Monday, July 9, 2012

പഴയ കേസ് പുനരന്വേഷണം പ്രോത്സാഹിപ്പിക്കില്ല: സുപ്രീംകോടതി


നാല്‍പ്പതുവര്‍ഷത്തിലേറെ പഴക്കമുള്ള കൊലപാതകക്കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് സിപിഐ എം നേതാക്കളെ കുടുക്കാനുള്ള മമത ബാനര്‍ജിയുടെ നീക്കം സുപ്രീംകോടതിയില്‍ പാളി. ബംഗാള്‍ രക്തരൂഷിതമായിരുന്ന എഴുപതുകളില്‍ രാഷ്ട്രീയസംഘര്‍ഷത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സെയിന്‍ബാരി കേസില്‍ വിചാരണ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം നിരുപം സെന്നിനെയും മറ്റു ചില മുതിര്‍ന്ന നേതാക്കളെയും കുടുക്കാനായിരുന്നു മമതയുടെ നീക്കം.

സെയിന്‍ബാരി കേസില്‍ വീണ്ടും വിചാരണ ആവശ്യപ്പെട്ട് തൃണമൂല്‍ പ്രവര്‍ത്തകനും "ഓള്‍ ഇന്ത്യാ ലീഗല്‍ എയിഡ്" എന്ന സംഘടനയുടെ കണ്‍വീനറുമായ ജയ്ദീപ് മുഖര്‍ജിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പിന്‍വലിച്ച നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണം, അന്നത്തെ കോടതിരേഖകള്‍ ആവശ്യപ്പെടാന്‍ സുപ്രീംകോടതി തയ്യാറാകണം, കേസില്‍ പുതിയ വിചാരണ ആരംഭിക്കണം എന്നിവയായിരുന്നു ആവശ്യങ്ങള്‍.

എന്നാല്‍,ഹര്‍ജിയിലെ ഒരാവശ്യവും പരിഗണിക്കാനാകില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തു, സി കെ പ്രസാദ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. 40 വര്‍ഷംമുമ്പ് നടന്ന ഒരു സംഭവത്തിന് എന്തടിസ്ഥാനത്തിലാണ് വീണ്ടും വിചാരണ വേണ്ടതെന്ന് കോടതി ആരാഞ്ഞു. ""പ്രഥമദൃഷ്ട്യാതന്നെ കേസില്‍ കോടതിക്ക് ഇടപെടാനാകില്ല. ഇത് പ്രോത്സാഹിപ്പിക്കാവുന്ന ഒന്നല്ല. കേസ് അവസാനിച്ചിട്ട് 34 വര്‍ഷം കഴിഞ്ഞിരിക്കുന്നു""- ജസ്റ്റിസ് ദത്തു പറഞ്ഞു.

1970ലാണ് ബര്‍ദ്വാന്‍ ജില്ലയിലെ സെയിന്‍ബാരിയില്‍ രാഷ്ട്രീയസംഘര്‍ഷത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ടത്. സിപിഐ എം പ്രകടനത്തെ കോണ്‍ഗ്രസുകാര്‍ ആക്രമിക്കുകയും തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു. തുടര്‍സംഘര്‍ഷങ്ങളില്‍ പതിനാറോളംപേര്‍ കൊല്ലപ്പെട്ടു. ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക ആക്രമണമുണ്ടായി. സിപിഐ എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ കേസില്‍ തെറ്റായി പ്രതിചേര്‍ത്തു. പ്രതികളുടെ മൊഴിയെടുക്കാന്‍ പോയ അഭിഭാഷകനെപ്പോലും കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി. ഈ സംഭവങ്ങളിലൊന്നും കേസെടുക്കാന്‍ അന്നത്തെ ഭരണകൂടം തയ്യാറായില്ല. അക്കാലത്ത് ബംഗാളില്‍ രാഷ്ട്രപതിഭരണമായിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ നിര്‍ദേശപ്രകാരം സെയിന്‍ബാരി സംഭവത്തില്‍ പ്രത്യേക കമീഷനെ നിയോഗിച്ച് അന്വേഷണം നടന്നു. തുടര്‍ന്നാണ് സിപിഐ എം നേതാക്കളെ കൂട്ടത്തോടെ പ്രതിചേര്‍ത്തത്. 1977ല്‍ ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ടിയോടും വിവേചനം കൂടാതെ പതിനായിരത്തോളം രാഷ്ട്രീയകേസ് പിന്‍വലിച്ചു. സെയിന്‍ബാരി ഉള്‍പ്പെടെയുള്ള കേസുകള്‍ പിന്‍വലിച്ചതിനെതിരെ ആരും കോടതിയെ സമീപിക്കുകയോ രാഷ്ട്രീയപ്രശ്നമായി ഉയര്‍ത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍, മമത അധികാരത്തില്‍ എത്തിയതിനുപിന്നാലെ കേസ് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ പ്രഖ്യാപിച്ചു. ഇതിനെതിരായ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതിയുടെ പരിഗണനയിലാണ്.
(എം പ്രശാന്ത്)

deshabhimani 090712

1 comment:

  1. നാല്‍പ്പതുവര്‍ഷത്തിലേറെ പഴക്കമുള്ള കൊലപാതകക്കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് സിപിഐ എം നേതാക്കളെ കുടുക്കാനുള്ള മമത ബാനര്‍ജിയുടെ നീക്കം സുപ്രീംകോടതിയില്‍ പാളി. ബംഗാള്‍ രക്തരൂഷിതമായിരുന്ന എഴുപതുകളില്‍ രാഷ്ട്രീയസംഘര്‍ഷത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സെയിന്‍ബാരി കേസില്‍ വിചാരണ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം നിരുപം സെന്നിനെയും മറ്റു ചില മുതിര്‍ന്ന നേതാക്കളെയും കുടുക്കാനായിരുന്നു മമതയുടെ നീക്കം

    ReplyDelete