Sunday, May 27, 2012

സിഎജി റിപ്പോര്‍ട്ട് പരിഗണിച്ചില്ല; ടൈറ്റാനിയം അഴിമതി അന്വേഷണം മരവിപ്പിച്ചു


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണമുയര്‍ന്ന ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം മരവിപ്പിക്കുന്നു. മലിനീകരണ നിയന്ത്രണപദ്ധതിയുടെ മറവില്‍ ടൈറ്റാനിയത്തില്‍ നടന്ന കോടികളുടെ അഴിമതി ചൂണ്ടിക്കാട്ടിയ 2007ലെ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അന്വേഷണസംഘം ഇതുവരെ പരിഗണിച്ചിട്ടില്ല. കേസിലെ രണ്ടു സാക്ഷികളെ ചോദ്യംചെയ്ത് അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനാണ് വിജിലന്‍സ് നീക്കം. അന്വേഷണം മന്ദഗതിയില്‍ നീങ്ങുന്നത് അന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിമര്‍ശിച്ചിരുന്നു.

മലിനീകരണ നിയന്ത്രണപദ്ധതി നടപ്പാക്കുന്നതില്‍ കോടികളുടെ അഴിമതി നടന്നതായി കാണിച്ചുസമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, അന്ന് വ്യവസായമന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ക്കെതിരെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ടൈറ്റാനിയം ജീവനക്കാരനായിരുന്ന എസ് ജയന്‍ അഡ്വ. എസ് ചന്ദ്രശേഖരന്‍നായര്‍ മുഖേന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് അന്വേഷണത്തിന് ജഡ്ജി പി കെ ഹനീഫ ഉത്തരവിട്ടത്. അന്വേഷണം മന്ദഗതിയിലായതിനാല്‍ കേസ് കോടതി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ കോടതിയെ വീണ്ടും സമീപിച്ചിരുന്നു. ഈ സമയത്താണ് അഴിമതിയുടെ പൂര്‍ണരൂപം തെളിയിക്കുന്ന സിഎജി റിപ്പോര്‍ട്ട് ഹാജരാക്കിയത്. കൂടാതെ അന്വേഷണം ആരംഭിച്ചിട്ടും, തന്നെ ഇതുവരെ ചോദ്യംചെയ്തില്ലെന്നും ഹര്‍ജിക്കാരന്‍ പരാതിപ്പെട്ടിരുന്നു.

തുടര്‍ന്ന് ഹര്‍ജിക്കാരനെ അടിയന്തരമായി ചോദ്യംചെയ്യണമെന്നും സിഎജി റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പരിഗണിക്കണമെന്നും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. ജൂണ്‍ 25നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മെക്കോണ്‍ എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റാക്കി മലിനീകരണ നിയന്ത്രണപദ്ധതിയായ കോപ്പറസ് റിക്കവറി പ്ലാന്റും ആസിഡ് റിക്കവറി പ്ലാന്റും നിര്‍മിക്കാനുള്ള കരാറാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അമിത താല്‍പ്പര്യമെടുത്ത് 2004ല്‍ നടപ്പാക്കിയത്. പദ്ധതി പ്രായോഗികമല്ലെന്ന് ഉറപ്പുണ്ടായിട്ടും ക്രമവിരുദ്ധമായി പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത് തെറ്റായെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്. 10 കോടി രൂപയുടെ ന്യൂട്രലൈസേഷന്‍ പദ്ധതി നടപ്പാക്കാനുള്ള കമ്പനി ശുപാര്‍ശ പരിഗണിക്കാതെയാണ് 256.10 കോടിയുടെ മലിനീകരണപ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ പങ്കാളിത്തവും വന്‍ മുതല്‍മുടക്കും ആവശ്യമുള്ളതിനാല്‍ ഈ പദ്ധതി നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ബോധ്യമുണ്ടായിട്ടും കരാര്‍ നല്‍കി. കമ്പനിയില്‍ അടിയന്തരമായി ന്യൂട്രലൈസേഷന്‍ പദ്ധതി തുടങ്ങേണ്ടിയിരുന്നു. ഇത് ആരംഭിച്ചശേഷം പ്ലാന്റിന്റെ നിര്‍മാണത്തെക്കുറിച്ച് ആലോചിച്ചാല്‍ മതിയായിരുന്നു.

പ്ലാന്റ് പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ വായ്പകളെക്കുറിച്ച് മുന്‍കരുതലുകള്‍ ഇല്ലാതെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. മെക്കോണ്‍ കമ്പനിയില്‍ നിന്ന് പദ്ധതിക്ക് ആവശ്യമായ എസ്റ്റിമേറ്റ് പുതുക്കുംമുമ്പ് ഒന്നാം ഘട്ടത്തിനുള്ള 68 കോടി രൂപയുടെ സാധനങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതിനെ സിഎജി വിമര്‍ശിച്ചിരുന്നു. കരാറില്‍ ഏര്‍പ്പെട്ട സമയത്ത് പുതുക്കിയ എസ്റ്റിമേറ്റ് മെക്കോണ്‍ കമ്പനിയില്‍ നിന്ന് വാങ്ങാത്തതിനാല്‍ ചെലവ് എത്ര വരുമെന്ന് അറിയാന്‍ കഴിഞ്ഞില്ല. വിദേശത്തുനിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്തശേഷമാണ് പുതുക്കിയ എസ്റ്റിമേറ്റ് കമ്പനി വച്ചത്. 256.10 കോടിയില്‍നിന്ന് പദ്ധതിത്തുക ഒറ്റയടിക്ക് 414.40 കോടിയായി ഉയര്‍ത്തിയാണ് പുതുക്കിയ എസ്റ്റിമേറ്റ് നല്‍കിയത്. വന്‍ സാമ്പത്തിക ചെലവുള്ള ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കൈക്കൊള്ളേണ്ട മുന്‍കരുതല്‍ നടത്താതെയാണ് ഈ പദ്ധതിയുടെ കരാറില്‍ ഒപ്പുവച്ചത്. ഇതിനെ സിഎജി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
(വിജയ്)

deshabhimani 280512

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണമുയര്‍ന്ന ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം മരവിപ്പിക്കുന്നു. മലിനീകരണ നിയന്ത്രണപദ്ധതിയുടെ മറവില്‍ ടൈറ്റാനിയത്തില്‍ നടന്ന കോടികളുടെ അഴിമതി ചൂണ്ടിക്കാട്ടിയ 2007ലെ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അന്വേഷണസംഘം ഇതുവരെ പരിഗണിച്ചിട്ടില്ല. കേസിലെ രണ്ടു സാക്ഷികളെ ചോദ്യംചെയ്ത് അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനാണ് വിജിലന്‍സ് നീക്കം. അന്വേഷണം മന്ദഗതിയില്‍ നീങ്ങുന്നത് അന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിമര്‍ശിച്ചിരുന്നു.

    ReplyDelete