Tuesday, June 19, 2012

ജനിതക നെല്ലിന്റെ പരീക്ഷണം കേരളത്തില്‍


ജനിതകമാറ്റം വരുത്തിയ നെല്ല് കേരളത്തില്‍ പരീക്ഷിക്കാന്‍ ജര്‍മന്‍ വിത്തുഭീമനായ ബെയര്‍ ബയോ സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ അപേക്ഷ കേന്ദ്രത്തിന്റെ പരിഗണനയില്‍. ഏപ്രില്‍ 11ന് ചേര്‍ന്ന വനം-പരിസ്ഥിതി വകുപ്പിനു കീഴിലുള്ള ജനറ്റിക് എന്‍ജിനിയറിങ് അപ്രൈസല്‍ കമ്മിറ്റി ഇക്കാര്യം ചര്‍ച്ചചെയ്തു. കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ പരീക്ഷിക്കാനാണ്കമ്പനി അനുമതി ആവശ്യപ്പെട്ടത്. അനുമതി നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്നാണ് മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, സംസ്ഥാനങ്ങളില്‍ ജനിതക പരീക്ഷണത്തിന് അന്തിമ അനുമതി നല്‍കേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളാണെന്നിരിക്കെ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാവും.

നെല്ലിന്റെ 42 ജനിതക സവിശേഷതകളില്‍ മാറ്റം വരുത്തിയുള്ള വിത്ത് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്യാനാണ് കമ്പനിയുടെ പരിപാടി. കേരളത്തില്‍ പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്താവും പരീക്ഷണം. എന്നാല്‍, ഈ സ്ഥലം എവിടെയാണെന്ന് കമ്പനി അപേക്ഷയില്‍ പറയുന്നില്ല. ചില സാങ്കേതിക കാര്യങ്ങളില്‍ ജനറ്റിക് എന്‍ജിനിയറിങ് അപ്രൈസല്‍ കമ്മിറ്റി കമ്പനിയോട് വിശദീകരണം തേടിയിരിക്കുകയാണ്. മറുപടി കിട്ടിയശേഷമാവും പരീക്ഷണത്തിന് അംഗീകാരം നല്‍കുക. വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള രണ്ട് വിദഗ്ധ സമിതികള്‍ കമ്പനിക്ക് അനുകൂലമായ തീരുമാനമെടുത്തതായി കമ്മിറ്റിയുടെ മിനിറ്റ്സില്‍ പറയുന്നുണ്ട്.

ജനിതകമാറ്റത്തിന് കേരളം തയ്യാറല്ലെന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. റബറില്‍ ജനിതകമാറ്റം വരുത്തിയുള്ള പരീക്ഷണവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. നേരത്തെ ഭാഗികമായി ജനിതക പരീക്ഷണം വരുത്തിയ വിത്തിന് അനുമതി നല്‍കിയ മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളും പിന്നീട് ഇതിനെതിരെ രംഗത്തെത്തി. കമ്പനി ഉറപ്പുകള്‍ ലംഘിക്കുന്നു എന്നായിരുന്നു പരാതി. ജനിതകമാറ്റം വരുത്തിയ വിത്തിന്റെ സവിശേഷത പഠിക്കാനാണ് പരീക്ഷണമെന്നാണ് കമ്പനി അപേക്ഷയില്‍ പറയുന്നത്. ജനിതകമാറ്റം വരുത്തിയതും വരുത്താത്തതുമായ വിത്തുകളെ താരതമ്യംചെയ്ത് നിഗമനത്തിലെത്തുകയാണ് ലക്ഷ്യം. ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ ഉല്‍പ്പാദനക്ഷമത, രോഗപ്രതിരോധ ശേഷി, ഇതര സവിശേഷതകള്‍ എന്നിവ വിലയിരുത്തും. സാധാരണ കൃഷിസ്ഥലത്തുനിന്ന് 200 മീറ്റര്‍ അകലെ മാറിയായിരിക്കും ജനിതകവിത്ത് മുളപ്പിക്കുക. പരീക്ഷണസ്ഥലം വേലി കെട്ടി വേര്‍തിരിക്കും. പരീക്ഷണത്തിന് ശേഷം ജനിതക അവശിഷ്ടങ്ങള്‍ കത്തിച്ചുകളയും. ഇന്ത്യയില്‍ അംഗീകാരമുള്ള കീടനാശിനികള്‍മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നും കമ്പനി അപേക്ഷയില്‍ പറയുന്നു.
(പി വി അഭിജിത്)

deshabhimani 190612

1 comment:

  1. ജനിതകമാറ്റം വരുത്തിയ നെല്ല് കേരളത്തില്‍ പരീക്ഷിക്കാന്‍ ജര്‍മന്‍ വിത്തുഭീമനായ ബെയര്‍ ബയോ സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ അപേക്ഷ കേന്ദ്രത്തിന്റെ പരിഗണനയില്‍. ഏപ്രില്‍ 11ന് ചേര്‍ന്ന വനം-പരിസ്ഥിതി വകുപ്പിനു കീഴിലുള്ള ജനറ്റിക് എന്‍ജിനിയറിങ് അപ്രൈസല്‍ കമ്മിറ്റി ഇക്കാര്യം ചര്‍ച്ചചെയ്തു. കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ പരീക്ഷിക്കാനാണ്കമ്പനി അനുമതി ആവശ്യപ്പെട്ടത്. അനുമതി നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്നാണ് മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, സംസ്ഥാനങ്ങളില്‍ ജനിതക പരീക്ഷണത്തിന് അന്തിമ അനുമതി നല്‍കേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളാണെന്നിരിക്കെ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാവും.

    ReplyDelete