Friday, June 22, 2012

ഇടതുമുന്നണിയുടെ ഭരണനേട്ടങ്ങള്‍ നിരാകരിക്കാനാകില്ല: സെമിനാര്‍


ബംഗാളില്‍ 34 വര്‍ഷത്തെ തുടര്‍ച്ചയായ ഇടതുമുന്നണി ഭരണത്തില്‍ നടപ്പാക്കിയ ജനോന്മുഖവും സമഗ്രവുമായ വികസനപദ്ധതികള്‍ നിരാകരിക്കാനും അട്ടിമറിക്കാനും ഒരു ശക്തിക്കുമാകില്ലെന്ന് പ്രമുഖ ബുദ്ധിജീവികളും രാഷ്ട്രീയനേതാക്കളും അഭിപ്രായപ്പെട്ടു. പലകാര്യത്തിലും ഏറ്റവും പിന്നണിയില്‍ നിന്ന സംസ്ഥാനത്തെ മുന്നിലെത്തിക്കാനും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനും ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ രാജ്യത്തിന് മാതൃകയാണ്- 1977 ജൂണ്‍ 21ന് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പ്രഥമ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറിയതിന്റെ വാര്‍ഷികദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണവും ത്രിതലപഞ്ചായത്ത് സംവിധാനവും ബംഗാളിന്റെ ജനജീവിതത്തില്‍ അടിസ്ഥാനപരമായി വന്‍ മാറ്റമാണ്് വരുത്തിയതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും ആദ്യസര്‍ക്കാരിലെ ധനമന്ത്രിയുമായ അശോക് മിത്ര പറഞ്ഞു. രാജ്യം അതീവ താല്‍പ്പര്യത്തോടെയാണ് ഈ മാറ്റം വീക്ഷിച്ചത്. 1977ല്‍ പശ്ചിമബംഗാളിലെ ജനങ്ങളില്‍ 56.3 ശതമാനവും ദാരിദ്ര്യരേഖയ്ക്കുതാഴെയായിരുന്നെങ്കില്‍ 2011ല്‍ ഇടതുമുന്നണി അധികാരത്തില്‍നിന്ന് ഒഴിയുമ്പോള്‍ അത് 23.3 ശതമാനമായി കുറഞ്ഞു. ദരിദ്രരുടെയും സാധാരണക്കാരുടെയും ജീവിതനിലവാരം വളരെ മെച്ചപ്പെട്ടെന്നാണ് ഇത് തെളിയിക്കുന്നത്. തുടര്‍ച്ചയായ ഭരണം ചില പാളിച്ചകള്‍ സൃഷ്ടിച്ചുവെന്നും അവ തിരുത്തി മുന്നേറണമെന്നും മിത്ര പറഞ്ഞു.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനുമുമ്പും അതിനുശേഷവും ബംഗാളിലുണ്ടായ പരിവര്‍ത്തനങ്ങള്‍ സമഗ്രമായിരുന്നുവെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ എന്‍ റാം പറഞ്ഞു. ജനാധിപത്യസംവിധാനം തകര്‍ക്കപ്പെടുകയും അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്യുന്ന പരാതികളാണ് ഇപ്പോള്‍ ബംഗാളില്‍നിന്ന് വ്യാപകമായി ഉയരുന്നത്. ജനാധിപത്യമൂല്യങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും വലിയ വിലകല്‍പ്പിച്ചിരുന്ന ഇവിടെ ഇപ്പോള്‍, ഒരു കാര്‍ട്ടൂണ്‍ വരച്ചാല്‍പ്പോലും ജയിലില്‍ പോകേണ്ട സ്ഥിതിയാണെന്ന് റാം പറഞ്ഞു. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എങ്ങനെ വികസനം നടപ്പാക്കാമെന്ന് ബംഗാള്‍ കാട്ടിക്കൊടുത്തുവെന്ന് ഡല്‍ഹി ജവാഹര്‍ലാല്‍ യൂണിവേഴ്സിറ്റി സാമ്പത്തികശാസ്ത്ര അധ്യാപകന്‍ സി പി ചന്ദ്രശേഖരന്‍ പറഞ്ഞു. താല്‍ക്കാലികപരാജയം മറികടന്ന് വീണ്ടും വന്‍ ജനപിന്തുണയോടെ ഇടതുമുന്നണിക്ക് തിരിച്ചുവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദക്ഷിണ കൊല്‍ക്കത്തയിലെ നസറുള്‍ മഞ്ച് സംഘടിപ്പിച്ച സെമിനാറില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കൊല്‍ക്കത്ത യൂണിവേഴ്സിറ്റി അധ്യാപകന്‍ സോവന്‍ ലാല്‍ ദത്തഗുപ്ത മോഡറേറ്ററായി. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു സെമിനാറിന്റെ ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചു. ഇടതുമുന്നണി പുറത്തിറക്കിയ പശ്ചിമബംഗാള്‍ ഏത് വഴിക്ക് എന്ന പുസ്തകം മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പ്രകാശനംചെയ്തു.
(ഗോപി)

deshabhimani 220612

1 comment:

  1. ബംഗാളില്‍ 34 വര്‍ഷത്തെ തുടര്‍ച്ചയായ ഇടതുമുന്നണി ഭരണത്തില്‍ നടപ്പാക്കിയ ജനോന്മുഖവും സമഗ്രവുമായ വികസനപദ്ധതികള്‍ നിരാകരിക്കാനും അട്ടിമറിക്കാനും ഒരു ശക്തിക്കുമാകില്ലെന്ന് പ്രമുഖ ബുദ്ധിജീവികളും രാഷ്ട്രീയനേതാക്കളും അഭിപ്രായപ്പെട്ടു. പലകാര്യത്തിലും ഏറ്റവും പിന്നണിയില്‍ നിന്ന സംസ്ഥാനത്തെ മുന്നിലെത്തിക്കാനും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനും ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ രാജ്യത്തിന് മാതൃകയാണ്- 1977 ജൂണ്‍ 21ന് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പ്രഥമ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറിയതിന്റെ വാര്‍ഷികദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

    ReplyDelete