Saturday, July 28, 2012

അസമില്‍ സംഘര്‍ഷം തുടരുന്നു; മരണം 58


പടിഞ്ഞാറന്‍ അസമിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. 14 മൃതദേഹങ്ങള്‍ കൂടി വെള്ളിയാഴ്ച കണ്ടെത്തി. ബോഡോ മേഖലയിലെ നാലു ജില്ലയില്‍ സംഘര്‍ഷം തുടരുകയാണ്. വീടുനഷ്ടപ്പെട്ട രണ്ടുലക്ഷത്തിലേറെപ്പേര്‍ സര്‍ക്കാര്‍ തുറന്ന 150 ക്യാമ്പുകളില്‍ അഭയംതേടി. സ്ഥിതിഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ശനിയാഴ്ച അസം സന്ദര്‍ശിക്കും. സ്ഥിതിഗതി നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയ് അവകാശപ്പെട്ടു.

അതേസമയം, സംഘര്‍ഷം നേരിടുന്നതില്‍ തുടക്കത്തില്‍ പാളിച്ചയുണ്ടായെന്നും രണ്ടുലക്ഷത്തോളംപേര്‍ ഭവനരഹിതരായെന്നും സംഘര്‍ഷമേഖല സന്ദര്‍ശിച്ച ഗൊഗൊയ് സമ്മതിച്ചു. സംഘര്‍ഷത്തിന് തുടക്കംകുറിച്ച കൊക്രജാറില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനുള്ള ഉത്തരവും നിശാനിയമവും തുടരുന്നു. ചിരാന്‍ഗ്, ധുബ്രി ജില്ലകളിലും നിശാനിയമം തുടരുന്നു. ചിരാന്‍ഗില്‍നിന്ന് മൂന്നും ധുബ്രിയില്‍നിന്ന് ഒരു മൃതദേഹവും വ്യാഴാഴ്ച കണ്ടെത്തി. പൊലീസ് വെടിവയ്പിലാണ് ധുബ്രിയില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. ചിരാന്‍ഗിനുസമീപത്തുള്ള ബക്സാ ജില്ലയില്‍ അക്രമികളുടെ വെടിവയ്പില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഒറ്റപ്പെട്ട അക്രമങ്ങള്‍ നിരവധി സ്ഥലങ്ങളില്‍ റിപ്പോര്‍ട്ടുചെയ്തു. അഭയാര്‍ഥിക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കൊക്രജാര്‍ ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് ബിപുല്‍ സൈകിയക്കുനേരെ അക്രമമുണ്ടായി. വാഹനം തകര്‍ത്തു. ഉള്‍ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ട സംഘര്‍ഷം തുടരവേ, സമീപസംസ്ഥാനങ്ങളിലേക്കുള്ള കൂട്ടപ്പലായനം ശക്തമായി. കൊക്രജാറില്‍നിന്നുമാത്രം ഇരുപതിനായിരത്തോളംപേര്‍ ബംഗാളിലെ ജല്‍പായ്ഗുരിയിലേക്ക് പലായനംചെയ്തു. കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ മേഘാലയ ശക്തമായ നടപടി തുടങ്ങി. നൂറിലേറെ കലാപകാരികള്‍ പിടിയിലായിട്ടുണ്ട്. രണ്ടു ദിവസമായി പൂര്‍ണമായി സ്തംഭിച്ച ട്രെയിന്‍ഗതാഗതം ശക്തമായ സുരക്ഷാസംവിധാനങ്ങളോടെ പുനരാരംഭിച്ചു. അസമില്‍ കുടുങ്ങിയ പതിനായിരങ്ങള്‍ക്ക് നാട്ടിലേക്ക് പോകാനായി ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിനുകള്‍ വ്യാഴാഴ്ച ഗുവാഹത്തിയില്‍നിന്ന് പുറപ്പെട്ടു.

സ്ഥിതിഗതികള്‍ നേരിടാന്‍ കൂടുതല്‍ സേന, അര്‍ധസൈനിക വിഭാഗങ്ങള്‍ അസമിലേക്ക് തിരിച്ചു. സംഘര്‍ഷമേഖലയില്‍ സേനയെ നിയോഗിക്കുന്നതില്‍ കാലതാമസമുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ശംഭുസിങ് പറഞ്ഞു. അതേസമയം, സംഘര്‍ഷത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡോലാന്‍ഡ് മേഖലയിലെ ന്യൂനപക്ഷസംഘടന രംഗത്തെത്തി.

സേന എത്തിയത് 2 ദിവസം വൈകി

ഗുവാഹത്തി: അസമിലെ വംശീയകലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 58 ആയി ഉയര്‍ന്നതോടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരാനുള്ള മത്സരത്തില്‍. കലാപം അമര്‍ച്ച ചെയ്യുന്നതില്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയി പരാജയപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളും ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും പരസ്യമായി പ്രതികരിച്ചു. എന്നാല്‍, സേനയെ നിയോഗിക്കുന്നതില്‍ കേന്ദ്രം ഗുരുതരവീഴ്ചവരുത്തിയെന്ന് വെള്ളിയാഴ്ച ഗൊഗൊയി തിരിച്ചടിച്ചു. കലാപം മുന്‍കൂട്ടി കണ്ട് തടയാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാന്‍ തയ്യാറല്ലെന്നും ഗൊഗൊയി പറഞ്ഞു.

