Thursday, July 26, 2012

അസമില്‍ മരണം 44 ആയി വീടില്ലാതായവര്‍ രണ്ട് ലക്ഷം

ഏഴുദിവസമായി വംശീയസംഘര്‍ഷം തുടരുന്ന പടിഞ്ഞാറന്‍ അസമിലെ ബോഡോ മേഖലയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. സംഘര്‍ഷ മേഖലയില്‍ നിന്നും മൂന്നു മൃതദേഹങ്ങള്‍ കൂടി വ്യാഴാഴ്ച കണ്ടെത്തി. ചിരാങ, ധുബ്രി ജില്ലകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത.് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് ശനിയാഴ്ച കലാപ മേഖല സന്ദര്‍ശിക്കും.

കൊലയും കൊള്ളിവയ്പ്പും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചതോടെ കൂട്ടപ്പലായനം തുടരുകയാണ്. രണ്ടുലക്ഷത്തിലേറെപ്പേര്‍ ഭവനരഹിതരായി.150 ആശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട മേഖലയില്‍ നിര്‍ത്തിയിട്ട ട്രെയിനുകളിലെ മുപ്പതിനായിരത്തിലേറെ യാത്രക്കാര്‍ ഭക്ഷണവും കുടിവെള്ളവുമില്ലാതെ നരകയാതന അനുഭവിക്കുന്നു. ബുധനാഴ്ച ചിരാന്‍ഗിലെ ബിജ്നിയില്‍നിന്ന് അഞ്ചുപേരുടേയും കൊക്രജാറില്‍നിന്ന് മൂന്ന്പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ന്യൂനപക്ഷക്കാരായ കുടിയേറ്റക്കാരും ബോഡോ ഗോത്രവംശജരും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട കൊക്രജാര്‍ ജില്ലയില്‍ 25 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാലുപേര്‍ പൊലീസ് വെടിവയ്പിലാണ് മരിച്ചത്. ചിരാന്‍ഗില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഇരു വിഭാഗത്തേയും നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ബംഗ്ലാദേശില്‍ നിന്നുള്ള സംഘടനകള്‍ സംഘര്‍ഷത്തിനു പിന്നിലില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങ് പറഞ്ഞു. ഇന്ത്യബംഗ്ലാദേശ് അതിര്‍ത്തി അടച്ചു. കൊക്രജാര്‍, ചിരാന്‍ഗ്, ധുബ്രി, ബൊന്‍ഗെയ്ഗൊന്‍ ജില്ലകളില്‍ വന്‍ സേനാവ്യൂഹത്തെ വിന്യസിച്ചു. കൂടുതല്‍ സേന അസമിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സംഘര്‍ഷമേഖലയിലെ ഗ്രാമങ്ങളില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തിയെന്ന് സേന അറിയിച്ചു. നിശാനിയമം നിലനില്‍ക്കുന്ന ജില്ലകളില്‍ ചൊവ്വാഴ്ച രാത്രിയും വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയായി. ഒരുലക്ഷത്തിലേറെപ്പേര്‍ അഭയാര്‍ഥി ക്യാമ്പുകളിലാണ്. സംഘര്‍ഷ മേഖലയില്‍നിന്നും വടക്കന്‍ ബംഗാളിലേക്ക് അഭയാര്‍ഥികളുടെ കൂട്ടപ്പലായനം തുടരുന്നു.

ട്രെയിന്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചതോടെ അസമിലേക്ക് പുറപ്പെട്ട ആയിരക്കണക്കിന് യാത്രക്കാര്‍ പടിഞ്ഞാറന്‍ ബംഗാളിലെ കുച്ബിഹാറില്‍ അകപ്പെട്ടു. ഗുവാഹതി സ്റ്റേഷനില്‍നിന്ന് രണ്ടു ദിവസമായി ട്രെയിനുകള്‍ പുറപ്പെടുന്നില്ല. അസമിലേക്ക് ട്രെയിനുകള്‍ പ്രവേശിക്കുന്നുമില്ല. അതിര്‍ത്തികളിലെ ഒറ്റപ്പെട്ട സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ട ട്രെയിനുകളില്‍ ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നു. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചത് വിദൂരസ്ഥലങ്ങളില്‍നിന്ന് പുറപ്പെട്ട മലയാളികള്‍ അടക്കമുള്ള മുപ്പതിനായിരത്തിലേറെ യാത്രക്കാരെ ദുരിതത്തിലാക്കി. വടക്കുകിഴക്കന്‍ മേഖലയിലെ വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങികിടക്കുകയാണിവര്‍. ബദല്‍ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമം നടക്കുന്നു. 75ലേറെ സര്‍വീസുകള്‍ മുടങ്ങി. ബുധനാഴ്ച ഉച്ചയോടെ ഭാഗികമായി സര്‍വീസുകള്‍ പുനരാരംഭിച്ചു. സാഹചര്യം മെച്ചപ്പെടുന്നതിനുസരിച്ച് സര്‍വീസുകല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

അസം നിയമസഭ നിയോഗിച്ച സര്‍വകക്ഷിസംഘം ബുധനാഴ്ച സംഘര്‍ഷബാധിത മേഖല സന്ദര്‍ശിച്ചു. ഗുവാഹതിയില്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയ് ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. ബോര്‍ഡോ മേഖലയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പശ്ചിമബംഗാള്‍ ഇടതുമുന്നണി അധ്യക്ഷന്‍ ബിമന്‍ ബോസ് ആവശ്യപ്പെട്ടു.ശനിയാഴ്ച രാത്രി കൊക്രജാര്‍ നഗരത്തില്‍ ഓള്‍ ബോഡോലാന്‍ഡ് മൈനോറിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെയും ഓള്‍ അസം മൈനോറിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെയും നേതാക്കള്‍ക്കെതിരെ വെടിവയ്പുണ്ടായതാണ് സംഘര്‍ഷത്തിനുകാരണം.

