Tuesday, June 26, 2012

സ്വകാര്യ വാഗണ്‍ ഫാക്ടറി: കണ്ണ് 100 കോടിയുടെ സിലിക്ക മണലില്‍


ആലപ്പുഴ: സ്വകാര്യ വാഗണ്‍ ഫാക്ടറിയുടെ മറവില്‍ 100 കോടിയിലേറെ രൂപ മൂല്യമുള്ള സിലിക്ക മണല്‍ ശേഖരം കൈക്കലാക്കാനാണ് ഫാക്ടറിക്കായി തിരുവിഴയ്ക്കടുത്തെ ഇലഞ്ഞിയില്‍ പാടശേഖരം തെരഞ്ഞെടുത്തതെന്ന് സൂചന. വാഗണ്‍ ഫാക്ടറിയുടെ സ്വകാര്യ സംരംഭകരെയോ, സംരംഭത്തിന്റെ സ്വഭാവമോ തീരുമാനിക്കാതെ 67 ഏക്കര്‍ ഏറ്റെടുക്കുന്നതിലും ദുരൂഹതയുണ്ട്. ഇലഞ്ഞിയില്‍ പാടശേഖത്തിലെ 90 ശതമാനം സ്ഥലത്തും സിലിക്ക മണലിന്റെ വന്‍ ശേഖരമുള്ളതായി മണല്‍ ഖന രംഗത്തുള്ളവര്‍ പറയുന്നു. പ്രദേശത്തെ ഒരുസെന്റ് ഭൂമിയില്‍ നിന്ന് 100 ടണ്‍ സിലിക്ക മണല്‍ കിട്ടും. 67 ഏക്കറില്‍ 60 ഏക്കര്‍ എടുത്താല്‍ തന്നെ ആറു ലക്ഷം ടണ്‍ സിലിക്ക ശേഖരമുണ്ട്. ഒരു ടണ്‍ സിലിക്ക മണലിന് പുറം മാര്‍ക്കറ്റില്‍ 2000 രൂപ വരെയാണ് വില. അതായത് ആറു ലക്ഷം ടണ്ണിന് 120 കോടി രൂപയെങ്കിലും കിട്ടുമെന്നര്‍ത്ഥം. സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് വ്യവസായത്തിനായി നല്‍കിയ ശേഷം പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിച്ചാല്‍ പിന്നെ അതിനുള്ളില്‍ നടക്കുന്നതിനെ നിയമപരമായി ചോദ്യം ചെയ്യാന്‍ പോലുമാകില്ല. ഒരു പൈസ മുടക്കാതെ സ്വകാര്യ സംരംഭകന് 67 ഏക്കര്‍ സ്ഥലം കൈയിലാകും. ഇഷ്ടം പോലെ ഖനവുമാകാം. പാടശേഖത്തെ മണല്‍ ഖനം, സ്ഥലം നികത്തുന്നതിനേക്കാള്‍ വലിയ പാരിസ്ഥിതിക പ്രത്യഘാതമാകും ഉണ്ടാക്കുക.

കാസ്റ്റിങ്ങിനു വേണ്ട അസംസ്കൃത വസ്തുവായ സിലിക്ക മണലിന്റെ ലഭ്യതയാണ് സ്വകാര്യസംരംഭകരെ ഇവിടേക്ക് ആകര്‍ഷിച്ചതെന്നതില്‍ സംശയമില്ലെന്ന് ഓട്ടോകാസ്റ്റിലെ വിദഗ്ധരും പറയുന്നു. ഒരു ടണ്‍ ഇരുമ്പ് കാസ്റ്റ് ചെയ്യാന്‍ അഞ്ച് ടണ്‍ സിലിക്ക മണല്‍ വേണ്ടി വരും. ഇപ്പോള്‍ ഖനത്തിന് നിയന്ത്രണമുള്ളതിനാല്‍ സിലിക്കയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. അതു കൂടി മുന്നില്‍ കണ്ടാണ് ഈ നീക്കം. സംരംഭം തുടങ്ങുമ്പോള്‍ വര്‍ഷം നിശ്ചിത അളവ് സിലിക്ക ലഭ്യമാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പും നല്‍കേണ്ടിവരും. ഇത് ഓട്ടോകാസ്റ്റിലെ മണല്‍ ലഭ്യത കുറയ്ക്കുകയും പൊതു മേഖലാസ്ഥാപനത്തിന് ദോഷമായി തീരുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

തിരുവിഴയ്ക്കടുത്ത് സ്ഥാപിക്കുന്ന സ്വകാര്യ വാഗണ്‍ ഫാക്ടറിക്ക് എത്ര സ്ഥലം വേണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. കമ്പനിയില്‍ വാഗണിന്റെ ഏതെങ്കിലും ഭാഗം ഉല്‍പ്പാദിപ്പിക്കാനാണോ, വിവിധ ഭാഗങ്ങളുടെ കൂട്ടിച്ചേര്‍ക്കലിനാണോ സ്വകാര്യ സംരംഭകന്‍ ഉദ്ദേശിക്കുന്നതെന്ന് അറിഞ്ഞാല്‍ മാത്രമേ വേണ്ട സ്ഥലത്തിന്റെ അളവ് തീരുമാനിക്കാനാകൂ എന്നും അവര്‍ യോഗത്തില്‍ പറഞ്ഞു. ഫാക്ടറിക്കായി 10 മുതല്‍ 20 ഏക്കര്‍ വരെ വേണ്ടി വരുമെന്നും സൂചന നല്‍കി. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പേ ഏറ്റെടുക്കേണ്ട ഭൂമിയെ സംബന്ധിച്ചും അതിന്റെ വിസ്തൃതി സംബന്ധിച്ചും തീരുമാനിച്ച് നടപടി ആരംഭിച്ചിരുന്നു. സംരംഭത്തിന്റെ സ്വഭാവം തീരുമാനിച്ചിട്ടില്ലെങ്കിലും കമ്പനിക്കായി അജ്ഞാതസംരംഭകന്‍ രംഗത്തെത്തിയെന്ന സൂചനയാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ നല്‍കിയത്. ചുരുക്കത്തില്‍ സംരംഭകനെ ഉന്നതതലത്തില്‍ നേരത്തെ തീരുമാനിച്ച ശേഷമാണ് സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയതെന്നര്‍ത്ഥം.

deshabhimani 260612

1 comment:

  1. സ്വകാര്യ വാഗണ്‍ ഫാക്ടറിയുടെ മറവില്‍ 100 കോടിയിലേറെ രൂപ മൂല്യമുള്ള സിലിക്ക മണല്‍ ശേഖരം കൈക്കലാക്കാനാണ് ഫാക്ടറിക്കായി തിരുവിഴയ്ക്കടുത്തെ ഇലഞ്ഞിയില്‍ പാടശേഖരം തെരഞ്ഞെടുത്തതെന്ന് സൂചന. വാഗണ്‍ ഫാക്ടറിയുടെ സ്വകാര്യ സംരംഭകരെയോ, സംരംഭത്തിന്റെ സ്വഭാവമോ തീരുമാനിക്കാതെ 67 ഏക്കര്‍ ഏറ്റെടുക്കുന്നതിലും ദുരൂഹതയുണ്ട്. ഇലഞ്ഞിയില്‍ പാടശേഖത്തിലെ 90 ശതമാനം സ്ഥലത്തും സിലിക്ക മണലിന്റെ വന്‍ ശേഖരമുള്ളതായി മണല്‍ ഖന രംഗത്തുള്ളവര്‍ പറയുന്നു.

    ReplyDelete