Saturday, July 28, 2012

കേരളം കൂരിരുട്ടിലേക്ക്


വൈദ്യുതിനിരക്ക് വര്‍ധനയില്‍ കുടുംബ ബജറ്റ് തകരുന്നതിനിടെ കേരളം നീങ്ങുന്നത് കൂരിരുട്ടിലേക്ക്. പത്തുവര്‍ഷത്തിനകം വൈദ്യുതിമിച്ച സംസ്ഥാനമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ പരിസ്ഥിതിവാദികളുടെ എതിര്‍പ്പും യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടുംമൂലം പാതിവഴിയില്‍ ഉപേക്ഷിച്ചതാണ് തിരിച്ചടിയാകുന്നത്. പ്രതിസന്ധിയുടെ മറവില്‍ വീണ്ടും അധിക നിരക്ക് അടിച്ചേല്‍പ്പിക്കാനുള്ള നീക്കവും അണിയറയില്‍ സജീവം.

ആവശ്യമായ വൈദ്യുതിയുടെ 35 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. പത്തുവര്‍ഷംമുമ്പ് ഇത് 60 ശതമാനമായിരുന്നു. 65 ശതമാനം വൈദ്യുതി പുറമെനിന്ന് വാങ്ങുന്നത് നിരക്ക് കുതിക്കാന്‍ ഇടയാക്കുന്നു. പുതിയ പദ്ധതികളില്ലാത്തതിനാല്‍ വൈദ്യുതി വാങ്ങല്‍ ഇനിയും കൂട്ടേണ്ടിവരും. എല്ലാ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ഇപ്പോഴത്തെ നിരക്ക് വര്‍ധനയ്ക്ക് 2013 മാര്‍ച്ച് 31 വരെ കാലാവധി നിശ്ചയിച്ചത് ഇതിന് കേരളം വഴങ്ങിയെന്നതിന്റെ സൂചനയാണ്. ഇനിയുള്ള വര്‍ധന ഇതിലും രൂക്ഷമാകുമെന്നും ഉറപ്പാണ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കും വ്യവസായമേഖലയുടെ തകര്‍ച്ചയ്ക്കും ഇതിടയാക്കും.

പത്തുവര്‍ഷത്തെ ആവശ്യകത കണക്കാക്കി 3000-4000 മെഗാവാട്ടിന്റെ പദ്ധതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. കാറ്റില്‍നിന്നുള്ള 33 മെഗാവാട്ട് അടക്കം 96 മെഗാവാട്ടിന്റെ പദ്ധതികള്‍ കമീഷന്‍ചെയ്യാനും എല്‍ഡിഎഫ് ഭരണത്തില്‍ കഴിഞ്ഞു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 26.6 മെഗാവാട്ടുമാത്രം ഉല്‍പ്പാദിപ്പിച്ച സ്ഥാനത്താണിത്. 730 മെഗാവാട്ടിന്റെ മുപ്പതോളം പദ്ധതിക്ക് തുടക്കമിടാനും എല്‍ഡിഎഫിനു കഴിഞ്ഞിരുന്നു. എന്നാല്‍, അവയെല്ലാം ഉപേക്ഷിച്ചമട്ടാണ്.

വന്‍കിട പദ്ധതികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഒഡിഷയില്‍ കല്‍ക്കരിപ്പാടത്തിന് അനുമതി നേടിയെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി മുടങ്ങി. കല്‍ക്കരിയില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനത്തിന് ശരാശരി മൂന്നുരൂപമാത്രമാണ് ചെലവു വരിക. അതിരപ്പിള്ളി (163 മെഗാവാട്ട്), പൂയംകുട്ടി (240 മെഗാവാട്ട്), പാത്രക്കടവ് (70 മെഗാവാട്ട്) ജലവൈദ്യുതപദ്ധതികള്‍ പരിസ്ഥിതി പ്രശ്നത്തിലും കുരുങ്ങി.

