Thursday, June 21, 2012

കണ്ണൂരില്‍ ലീഗ് ഓഫീസ് പ്രവര്‍ത്തകര്‍ പൂട്ടി


മുസ്ലിംലീഗ് ജില്ലാഭാരവാഹികളെ സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ജില്ലാകമ്മിറ്റി ഓഫീസ് പൂട്ടി പ്രവര്‍ത്തകര്‍ ഇ അഹമ്മദിന്റെ കോലം കത്തിച്ചു. കാള്‍ടെക്സിലെ ബാഫഖി തങ്ങള്‍ സ്മാരക സൗധത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയാണ് പൂട്ടിയിട്ടത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ഓഫീസിന് കാവലേര്‍പ്പെടുത്തി.

ലീഗ് ജില്ലാകൗണ്‍സിലര്‍മാരായ റാസിഖ് ചാലാട്, പി സി റംസി, എം നിയാസ്, പി വി ആരിഫ്, ആശിഖ് കുഞ്ഞിപ്പള്ളി, ഫൈസല്‍ ചാലാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. അഹമ്മദിന്റെ കോലവും ലീഗിന്റെ കൊടിയും കരിങ്കൊടിയുമേന്തിയായിരുന്നു പ്രതിഷേധ പ്രകടനം. ഇ അഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ മാര്‍ച്ചില്‍ മുദ്രാവാക്യം മുഴങ്ങി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഭാരവാഹികളെ നാമനിര്‍ദേശംചെയ്തത്. വി കെ അബ്ദുള്‍ ഖാദര്‍ മൗലവി(പ്രസിഡന്റ്), അബ്ദുള്‍ റഹ്മാന്‍ കല്ലായി(ജനറല്‍ സെക്രട്ടറി), വി പി വമ്പന്‍(ട്രഷറര്‍) എന്നിവരുടെ പാനലിനെയാണ് നോമിനേറ്റ് ചെയ്തത്.

ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുമ്പ് ജില്ലാ- മണ്ഡലംതല ഭാരവാഹികളുടെ യോഗം പാണക്കാട്ട് വിളിച്ചുചേര്‍ത്തിരുന്നു. മൗലവി ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കരുതെന്ന് യോഗത്തില്‍ ഭൂരിഭാഗം മണ്ഡലം ഭാരവാഹികളും ആവശ്യപ്പെട്ടു. അതെല്ലാം അവഗണിക്കപ്പെട്ടു. ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ മാര്‍ച്ച് 24നു ചേര്‍ന്ന ജില്ലാകൗണ്‍സില്‍ യോഗത്തില്‍ മൗലവി ഉള്‍പ്പെടുന്ന പാനല്‍ റിട്ടേണിങ് ഓഫീസര്‍ പി കെ കെ ബാവ അവതരിപ്പിച്ചപ്പോള്‍ ഭൂരിഭാഗവും എതിര്‍ത്തു. ബാവയും മൗലവിയും ഉള്‍പ്പെടെയുള്ളവരെ മുറിയില്‍ പൂട്ടിയിട്ടു. കൈയാങ്കളിയിലേക്കു നീങ്ങിയതോടെ യോഗം മാറ്റി. അഴീക്കോട് മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പിനുമുമ്പ് ജില്ലാഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനെയും പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത അഴീക്കോട് മണ്ഡലം യോഗം പരാജയഭീതിമൂലം മൗലവി വിഭാഗക്കാര്‍ മാറ്റിവയ്പ്പിച്ചു. മൗലവിയും വമ്പനും ഇവിടെനിന്നാണ് ജില്ലാകൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടത്. ഇവരുടെ പരാജയം ഉറപ്പായതിനാലാണ് യോഗം മാറ്റിയത്. തുടര്‍ന്ന്, സംസ്ഥാന നേതൃത്വം ഇവരെ പിന്‍വാതിലിലൂടെ ജില്ലാപ്രസിഡന്റും ട്രഷററുമാക്കിയതാണ് മറുവിഭാഗത്തെ പ്രകോപിപ്പിച്ചത്.

deshabhimani 210612

1 comment:

  1. മുസ്ലിംലീഗ് ജില്ലാഭാരവാഹികളെ സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ജില്ലാകമ്മിറ്റി ഓഫീസ് പൂട്ടി പ്രവര്‍ത്തകര്‍ ഇ അഹമ്മദിന്റെ കോലം കത്തിച്ചു. കാള്‍ടെക്സിലെ ബാഫഖി തങ്ങള്‍ സ്മാരക സൗധത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയാണ് പൂട്ടിയിട്ടത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ഓഫീസിന് കാവലേര്‍പ്പെടുത്തി.

    ReplyDelete