കലാപം ആശങ്കാജനകം: സിപിഐ എം

ന്യൂഡല്‍ഹി: അസമില്‍ കലാപം പടരുന്നതില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അതിയായ ആശങ്ക പ്രകടിപ്പിച്ചു. കലാപം തടയുന്നതിന് ഗവണ്‍മെന്റ് ശക്തമായ നടപടിയെടുക്കണമെന്നും കലാപത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കലാപത്തിന് വര്‍ഗീയസ്വഭാവം കൈവരികയാണ്. ബോഡോ പ്രവിശ്യാഭരണ ജില്ലയില്‍നിന്നും കൊക്രാഝറില്‍നിന്നും മറ്റ് ജില്ലകളിലേക്ക് കലാപം പടരുകയാണ്. 40 പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേരെ കാണാതായി. 50 ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കി. ആയിരക്കണക്കിനാളുകള്‍ക്ക് സ്വന്തം വീടുവിട്ട് പലായനം ചെയ്യേണ്ടിവന്നു. എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും അരക്ഷിതബോധം വളരുകയാണ്. ദുരിതാശ്വാസക്യാമ്പുകളില്‍പോലും സുരക്ഷയില്ലെന്നതാണ് അവസ്ഥ.

കടപ്പാട്: പി.റ്റി.ഐ/ഡെക്കാന്‍ ക്രോണിക്കിള്‍
ആദ്യ അക്രമം നടന്ന ജൂലൈ ആറിനുതന്നെ അത് തടയാന്‍ നടപടിയെടുക്കാതെ സംഘര്‍ഷം വര്‍ധിക്കാന്‍ അനുവദിച്ച അസമിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയത്തിന് മകുടോദാഹരണമാണ് അസമിലെ കലാപം. വിവിധ സമുദായങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അസംതൃപ്തിയും സംഘര്‍ഷവും നേരത്തെതന്നെ പരിഹരിക്കാതെ അവഗണിച്ചു. അക്രമം തടയുന്നതില്‍ കാലതാമസം വരുത്തിയതിന് കേന്ദ്രം വിശദീകരണം നല്‍കണം. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണത്തെയും അതിനെ ന്യായീകരിക്കുന്ന പ്രചാരണത്തെയും സിപിഐ എം അപലപിക്കുന്നു.

ബ്രഹ്മപുത്രയുടെയും മറ്റ് നദികളുടെയും ഗതിമാറ്റംമൂലം മണ്ണൊലിച്ച് ഭൂമി നഷ്ടപ്പെട്ടതുമൂലം താമസം മാറ്റിയ ഇന്ത്യന്‍ പൗരന്മാര്‍തന്നെയാണ് ഈ മേഖലയിലുള്ള ബഹുഭൂരിപക്ഷം ജനങ്ങളും. നിരവധി ഭാഷകളും മതങ്ങളും സമുദായങ്ങളുമുള്ള അസമില്‍ ജനങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍ വര്‍ധിപ്പിച്ച് അക്രമത്തിലേക്ക് നയിക്കുംവിധം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ടികളുള്ളത് ദുരന്തമാണ്. ക്രമസമാധാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടിഎടുക്കണം. അക്രമത്തില്‍ പങ്കാളികളായവരെ കണ്ടെത്തി ശിക്ഷിക്കാന്‍ തയ്യാറാകണം. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള ക്യാമ്പുകളില്‍ മതിയായ സൗകര്യങ്ങളും സുരക്ഷയും ഏര്‍പ്പെടുത്തണം. സമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്താനും എല്ലാ വിഭാഗം ജനങ്ങളും തയ്യാറാകണം. കുഴപ്പമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. സിപിഐ എം എംപിമാരുടെ സംഘം അടുത്തുതന്നെ അസം സന്ദര്‍ശിക്കുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

deshabhimani 260712

1 comment:

  1. അസമില്‍ കലാപം പടരുന്നതില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അതിയായ ആശങ്ക പ്രകടിപ്പിച്ചു. കലാപം തടയുന്നതിന് ഗവണ്‍മെന്റ് ശക്തമായ നടപടിയെടുക്കണമെന്നും കലാപത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കലാപത്തിന് വര്‍ഗീയസ്വഭാവം കൈവരികയാണ്. ബോഡോ പ്രവിശ്യാഭരണ ജില്ലയില്‍നിന്നും കൊക്രാഝറില്‍നിന്നും മറ്റ് ജില്ലകളിലേക്ക് കലാപം പടരുകയാണ്. 40 പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേരെ കാണാതായി. 50 ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കി. ആയിരക്കണക്കിനാളുകള്‍ക്ക് സ്വന്തം വീടുവിട്ട് പലായനം ചെയ്യേണ്ടിവന്നു. എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും അരക്ഷിതബോധം വളരുകയാണ്. ദുരിതാശ്വാസക്യാമ്പുകളില്‍പോലും സുരക്ഷയില്ലെന്നതാണ് അവസ്ഥ.

    ReplyDelete