ആവശ്യത്തിന് സുരക്ഷാസേന സംസ്ഥാനത്തുണ്ടായിരുന്നെങ്കില്‍ തുടക്കത്തില്‍ തന്നെ സ്ഥിതിഗതി നിയന്ത്രിക്കാമായിരുന്നു. കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും സേനയെത്താന്‍ വൈകിയതാണ് കലാപം വ്യാപിക്കാന്‍ ഇടയാക്കിയത്-ഗൊഗൊയി പറഞ്ഞു. കലാപത്തിന്റെ പ്രഭവകേന്ദമായ കൊക്രജാറിലേക്ക് മൂന്നു മണിക്കൂര്‍കൊണ്ട് എത്താവുന്ന അകലത്തില്‍ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും സംഘര്‍ഷമേഖലയിലേക്ക് രണ്ടുദിവസം വൈകിയാണ് സേന എത്തിയത്. കൊക്രജാര്‍, ചിരാന്‍ഗ് ജില്ലാ മേധാവികള്‍ പ്രാദേശിക സൈനിക യൂണിറ്റിന്റെ സഹായം അഭ്യര്‍ഥിച്ച് തിങ്കളാഴ്ച കത്തുനല്‍കിയിരുന്നു. എന്നാല്‍, പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സഹായം നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു സേന. തുടര്‍ന്ന് അസം ചീഫ്സെക്രട്ടറി ആഭ്യന്തര-പ്രതിരോധ സെക്രട്ടറിമാര്‍ക്ക് പ്രത്യേകം കത്തെഴുതി. എല്ലാ നടപടിക്രമവും പൂര്‍ത്തിയാക്കി സേന ബുധനാഴ്ചയാണ് സംഘര്‍ഷമേഖലയില്‍ എത്തിയത്. സംഘര്‍ഷമേഖലയില്‍ സേനയെ നിയോഗിക്കുന്നതില്‍ കാലതാമസമുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ശംഭുസിങ് കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിരുന്നു. ഗൊഗൊയി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ റഹ്മാന്‍ഖാന്റെ നേതൃത്വത്തില്‍ എംപിമാരുടെ സംഘം കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് നിവേദനം നല്‍കി. ഗൊഗൊയിയെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് സൂചന നല്‍കി

സംസ്ഥാനത്തെ സ്ഥിതിഗതി നിരീക്ഷിക്കാന്‍ പത്തംഗ കോണ്‍ഗ്രസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അതേസമയം, ഗൊഗൊയിയെ പിന്തുണച്ച് കോണ്‍ഗ്രസിലെ വേറൊരുവിഭാഗം രംഗത്തെത്തി. ആറുദിവസമായി ന്യൂനപക്ഷക്കാരായ കുടിയേറ്റക്കാരും ബോഡോ ഗോത്രവംശജരും ഏറ്റുമുട്ടുന്ന കൊക്രജാര്‍, ചിരാന്‍ഗ്, ധുബ്രി, ബക്സാ ജില്ലയില്‍ വെള്ളിയാഴ്ച 14 മൃതശരീരംകൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ 58 ആയത്. എന്നാല്‍, മരണം 45 ആണെന്നാണ് ഔദ്യോഗിക കണക്ക്. നിരവധിപേരെ കാണാതായി. ഗൗരംഗ നദിയില്‍ ഒഴുകിയെത്തിയ നിലയില്‍ വെള്ളിയാഴ്ച ഒരു മൃതദേഹം കണ്ടെത്തി.

സേനാ സാന്നിധ്യമുണ്ടെങ്കിലും ഉള്‍ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ട അക്രമം തുടരുന്നു. തദ്ദേശവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി നിശാനിയത്തില്‍ പകല്‍ കുറച്ചുസമയത്തേക്ക് ഇളവുനല്‍കി. ഒരാഴ്ചയായി വിതരണം നിലച്ചതോടെ സംഘര്‍ഷബാധിത ജില്ലകളില്‍ അവശ്യസാധനവില കുതിച്ചുയര്‍ന്നു. ഭക്ഷണസാധനങ്ങള്‍ക്കും പച്ചക്കറിക്കും വില ഇരട്ടിയായി. രണ്ടുദിവസത്തിനുശേഷം പുനരാരംഭിച്ച ട്രെയിന്‍ഗതാഗതം സാധാരണ നിലയിലായി. 250 ക്യാമ്പിലായി കഴിയുന്ന 400 ഗ്രാമത്തിലെ രണ്ടു ലക്ഷത്തോളം അഭയാര്‍ഥികളുടെ ദുരിതം തുടരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ശനിയാഴ്ച കൊക്രജാര്‍ ജില്ല സന്ദര്‍ശിക്കും.

deshabhimani 280712

വിഭജനകാലം ഓര്‍മിപ്പിച്ച് ബംഗാളിലേക്ക് പലായനം

1 comment:

  1. പടിഞ്ഞാറന്‍ അസമിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. 14 മൃതദേഹങ്ങള്‍ കൂടി വെള്ളിയാഴ്ച കണ്ടെത്തി. ബോഡോ മേഖലയിലെ നാലു ജില്ലയില്‍ സംഘര്‍ഷം തുടരുകയാണ്. വീടുനഷ്ടപ്പെട്ട രണ്ടുലക്ഷത്തിലേറെപ്പേര്‍ സര്‍ക്കാര്‍ തുറന്ന 150 ക്യാമ്പുകളില്‍ അഭയംതേടി. സ്ഥിതിഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ശനിയാഴ്ച അസം സന്ദര്‍ശിക്കും. സ്ഥിതിഗതി നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയ് അവകാശപ്പെട്ടു.

    ReplyDelete