Thursday, June 21, 2012

യൂറോപ്പിനെ രക്ഷിക്കാന്‍ ഇന്ത്യ 56,000 കോടി നല്‍കും


ലൊസ് കാബോസ്: സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ യൂറോപ്പിനെ സഹായിക്കുന്നതിന് ഇന്ത്യ 1000 കോടി ഡോളര്‍ (56,000 കോടി രൂപ) അന്താരാഷ്ട്ര നാണ്യനിധിയിലേക്ക് (ഐഎംഎഫ്) സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു. വായ്പ പ്രതിസന്ധിയില്‍ വലയുന്ന യൂറോമേഖലയെ സഹായിക്കാന്‍ ഐഎംഎഫ് പുതുതായി നല്‍കുന്ന 43,000 ഡോളറിലേക്കാണ് (24 ലക്ഷം കോടി രൂപ) ഇന്ത്യയുടെ ഈ വിഹിതം. മെക്സിക്കോയില്‍ ജി-20 രാജ്യങ്ങളുടെ ഏഴാം ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

യൂറോപ്രതിസന്ധി മറികടക്കാന്‍ ഐഎംഎഫ് നിര്‍ണായക ഇടപെടലാണ് നടത്തുന്നത്. യൂറോ പ്രതിസന്ധി ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബാധിക്കുമെന്നതിനാല്‍ എംഎഫിനെ ശക്തിപ്പെടുത്താന്‍ എല്ലാ അംഗങ്ങളും മുന്നോട്ടുവരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യൂറോ പ്രതിസന്ധി മറികടക്കുന്നതിന് സംഭാവന നല്‍കുന്നതിന് ഇന്ത്യയടങ്ങുന്ന "ബ്രിക്സ്" കൂട്ടായ്മ നേരത്തെ തീരുമാനിച്ചിരുന്നു. ജി-20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, മെക്സിക്കോ പ്രസിഡന്റ് ഫെലിപ് കാല്‍ഡറണ്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് "ബ്രിക്സ്" രാഷ്ട്രതലവന്മാരുടെ ചര്‍ച്ചയിലും അദ്ദേഹം പങ്കെടുത്തു. യൂറോ മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിന് സഹായിക്കാന്‍ ഐഎംഎഫിന് 7500 കോടിഡോളര്‍ നല്‍കാന്‍ ബ്രിക്സ് തീരുമാനമായി. ചൈന 4300 കോടി ഡോളറും റഷ്യയും ബ്രസിലും 1000 കോടി ഡോളര്‍വീതവും ദക്ഷിണാഫ്രിക്ക 200 കോടി ഡോളറും നല്‍കും. ദേശീയ കറന്‍സി പൊതുനിധിയില്‍ നിക്ഷേപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും ബ്രിക്സ് നേതാക്കള്‍ ചര്‍ച്ച നടത്തി. ഇക്കാര്യത്തെക്കുറിച്ച് അതത് രാജ്യത്തെ ധനമന്ത്രിമാരോടും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരോടും ചര്‍ച്ചചെയ്തശേഷം അടുത്ത ബ്രിക്സ് ഉച്ചകോടിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ആഗോള സാമ്പത്തികപ്രതിസന്ധിക്ക് മറികടക്കാന്‍ പരസ്പരധാരണയോടെ പ്രവര്‍ത്തിക്കാന്‍ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോകരാജ്യങ്ങളുടെ തലവന്മാര്‍ തീരുമാനിച്ചു. ഗ്രീസിലെ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ പുനരാലോചനകള്‍ നടത്തുമെന്ന് ഐഎംഎഫ് അറിയിച്ചു.

deshabhimani 200612

1 comment:

  1. സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ യൂറോപ്പിനെ സഹായിക്കുന്നതിന് ഇന്ത്യ 1000 കോടി ഡോളര്‍ (56,000 കോടി രൂപ) അന്താരാഷ്ട്ര നാണ്യനിധിയിലേക്ക് (ഐഎംഎഫ്) സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു. വായ്പ പ്രതിസന്ധിയില്‍ വലയുന്ന യൂറോമേഖലയെ സഹായിക്കാന്‍ ഐഎംഎഫ് പുതുതായി നല്‍കുന്ന 43,000 ഡോളറിലേക്കാണ് (24 ലക്ഷം കോടി രൂപ) ഇന്ത്യയുടെ ഈ വിഹിതം. മെക്സിക്കോയില്‍ ജി-20 രാജ്യങ്ങളുടെ ഏഴാം ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

    ReplyDelete