Tuesday, June 19, 2012

മുഖ്യമന്ത്രി ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചു: വി എസ്


പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

ചന്ദ്രശേഖരന്‍ വധത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ആഭ്യന്തരവകുപ്പിന്റെ ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുളള മറുപടി പ്രസംഗത്തിലാണ് ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞത്. എളമരം കരീം ഫോണില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ചന്ദ്രശേഖരന് ഭീഷണിയുണ്ടെന്ന് 2010 നവംബറില്‍ രഹസ്യാന്വേഷണ വിഭാഗം അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും അത് എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്യമായെടുത്തില്ലെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

രാവിലെ സഭ തുടങ്ങിയ ഉടന്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ തിരുവനന്തപുരത്ത് പൊലീസ് വേട്ടയാടിയ സംഭവത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി. എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിച്ചതച്ച സംഭവത്തില്‍ വി ശിവന്‍കുട്ടി എംഎല്‍എ സബ്മിഷന്‍ ഉന്നയിച്ചു. വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസുകാരെ സസ്പെന്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അനീഷ് രാജന്റെ കൊലപാതകക്കേസിന്റെ പുരോഗതിയും വിദ്യാര്‍ഥിവേട്ടയും പ്രതിപക്ഷവുമായി ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥിവേട്ടയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ചോദ്യോത്തരവേള തുടങ്ങുന്നതിന് മുന്‍പ് വിദ്യാര്‍ഥിവേട്ടയ്ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. വിദ്യാര്‍ഥികളെ പൊലീസ് തല്ലുന്ന ചിത്രങ്ങളോടുകൂടിയ പത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തിയത്. ശക്തമായ പ്രതിഷേധത്തിന് ശേഷമാണ് പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ പങ്കെടുത്തത്.

രാസവള വില വര്‍ധിപ്പിച്ചതിനെതിരെ മുല്ലക്കര രക്നാകരന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കര്‍ഷകരെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ കര്‍ഷകരുടെ കാലനായി മാറിയിരിക്കുകയാണെന്ന് മുല്ലക്കര പറഞ്ഞു. രാസവളവില നിയന്ത്രണം കമ്പനികളെ ഏല്‍പ്പിച്ചശേഷം 11 തവണ വളത്തിന് വിലകൂട്ടിയെന്ന് കൃഷി മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. വളം സബ്സിഡി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാസവള വില ഉയര്‍ത്തിയ നടപടി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി ജൂലൈ 2നോ 3നോ ഡല്‍ഹിയിലേക്ക് പോകുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതോടെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

മുഖ്യമന്ത്രി ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചു: വി എസ്

അരീക്കോട് ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേസില്‍ ആറാംപ്രതിയായ പി കെ ബഷീര്‍ എംഎല്‍എയെ നിയമസഭയുടെ തണലില്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനെതിരെ ഗവര്‍ണര്‍ക്ക് പ്രതിപക്ഷം നല്‍കിയ കത്തിന്മേല്‍ മുഖ്യമന്ത്രി എന്തുനടപടി എടുത്തുവെന്ന് ചോദിച്ച് വി എസ് ശൂന്യവേളയില്‍ സഭയുടെ പ്രത്യേകശ്രദ്ധ ക്ഷണിക്കുകയായിരുന്നു.

പ്രതിപക്ഷം നല്‍കിയ കത്തിന്റെ കോപ്പി ഗവര്‍ണറുടെ ഓഫീസ് അയച്ചുതന്നിട്ടുണ്ടെന്നും അതിന് വിശദമായ മറുപടി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി, സഭയില്‍ പഴയ നിലപാട് ആവര്‍ത്തിച്ചു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് പ്രതികളെ അറസ്റ്റുചെയ്യില്ലെന്നും എല്ലാവര്‍ക്കും ബോധ്യമാകുന്നതരത്തിലുള്ള അന്വേഷണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നാണ് മുഖ്യമന്ത്രി ഗവര്‍ണറെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വി എസ് വ്യക്തമാക്കിയത്. ജനങ്ങളെയും സഭയെയും തെറ്റിദ്ധരിപ്പിച്ചതുപോലെ ഗവര്‍ണറെയും തെറ്റിദ്ധരിപ്പിക്കുന്നത് നീചമാണെന്ന് വി എസ് പറഞ്ഞു.

കെ കെ ജയചന്ദ്രന്‍ എംഎല്‍എയുടെ പേരിലും എഫ്ഐആര്‍ ഇട്ടിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അനുവാദം ചോദിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങാത്തത് പ്രതിഷേധത്തിനിടയാക്കി. എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജന്റെ കൊലയാളികളെ കെപിസിസി ഓഫീസില്‍ സംരക്ഷിക്കുകയാണെന്ന് അടിയന്തരപ്രമേയ ചര്‍ച്ചയില്‍ വി എസ് പറഞ്ഞു. വിദ്യാര്‍ഥികളോട് പിതൃതുല്യമായാണ് പെരുമാറുന്നതെന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി സ്വയം പരിഹാസ്യനാവുകയാണെന്നും വി എസ് പറഞ്ഞു.

കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ക്ക് ഒരുവര്‍ഷം ചെലവിട്ടത് 24 ലക്ഷം

കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, സഹമന്ത്രിമാര്‍ എന്നിവരുടെ യാത്ര, ഭക്ഷണ ആവശ്യങ്ങള്‍ക്കായി ഒരുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനം ചെലവിട്ടത് 24 ലക്ഷം രൂപ. മന്ത്രിമാരുടെ യാത്രയ്ക്കായി വാഹനം ഉപയോഗിച്ച വകയില്‍ 19,85,133 ലക്ഷം രൂപ ചെലവായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പി കെ ഗുരുദാസനെ അറിയിച്ചു.

കേന്ദ്രമന്ത്രിമാരുടെ യാത്രയ്ക്കായി കെ സി വേണുഗോപാലിന് 5.48 ലക്ഷവും വയലാര്‍ രവിക്ക് 4.05 ലക്ഷവും മുല്ലപ്പള്ളി രാമചന്ദ്രന് 2.30 ലക്ഷവും ഇ അഹമ്മദിന് 1.37 ലക്ഷവും എ കെ ആന്റണിക്ക് 74,612 രൂപയും ചെലവായി. ടൂറിസംവകുപ്പാണ് യാത്രാസൗകര്യം ഒരുക്കുന്നത്. കേന്ദ്രമന്ത്രിമാരുടെ സുരക്ഷയുടെ ഭാഗമായി നല്‍കുന്ന എസ്കോര്‍ട്ട്, പൈലറ്റ് ക്രമീകരണങ്ങള്‍ക്ക് ജില്ലാ പൊലീസ് ക്യാമ്പുകളിലെയും സ്റ്റേഷനുകളിലെയും വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഇക്കാര്യം പൊലീസ് ഡ്യൂട്ടിയുടെ ഭാഗമായതിനാല്‍ പ്രത്യേകം ചെലവായി കണക്കാക്കാറില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭക്ഷണത്തിനായി ടൂറിസംവകുപ്പ് ചെലവഴിച്ചത് 4.12 ലക്ഷമാണ്. കേന്ദ്രമന്ത്രി കെ വി തോമസിനായി 1.74 ലക്ഷവും വയലാര്‍ രവിക്കായി 1.34 ലക്ഷവും കെ സി വേണുഗോപാലിനായി 33,583 രൂപയും മുല്ലപ്പള്ളി രാമചന്ദ്രനായി 29,438 രൂപയും എ കെ ആന്റണിക്കായി 13,209 രൂപയും ചെലവിട്ടു.

എതിര്‍ക്കുന്നത് കള്ളക്കേസില്‍ കുടുക്കുന്നതിനെ: എ പ്രദീപ്കുമാര്‍

ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എം നിലപാട് തികച്ചും സുതാര്യമാണെന്ന് എ പ്രദീപ്കുമാര്‍ വ്യക്തമാക്കി. ഞങ്ങള്‍ എതിര്‍ക്കുന്നത് രാഷ്ട്രീയപ്രേരിതമായി കള്ളക്കേസില്‍ കുടുക്കുന്നതിനെയാണ്. ഇക്കാര്യത്തില്‍ തികച്ചും സത്യസന്ധമായ നിലപാടാണ് പാര്‍ടി സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ആശങ്കയും സംശയവുമില്ലെന്നും നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത്് പ്രദീപ് പറഞ്ഞു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പാര്‍ടി തടസ്സപ്പെടുത്തിയില്ല. എന്നാല്‍, നിങ്ങള്‍ ഉദ്ദേശിക്കുന്നവരെ പ്രതികളാക്കാന്‍ മൂന്നാംമുറ പ്രയോഗിച്ച് തെളിവ് സൃഷ്ടിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. രാഷ്ട്രീയ എതിരാളികളെ വകവരുത്തുകയെന്നത് സിപിഐ എം നിലപാടല്ല. പാര്‍ടിയുടെ നയത്തിനും കാഴ്ചപ്പാടിനും വിരുദ്ധമായി ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധക്കേസ് പറഞ്ഞ് യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്.

