Thursday, June 21, 2012

വന്‍കിടക്കാര്‍ക്ക് 30 ലക്ഷം ടണ്‍ ധാന്യം കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ചെലവില്‍


തുറന്ന വിപണിയില്‍ വിറ്റഴിക്കാന്‍ 30 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം വിട്ടുകൊടുക്കാന്‍ പ്രത്യേക കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനിച്ചു. 50 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കാനും തീരുമാനമായി. തുറന്ന വിപണിയില്‍ ഭക്ഷ്യധാന്യം വിട്ടുകൊടുക്കുന്നതോടെ ആട്ട ഉല്‍പ്പാദിപ്പിക്കുന്ന വന്‍കിട കമ്പനികളും ബിസ്കറ്റ് വ്യവസായികളുമാണ് വന്‍നേട്ടമുണ്ടാക്കുക. എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ അധികമായി അരി അനുവദിച്ചിട്ടില്ല. സൂക്ഷിക്കാനുള്ള പരിമിതി കാരണമാണ് ഭക്ഷ്യധാന്യം വിട്ടുകൊടുക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 6.3 കോടി ടണ്‍ ഭക്ഷ്യധാന്യമാണ് സര്‍ക്കാരിന് സംഭരിക്കാന്‍ കഴിയുന്നത്. ജൂണ്‍ ഒന്നിന്റെ കണക്കനുസരിച്ച് ഇപ്പോള്‍ ഭക്ഷ്യധാന്യശേഖരം 8.2 കോടി ടണ്‍ ആയി. ഈ സാഹചര്യത്തിലാണ് ആകെ 80 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ വി തോമസ് പറഞ്ഞു.

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് 4.15 രൂപ നിരക്കില്‍ 35 കിലോ ഗോതമ്പും 5.65 രൂപ നിരക്കില്‍ 35 കിലോ അരിയും നല്‍കാന്‍ മന്ത്രിസഭാ സമിതി തീരുമാനിച്ചു. ക്വിന്റലിന് 1170 രൂപ നിരക്കിലാണ് തുറന്ന വിപണിയില്‍ ധാന്യം വില്‍ക്കുന്നത്. കിലോയ്ക്ക് 11.70 രൂപ. കേരളത്തില്‍ ഒരു കിലോ അരിക്ക് 27 മുതല്‍ 35 രൂപ വരെയാണ് വില. ഈ വിലയുടെ പകുതി വിലയ്ക്കെങ്കിലും ഭക്ഷ്യധാന്യം എപിഎല്‍ വിഭാഗത്തിന് നല്‍കാന്‍ തയ്യാറല്ലാത്ത കേന്ദ്രസര്‍ക്കാര്‍ ഖജനാവില്‍നിന്ന് വന്‍ തുക ചെലവഴിച്ചാണ് വന്‍കിട വ്യവസായികള്‍ക്ക് ഭക്ഷ്യധാന്യം എത്തിക്കുന്നത്. ഇതിനുള്ള കടത്തുകൂലിയും കേന്ദ്രം വഹിക്കും. കടത്തുകൂലിയടക്കം 1900 കോടി രൂപ ഇതിന് ചെലവിടും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 80 ലക്ഷം ടണ്‍ ധാന്യം അനുവദിക്കാനാണ് മന്ത്രിസഭാ സമിതിക്ക് നിര്‍ദേശം വന്നത്. എന്നാല്‍ സബ്സിഡി നിരക്കില്‍ 50 ലക്ഷം ടണ്‍ നല്‍കിയാല്‍ മതിയെന്ന് മന്ത്രിസഭാസമിതി നിശ്ചയിച്ചു. എപിഎല്‍ വിഭാഗത്തിന് 20 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം നല്‍കണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും അത് അംഗീകരിച്ചില്ല.

deshabhimani 210612

1 comment:

  1. തുറന്ന വിപണിയില്‍ വിറ്റഴിക്കാന്‍ 30 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം വിട്ടുകൊടുക്കാന്‍ പ്രത്യേക കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനിച്ചു. 50 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കാനും തീരുമാനമായി. തുറന്ന വിപണിയില്‍ ഭക്ഷ്യധാന്യം വിട്ടുകൊടുക്കുന്നതോടെ ആട്ട ഉല്‍പ്പാദിപ്പിക്കുന്ന വന്‍കിട കമ്പനികളും ബിസ്കറ്റ് വ്യവസായികളുമാണ് വന്‍നേട്ടമുണ്ടാക്കുക. എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ അധികമായി അരി അനുവദിച്ചിട്ടില്ല. സൂക്ഷിക്കാനുള്ള പരിമിതി കാരണമാണ് ഭക്ഷ്യധാന്യം വിട്ടുകൊടുക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 6.3 കോടി ടണ്‍ ഭക്ഷ്യധാന്യമാണ് സര്‍ക്കാരിന് സംഭരിക്കാന്‍ കഴിയുന്നത്. ജൂണ്‍ ഒന്നിന്റെ കണക്കനുസരിച്ച് ഇപ്പോള്‍ ഭക്ഷ്യധാന്യശേഖരം 8.2 കോടി ടണ്‍ ആയി. ഈ സാഹചര്യത്തിലാണ് ആകെ 80 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ വി തോമസ് പറഞ്ഞു.

    ReplyDelete