Monday, May 28, 2012

ശ്രീചിത്തിര സെന്ററിനുവേണ്ടി കണ്ടെത്തിയ പ്രിദര്‍ശിനി ഭൂമി കോണ്‍ഗ്രസ്സ് കൈയേറി


ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കാന്‍ കണ്ടെത്തിയ സര്‍ക്കാര്‍ ഭൂമി കോണ്‍ഗ്രസ്സിന്റെ ആദിവാസി സംഘടന കൈയേറി. ലക്കിടിയിലെ പ്രിയദര്‍ശനി ഭൂമിയാണ് ഇരുനൂറോളം പേര്‍ ഞായറാഴ്ച കൈയേറിയത്. ശ്രീചിത്തിരയ്ക്കുവേണ്ടി സ്വകാര്യഭൂമി ഏറ്റെടുപ്പിക്കാന്‍ ശ്രമിക്കുന്ന റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളുള്ള കോണ്‍ഗ്രസ്സിന്റെ ചില നേതാക്കള്‍ ആദിവാസികളെ ബലിയാടാക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ആദിവാസികളെ പുനരധിവസിപ്പിക്കാനായി 1984 ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച പ്രിയദര്‍ശിനി തേയിലത്തോട്ടത്തിന്റെ ഭാഗമായ ഭൂമിയാണ് കോണ്‍ഗ്രസിന്റെ ആദിവാസി സംഘടനയായ ആദിവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറിയത്. ലക്കിടിയില്‍ 280 ഏക്കര്‍ ഭൂമിയാണുള്ളത്. വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലുള്ള ആദിവാസികളെക്കൊണ്ടാണ് ഭൂമി കൈയേറിപ്പിച്ചത്. 1971ല്‍ മിച്ചഭൂമിയായി ഏറ്റെടുത്ത് പിന്നീട് നിക്ഷിപ്ത വനമാക്കി മാറ്റിയിടങ്ങളിലാണ് ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ ഭൂരഹിതരായ ആദിവാസികള്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത്. പിന്നീട് ആദിവാസി കോണ്‍ഗ്രസ്സ്, ആദിവാസി മഹാസംഘം, ആദിവാസി സംഘ് എന്നീ സംഘടനകളും നിക്ഷിപ്തവനഭൂമിയില്‍ അവകാശം സ്ഥാപിച്ചു. ഈ സമരം സജീവമായി ജില്ലയില്‍ തുടരുകയാണ്.

ഇതിനിടയിലാണ് ലക്കിടിയില്‍ പ്രിയദര്‍ശിനി ഭൂമി ആദിവാസി കോണ്‍ഗ്രസ്സ് കൈയേറിയത്. ഈ കൈയേറ്റത്തിനുപിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണെന്ന് കോണ്‍ഗ്രസ്സിലെ ഒരുവിഭാഗവും ആരോപിക്കുന്നു.

നേരത്തെ ശ്രീചിത്തിര സെന്ററിനുവേണ്ടി ഭൂമി ഏറ്റെടുക്കാന്‍ അന്വേഷണം തുടങ്ങിയപ്പോള്‍ സ്വകാര്യഭൂമി ഏറ്റെടുപ്പിക്കാന്‍ ചില ജനപ്രതിനിധികളും അണിയറയില്‍ നീക്കം നടത്തിയിരുന്നു. സ്വകാര്യ തോട്ടഭൂമി കണ്ടെത്തി അത് ഉയര്‍ന്നവിലയ്ക്ക് സര്‍ക്കാരിന് കൈമാറാന്‍ ധാരണയാക്കുകയും അതിന്റെ കമീഷന്‍ പറഞ്ഞുറപ്പിക്കുകയുംചെയ്തു. ഇത് വിവാദമായപ്പോള്‍ കഴിഞ്ഞവര്‍ഷം ആഗസ്തില്‍ മന്ത്രി പി കെ ജയലക്ഷ്മി ഇടപെട്ട് സര്‍ക്കാര്‍ ഭൂമി തന്നെ കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചു. അന്നത്തെ ജില്ലാ അധികൃതരും സ്വകാര്യ ഭൂമിക്കെതിരായിരുന്നു. ഇതിനുശേഷമാണ് ശ്രീചിത്തിര ഡയറക്ടര്‍ ഡോ. കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ലക്കിടിയിലെ ഭൂമി സന്ദര്‍ശിച്ച് അനുകൂല റിപ്പോര്‍ട്ടു നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ഭൂമി ഏറ്റെടുക്കാവുന്നതാണെന്ന് കലക്ടറും സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്‍കി. മന്ത്രി ജയലക്ഷ്മിയുടെ നടപടി ഉന്നതനായ ഒരു കോണ്‍ഗ്രസ്സ് നേതാവിന് ഇഷ്ടപ്പെട്ടില്ല എന്നത് പരസ്യമായ രഹസ്യമാണ്. ഇതിനിടയിലാണ് പ്രിയദര്‍ശിനി ഭൂമിയില്‍ ആദിവാസി കോണ്‍ഗ്രസ്സ് കയറിയത്. മന്ത്രി പി കെ ജയലക്ഷ്മി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും കുടില്‍കെട്ടല്‍ തുടരുകയാണ്. ലക്കിടിയില്‍ ശ്രീചിത്തിരയുടെ മെഡിക്കല്‍ കാംപസ് തുടങ്ങുന്നതിന് നടപടികള്‍ പുരോഗമിക്കുന്നതിനിടയിലുള്ള കൈയേറ്റത്തിനുപിന്നില്‍ ആദിവാസി ഭൂസമരത്തെ ദുര്‍ബലമാക്കാനും ഒപ്പം ശ്രീചിത്തിര സെന്ററിനുവേണ്ടി സ്വകാര്യ ഭൂമി ഏറ്റെടുപ്പിക്കാനുമുള്ള ശ്രമമാണെന്നാണ് ആക്ഷേപം.

deshabhimani 280512

1 comment:

  1. ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കാന്‍ കണ്ടെത്തിയ സര്‍ക്കാര്‍ ഭൂമി കോണ്‍ഗ്രസ്സിന്റെ ആദിവാസി സംഘടന കൈയേറി. ലക്കിടിയിലെ പ്രിയദര്‍ശനി ഭൂമിയാണ് ഇരുനൂറോളം പേര്‍ ഞായറാഴ്ച കൈയേറിയത്. ശ്രീചിത്തിരയ്ക്കുവേണ്ടി സ്വകാര്യഭൂമി ഏറ്റെടുപ്പിക്കാന്‍ ശ്രമിക്കുന്ന റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളുള്ള കോണ്‍ഗ്രസ്സിന്റെ ചില നേതാക്കള്‍ ആദിവാസികളെ ബലിയാടാക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

    ReplyDelete