Tuesday, June 19, 2012

കോണ്‍ഗ്രസ് സമ്മര്‍ദ്ദം: അനീഷ് രാജന്‍ വധക്കേസ് പൊലീസ് അട്ടിമറിച്ചു


കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടാതെ അനീഷ് രാജന്‍ വധക്കേസ് പൊലീസ് അട്ടിമറിച്ചു. കോണ്‍ഗ്രസ് സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍മൂലമാണിത്. എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജനെ ക്രൂരമായി കൊലപ്പെടുത്തിയിട്ട് മൂന്ന് മാസമായിട്ടും പ്രതികളെ രക്ഷിക്കുന്നതില്‍ പൊലീസുകാരിലും അമര്‍ഷമുണ്ട്. ക്രൈംനമ്പര്‍ 253/2012 ആയി 302 വകുപ്പ് ചേര്‍ത്ത് നെടുങ്കണ്ടം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പി ടി തോമസ് എംപിയുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദുര്‍ബലമാക്കിയത്.

അക്രമിസംഘത്തില്‍ ഒന്‍പതോളം പേരുണ്ടെന്ന് സാക്ഷികള്‍ മൊഴി നല്‍കിയിട്ടും അന്വേഷിക്കാന്‍ തയ്യാറാകാത്ത പൊലീസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറയ്ക്കപ്പറമ്പില്‍ അഭിലാഷിന്റെയും സഹോദരന്റെയും പേരില്‍ കേസെടുത്ത് അവസാനിപ്പിച്ച സ്ഥിതിയാണ്. എന്ത് വന്നാലും മറ്റുള്ളവരെ പിടികൂടാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ അന്വേഷണച്ചുമതലയുള്ള നെടുങ്കണ്ടം സിഐ എ കെ വിശ്വനാഥനും കട്ടപ്പന ഡിവൈഎസ്പി കെ എം ജിജിമോനും നല്‍കിയിരിക്കുന്നത്. കേസ് സംബന്ധിച്ച വിവരങ്ങള്‍ ദിവസേന ഇവര്‍ നേതാക്കളെ അറിയിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ ദൃക്സാക്ഷികളില്‍ നിന്നും ഇതേവരെ മൊഴിയെടുത്തിട്ടില്ല. എന്നാല്‍ ചില സാക്ഷികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി മൊഴിമാറ്റാനും പൊലീസ് ശ്രമിച്ചു.

അതേസമയം പ്രതികളെ ആക്രമിച്ചെന്ന രാഷ്ട്രീയപ്രേരിത കേസില്‍ ആറോളം സിപിഐ എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പില്‍ പ്രതി ചേര്‍ത്ത് ജയിലിലടച്ചു. കൊല്ലപ്പെട്ട അനീഷ് രാജന്‍ ഈ കേസില്‍ നാലാംപ്രതിയാണ്. സിപിഐ എം നെടുങ്കണ്ടം ഏരിയാ കമ്മിറ്റി അംഗം എം എ സിറാജുദീന്‍, നെടുങ്കണ്ടം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം ട്രോണി ജെയിംസ്, കല്‍ക്കൂന്തല്‍ ലോക്കല്‍ കമ്മിറ്റിയംഗം വിന്‍സന്റ് ചെമ്പുളായില്‍, കരിമ്പനയ്ക്കല്‍ ജുനൈദ്, വലിയവീട്ടില്‍ പ്രതീഷ് എന്നിവര്‍ റിമാന്‍ഡിലാണ്. അനീഷ് രാജന്‍ കൊല്ലപ്പെട്ടിട്ട് തിങ്കളാഴ്ച മൂന്നുമാസം പിന്നിട്ടു. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുകയും സിപിഐ എം പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസ് ചുമത്തി ജയിലില്‍ അടയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലും സംസ്ഥാനത്തും സമരം അലയടിക്കുമ്പോഴാണ് പ്രതികളെ പിടിക്കില്ലെന്ന നിലപാടില്‍ പൊലീസ് ഉറച്ചുനില്‍ക്കുന്നത്.

കെ ടി രാജീവ് deshabhimani 190612

1 comment:

  1. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടാതെ അനീഷ് രാജന്‍ വധക്കേസ് പൊലീസ് അട്ടിമറിച്ചു. കോണ്‍ഗ്രസ് സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍മൂലമാണിത്. എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജനെ ക്രൂരമായി കൊലപ്പെടുത്തിയിട്ട് മൂന്ന് മാസമായിട്ടും പ്രതികളെ രക്ഷിക്കുന്നതില്‍ പൊലീസുകാരിലും അമര്‍ഷമുണ്ട്. ക്രൈംനമ്പര്‍ 253/2012 ആയി 302 വകുപ്പ് ചേര്‍ത്ത് നെടുങ്കണ്ടം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പി ടി തോമസ് എംപിയുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദുര്‍ബലമാക്കിയത്.

    ReplyDelete