Thursday, June 21, 2012

അടിമമനസ്സുകളുടെ അധമ മാധ്യമപ്രവര്‍ത്തനം


സിപിഐ എം നിയന്ത്രണത്തില്‍ കൊലയാളി സംഘങ്ങളുണ്ടെന്ന വാര്‍ത്ത മാതൃഭൂമി തുടരുന്ന അധമ മാധ്യമ പ്രവര്‍ത്തനത്തിന്റെ മറ്റൊരു വികൃതസൃഷ്ടി. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ എന്ന മട്ടിലാണ് യുഡിഎഫ് നേതാവ് വീരേന്ദ്രകുമാറിന്റെ ഉടമസ്ഥതയിലുള്ള പത്രം മാര്‍ക്സിസ്റ്റ് വിരോധം നിര്‍ത്താതെ ചുരത്തുന്നത്. "കൊലയാളി സംഘങ്ങള്‍ക്ക് രഹസ്യപ്പേര് എസ്ടി" എന്ന വാര്‍ത്ത ദുരുദ്ദേശ്യപരവും യുഡിഎഫിന്റെ സിപിഐ എം വിരുദ്ധ അജന്‍ഡക്കുള്ള വിടുപണിയുമാണെന്ന് വ്യക്തം. ഷുക്കൂര്‍, ചന്ദ്രശേഖരന്‍ വധക്കേസുകളില്‍ കുരുക്കാന്‍ ലക്ഷ്യമിട്ട സിപിഐ എം നേതാക്കള്‍ക്കെതിരെ "മൊഴിയും തെളിവും" സംഘടിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ വൃഥാവിലായതോടെയാണ് നട്ടാല്‍ മുളക്കാത്ത നുണകളുമായി മാതൃഭൂമി ഭരണസേവ തുടരുന്നത്. "കൊലപാതകത്തിന് പ്രത്യേക പരിശീലനം ലഭിച്ച ഇവര്‍ എസ്ടി എന്നാണ് പാര്‍ടിക്കുള്ളില്‍ അറിയപ്പെടുന്നത്. ഇവര്‍ എസ് ഡി (സ്വയം പ്രതിരോധം) എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്" . എല്ലാ ജില്ലാ, ഏരിയാ തലങ്ങളിലും ഈ സംഘത്തില്‍പെട്ടവരുണ്ട്" - എന്നിങ്ങനെയാണ് മാതൃഭൂമി വാര്‍ത്ത. ഒരുവശത്ത് പാര്‍ടി ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നവര്‍തന്നെ കമ്മിറ്റി അടിസ്ഥാനത്തില്‍ കൊലപാതകം പരിശീലിപ്പിക്കുന്നുവെന്നും അടിച്ചുവിടുന്നു.

പാര്‍ടിയുടെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ അറിയാത്തവരല്ല ഈ നാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍. ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടി സംഘടനയെയാണ് കൊലപാതക പരിശീലക സംഘങ്ങളായി ചിത്രീകരിക്കുന്നത്. ഇത്രയും വിപുലമായ "കൊലയാളി സംഘ"ങ്ങളുണ്ടെന്ന് ആരോപിക്കുന്ന പാര്‍ടിയുടെ 14 പ്രവര്‍ത്തകരാണ് കഴിഞ്ഞ രണ്ടു പാര്‍ടി സമ്മേളനങ്ങള്‍ക്കിടയില്‍മാത്രം(മൂന്നുവര്‍ഷം) കണ്ണൂര്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്. കൊലയാളികളില്‍ ആര്‍എസ്എസ്സും കോണ്‍ഗ്രസും എന്‍ഡിഎഫുമുണ്ട്. മറ്റൊരു പാര്‍ടിക്കും ഇത്തരം ജീവത്യാഗം നേരിടേണ്ടിവന്നിട്ടില്ല.

മുതലാളിയുടെ കട്ടപിടിച്ച മാര്‍ക്സിസ്റ്റ് വിരോധത്തിന് മാറ്റുകൂട്ടാന്‍ കഥ ചമയ്ക്കുന്നവര്‍ ഇപ്പോള്‍ മറച്ചുവയ്ക്കുന്ന ഒരുപാടു പഴയകഥകളുണ്ട്. കേസില്‍പെടാതിരിക്കാനും പെട്ടാല്‍തന്നെ ശിക്ഷിക്കപ്പെടാതിരിക്കാനും പാര്‍ടിക്ക് സംവിധാനം ഉണ്ടത്രെ. കെ ടി ജയകൃഷ്ണന്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ ഉള്‍പ്പെടാതെപോയത് ഇതുകൊണ്ടാണെന്ന് മാതൃഭൂമി വിലപിക്കുന്നു. ജയകൃഷ്ണന്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ നാല് സിപിഐ എം പ്രവര്‍ത്തകര്‍ വര്‍ഷങ്ങളോളം തടവുശിക്ഷ അനുഭവിച്ചശേഷം കുറ്റവിമുക്തരായപ്പോള്‍ പരമോന്നത നീതിപീഠത്തിന്റെ വിധി തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ തയ്യാറാകാത്ത പത്രമാണ് മാതൃഭൂമി. ഇതേ കേസില്‍ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പാര്‍ടി പ്രവര്‍ത്തകന് എല്‍ഡിഎഫ് ഗവണ്‍മെന്റ് അന്യായമായി ശിക്ഷാഇളവ് നല്‍കിയെന്ന കള്ളം പ്രചരിപ്പിക്കാനും ഇവര്‍ മടിച്ചില്ല.

"ഫസല്‍വധം: കോടിയേരി ആര്‍എസ്എസ് ബന്ധം ആരോപിച്ചിട്ടില്ല" എന്ന പേരില്‍ ബുധനാഴ്ച മാതൃഭൂമി കൊടുത്ത തിരുത്ത് ഇവരുടെ പഴയകഥകളുടെ പ്രായശ്ചിത്തമാണ്. എല്ലാ കാലത്തും ഇവര്‍ക്ക് കഥകളുണ്ടായിരുന്നു. ഇനിയും കഥകളുണ്ടാകും. എല്ലാറ്റിലും പൊതുവായ ഘടകം ഒന്നുമാത്രം. സിപിഐ എമ്മിനെക്കുറിച്ച് ജനമനസ്സില്‍ അവമതിപ്പുണ്ടാക്കുക.

deshabhimani 210612

1 comment:

  1. സിപിഐ എം നിയന്ത്രണത്തില്‍ കൊലയാളി സംഘങ്ങളുണ്ടെന്ന വാര്‍ത്ത മാതൃഭൂമി തുടരുന്ന അധമ മാധ്യമ പ്രവര്‍ത്തനത്തിന്റെ മറ്റൊരു വികൃതസൃഷ്ടി. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ എന്ന മട്ടിലാണ് യുഡിഎഫ് നേതാവ് വീരേന്ദ്രകുമാറിന്റെ ഉടമസ്ഥതയിലുള്ള പത്രം മാര്‍ക്സിസ്റ്റ് വിരോധം നിര്‍ത്താതെ ചുരത്തുന്നത്. "കൊലയാളി സംഘങ്ങള്‍ക്ക് രഹസ്യപ്പേര് എസ്ടി" എന്ന വാര്‍ത്ത ദുരുദ്ദേശ്യപരവും യുഡിഎഫിന്റെ സിപിഐ എം വിരുദ്ധ അജന്‍ഡക്കുള്ള വിടുപണിയുമാണെന്ന് വ്യക്തം.

    ReplyDelete