നാഫ്ത വിലവര്‍ധനയെത്തുടര്‍ന്ന് കായംകുളം അടക്കമുള്ള താപനിലയങ്ങളില്‍നിന്നുള്ള ഉല്‍പ്പാദനത്തിന് ഇപ്പോഴത്തെ ചെലവ് 9.48 രൂപയാണ്. നാഫ്തയുടെ വില കുത്തനെ വര്‍ധിച്ചപ്പോള്‍ പ്രകൃതിവാതക പദ്ധതികളിലായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. കായംകുളം എക്സ്പാന്‍ഷന്‍ (1050 മെഗാവാട്ട്), കൊച്ചി പുതുവൈപ്പിലെ പെട്രോനെറ്റ് (1050 മെഗാവാട്ട്), ചീമേനി (1200 മെഗാവാട്ട്) എന്നീ പ്രകൃതിവാതക വൈദ്യുതപദ്ധതികളില്‍നിന്ന് 24,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍, പ്രകൃതിവാതകത്തിന്റെ വില വര്‍ധിച്ചത് തിരിച്ചടിയായി. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതി വാതകം ന്യായവിലയ്ക്ക് വിതരണംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. ഇപ്പോഴത്തെ നിരക്കനുസരിച്ച് പ്രകൃതിവാതക വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ യൂണിറ്റിന് എട്ടുമുതല്‍ ഒമ്പതുരൂപവരെ ചെലവുവരും. താപനിലയങ്ങള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റാനുള്ള പദ്ധതികളും ഇതോടെ മുടങ്ങി. കൂടംകുളം ആണവനിലയത്തില്‍നിന്ന് ലൈന്‍ വലിക്കാനുള്ള പദ്ധതികളും ചിലരുടെ എതിര്‍പ്പിനാല്‍ മുടങ്ങി. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മൂന്നുരൂപ നിരക്കില്‍ കൂടംകുളത്തുനിന്ന് വൈദ്യുതി ലഭിക്കാനുള്ള സാധ്യതയാണ് അടയുന്നത്. വൈദ്യുതിവിലയും വിതരണച്ചെലവും ഉള്‍പ്പെടെ യൂണിറ്റിന് 4.64 രൂപ ഇപ്പോള്‍ ചെലവാകുന്നുണ്ടെന്നാണ് റെഗുലേറ്ററി കമീഷന്‍ ചൂണ്ടിക്കാട്ടുന്നത്. അതിന്റെ 95 ശതമാനം മാത്രമേ നിരക്കു വര്‍ധനവഴി ഈടാക്കുന്നുള്ളൂവെന്നും കമീഷന്‍ പറയുന്നു. എന്നിട്ടുപോലും കുടുംബ ബജറ്റുകള്‍ അവതാളത്തിലായി.
(ആര്‍ സാംബന്‍)

കഞ്ചിക്കോട്ടെ വ്യവസായമേഖല തകരും

പാലക്കാട്: വൈദ്യുതിനിരക്ക് കുത്തനെ കൂട്ടിയത് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായമേഖലയായ കഞ്ചിക്കോടിനെ വന്‍ പ്രതിസന്ധിയിലാക്കും. ചെറുതും വലുതുമായ 498 വ്യവസായ യൂണിറ്റുള്ള ഇവിടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമാകും. നിലവില്‍ പ്രതിസന്ധി നേരിടുന്ന കഞ്ചിക്കോട്ടെ ടെക്സ്റ്റൈല്‍ മേഖലയ്ക്കാണ് നിരക്കുവര്‍ധന വന്‍ തിരിച്ചടി. ദിവസം ഒരു ലക്ഷം രൂപയാണ് നഷ്ടം പ്രതീക്ഷിക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സിമന്റ്സിന് പ്രതിമാസം 50 ലക്ഷം രൂപയുടെ അധികബാധ്യത വരും. ഗ്ലാസ് നിര്‍മാണത്തിനുള്ള സിലിക്കണും മറ്റ് അസംസ്കൃത വസ്തുക്കളും നിര്‍മിക്കുന്ന സെയിന്റ് ