Thursday, June 28, 2012

സുഗതകുമാരി അവസരവാദിയെന്ന് മീന കന്ദസ്വാമി


പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് കവയിത്രി മീന കന്ദസ്വാമിയുടെ കാവ്യസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങില്‍നിന്ന് കവയിത്രി സുഗതകുമാരി വിട്ടുനിന്നു. മീന കന്ദസാമിയുടെ ടച്ച് എന്ന ഇംഗ്ലീഷ് കാവ്യസമാഹാരത്തിന്റെ പരിഭാഷ "സ്പര്‍ശ"ത്തിന്റെ പ്രകാശനച്ചടങ്ങില്‍നിന്നാണ് സുഗതകുമാരി വിട്ടുനിന്നത്. മീന കന്ദസ്വാമിയുടെ "മോഹന്‍ദാസ് കരംചന്ദ്" എന്ന കവിത ഗാന്ധിജിയെ ആക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചാണ് സുഗതകുമാരി പുസ്തകം പ്രകാശനം ചെയ്യുന്നതിന് വിസമ്മതം അറിയിക്കുകയും ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തത്. ഇതേസമയം വേദിയില്‍ സംസാരിച്ച മീന കന്ദസ്വാമി സുഗതകുമാരിയുടെ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ചിന്ത പബ്ലിഷേഴ്സും കേരള യൂണിവേഴ്സിറ്റി യൂണിയനും പുരോഗമന കലാസാഹിത്യസംഘവും സംയുക്തമായി സ്റ്റുഡന്റ്സ് സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യന്‍ സാഹിത്യത്തിലെ ദലിത്-സ്ത്രീസാന്നിധ്യം എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനംചെയ്ത മീന കന്ദസാമി സുഗതകുമാരി അവസരവാദിയാണെന്ന് പറഞ്ഞു. താന്‍ ദലിത് എഴുത്തുകാരിയായതിനാലാകാം സുഗതകുമാരി ചടങ്ങ് ബഹിഷ്കരിച്ചത്. തന്റെ കാവ്യസമാഹാരത്തിലെ ഒരു കവിതയോട് വിയോജിച്ച് അത് പ്രകാശനംചെയ്യാന്‍ വിസമ്മതിച്ചതില്‍നിന്ന് അവരുടെ ഇടുങ്ങിയ മനസ്ഥിതിയാണ് പ്രതിഫലിക്കുന്നത്. ഗാന്ധിയെ വിമര്‍ശിക്കുന്ന ആദ്യത്തെ ആളല്ല താന്‍. അംബേദ്കര്‍ അടക്കം നിരവധിപേര്‍ ഗാന്ധിയെ വിമര്‍ശിച്ച് എഴുതിയിട്ടുണ്ട്. എന്നെപ്പോലുള്ള ഒരു ദലിത് കവയിത്രി എഴുതുമ്പോള്‍മാത്രം വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്തത് സുഗതകുമാരിയെപ്പോലുള്ള സവര്‍ണരുടെ പ്രശ്നമാണ്. സാഹിത്യത്തിലെ സവര്‍ണമേല്‍ക്കോയ്മയാണ് വിമര്‍ശത്തിലും ബഹിഷ്കരണത്തിലും തെളിയുന്നത്. സുഗതകുമാരിയുടെ പ്രതിഷേധം തന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ സ്തുതിക്കലല്ല കവിയുടെ ധര്‍മം. കല ഒരു തൊഴിലെന്നതിലുപരി അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ഒപ്പം നില്‍ക്കലാണ്. തന്റെ പേര് മാറ്റി ഒരു കവിത അയച്ചാല്‍ പ്രസാധകര്‍ അത് തിരസ്കരിക്കും. വ്യക്തികളുടെ പേരും പ്രശസ്തിയുമാണ് പ്രസാധകര്‍ കച്ചവടവല്‍ക്കരിക്കുന്നത്. ഇത്തരം സവര്‍ണ, ബൂര്‍ഷ്വാ മനോഭാവങ്ങളാണ് സമകാലിക സാഹിത്യലോകത്തെ നിയന്ത്രിക്കുന്നതെന്നും മീന പറഞ്ഞു.

ഇന്ത്യന്‍ സവര്‍ണഭാവുകത്വവുമായി സന്ധിചെയ്ത പ്രത്യയശാസ്ത്രമായിരുന്നു ഗാന്ധിജിയുടേതെന്ന് സെമിനാറില്‍ സംസാരിച്ച കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. നിരുപദ്രവകരമായ പദാവലികള്‍ സ്വീകരിക്കുന്ന ആളല്ല ഗാന്ധി. ഹരിജന്‍, ക്വിറ്റ് ഇന്ത്യ തുടങ്ങിയ വാക്കുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഗാന്ധിജി സവിശേഷ സൂക്ഷ്മത പുലര്‍ത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

deshabhimani 280612

2 comments:

  1. പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് കവയിത്രി മീന കന്ദസ്വാമിയുടെ കാവ്യസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങില്‍നിന്ന് കവയിത്രി സുഗതകുമാരി വിട്ടുനിന്നു. മീന കന്ദസാമിയുടെ ടച്ച് എന്ന ഇംഗ്ലീഷ് കാവ്യസമാഹാരത്തിന്റെ പരിഭാഷ "സ്പര്‍ശ"ത്തിന്റെ പ്രകാശനച്ചടങ്ങില്‍നിന്നാണ് സുഗതകുമാരി വിട്ടുനിന്നത്. മീന കന്ദസ്വാമിയുടെ "മോഹന്‍ദാസ് കരംചന്ദ്" എന്ന കവിത ഗാന്ധിജിയെ ആക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചാണ് സുഗതകുമാരി പുസ്തകം പ്രകാശനം ചെയ്യുന്നതിന് വിസമ്മതം അറിയിക്കുകയും ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തത്. ഇതേസമയം വേദിയില്‍ സംസാരിച്ച മീന കന്ദസ്വാമി സുഗതകുമാരിയുടെ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ചിന്ത പബ്ലിഷേഴ്സും കേരള യൂണിവേഴ്സിറ്റി യൂണിയനും പുരോഗമന കലാസാഹിത്യസംഘവും സംയുക്തമായി സ്റ്റുഡന്റ്സ് സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്.

    ReplyDelete
  2. തമിഴ് എഴുത്തുകാരി മീര കന്തസ്വാമിയുടെ ഗാന്ധിനിന്ദ നിറഞ്ഞ "സ്പര്‍ശം" എന്ന കവിതാസമാഹാരം നിരോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിജിയുടെ മഹത്തായ സേവനം വിസ്മരിക്കുന്ന കൃതി അഭിപ്രായ ദുഃസ്വാതന്ത്ര്യമാണ് പ്രകടമാക്കുന്നത്. കയര്‍ഫെഡ് എംഡി കെ എം മുഹമ്മദ് അനില്‍ രചിച്ച "കഥ കേരളീയം" എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുസ്തകത്തിന്റെ ആദ്യപതിപ്പ് സിനിമാ പിന്നണിഗായകന്‍ ബിജുനാരായണന് കൈമാറി. കയര്‍ഫെഡ് ചെയര്‍മാന്‍ എസ് എല്‍ സജികുമാര്‍, ശ്രീജിത് വാര്യര്‍, അഡ്വ. എം ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിച്ചു.

    ReplyDelete