേണ്ടത് പൊലീസ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും നിയമപരമായ ബാധ്യതയാണ്.

    ReplyDelete