വായ്ത്താരിയും കാപട്യവും മുഖമുദ്രയാക്കിയ സര്‍ക്കാര്‍ സംസ്ഥാനത്തെ ഒരു വര്‍ഷം നിശ്ചലമാക്കി. നയപ്രഖ്യാപന ചര്‍ച്ചയില്‍ സംസാരിച്ച കെപിസിസി പ്രസിഡന്റിനുപോലും സര്‍ക്കാരിന്റെ നേട്ടത്തെക്കുറിച്ച് ഒന്നും പറയാനുണ്ടായില്ല. 25 മിനിറ്റ് പ്രസംഗിച്ച ചെന്നിത്തല ഒരു മിനിറ്റുമാത്രംമാണ് സര്‍ക്കാര്‍ നേട്ടങ്ങളെക്കുറിച്ച് പ്രതികരിച്ചത്. സര്‍ക്കാരും മന്ത്രിമാരും സ്വപ്നലോകത്തുനിന്ന് താഴോട്ട് ഇറങ്ങിയിട്ടില്ല. സ്മാര്‍ട്ട് സിറ്റി, കോഴിക്കോട് സൈബര്‍ പാര്‍ക്ക് തുടങ്ങി നിരവധി പദ്ധതി കടലാസില്‍മാത്രം നില്‍ക്കുമ്പോള്‍ ബുള്ളറ്റ് ട്രെയിനും പറക്കും തളികയും ഇവര്‍ സ്വപ്നം കാണുന്നു. ലീഗിനുവേണ്ടിയുള്ള ഭരണമാണ് സംസ്ഥാനത്ത്. നിയമം നിയമത്തിന്റെ വഴിക്കാണെന്നാണ് മുമ്പ് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പറഞ്ഞതെങ്കില്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി നിയമം ലീഗിന്റെ വഴിക്കെന്ന് തിരുത്തി. ജനപഥത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ലേഖനം നാലാമതായതിന്റെ പേരില്‍ വീണ്ടും അച്ചടിപ്പിച്ചതുള്‍പ്പെടെയുള്ള നാണംകെട്ട കാര്യങ്ങളാണ് നടക്കുന്നതെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.

ആരാധനാലയ നിര്‍മിതിക്കും പുനരുദ്ധാരണത്തിനും മുന്‍കൂര്‍ അനുമതി വേണം

വര്‍ഗീയതയും ജാതീയതയും ശക്തമായ സ്ഥലങ്ങളില്‍ ഇത് തടയാനും ജനങ്ങളില്‍ അവബോധം വളര്‍ത്താനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മത- രാഷ്ട്രീയ- സാമൂഹ്യ- സാമുദായിക നേതാക്കള്‍, ജില്ലാ ഭരണാധികാരികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര പങ്കെടുപ്പിച്ച് മതസൗഹാര്‍ദ അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കും. വര്‍ഗീയസംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കും. സാമുദായിക അടിസ്ഥാനത്തിലുള്ള പെയിന്റിങ്ങുകള്‍, തോരണങ്ങള്‍ ചുവരെഴുത്തുകള്‍, ബസ് വെയിറ്റിങ് ഷെഡുകള്‍ എന്നിവ നീക്കംചെയ്യുന്നതിനുള്ള പരിപാടി ആരംഭിച്ചു. ആരാധനാലയങ്ങള്‍ നിര്‍മിക്കാനും പുനരുദ്ധാരണം നടത്താനും ജില്ലാ ഭരണാധികാരികളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശം കര്‍ശനമാക്കിയെന്നും കെ കുഞ്ഞിരാമന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, എം ഹംസ, കെ കെ ലതിക എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുടിപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഗണേശ് പ്രശ്നം: പിള്ളയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി

മകന്‍ കെ ബി ഗണേശ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ പരസ്യമായ ആവശ്യത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പരോക്ഷമായി തള്ളിപറഞ്ഞു. മന്ത്രിസഭയില്‍നിന്ന് ഏതെങ്കിലും അംഗത്തെ ഒഴിവാക്കണമെന്ന ആവശ്യം ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയില്‍നിന്ന് ഉയര്‍ന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലാ എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഏത് മന്ത്രിയെയാണ് മാറ്റാന്‍ ആവശ്യപ്പെട്ടതന്നും ആരാണ് ആവശ്യം ഉന്നയിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ക്കും ഇല്ലായെന്നായിരുന്നു മറുപടി. പാര്‍ടിയില്‍പ്പെട്ടവര്‍ തന്നെ അഴിമതി നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്ന് ഏതെങ്കിലും മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ഇല്ലായെന്നായിരുന്നു മറുപടി.

deshabhimani news

1 comment:

  1. അരീക്കോട് ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേസില്‍ ആറാംപ്രതിയായ പി കെ ബഷീര്‍ എംഎല്‍എയെ നിയമസഭയുടെ തണലില്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനെതിരെ ഗവര്‍ണര്‍ക്ക് പ്രതിപക്ഷം നല്‍കിയ കത്തിന്മേല്‍ മുഖ്യമന്ത്രി എന്തുനടപടി എടുത്തുവെന്ന് ചോദിച്ച് വി എസ് ശൂന്യവേളയില്‍ സഭയുടെ പ്രത്യേകശ്രദ്ധ ക്ഷണിക്കുകയായിരുന്നു.

    ReplyDelete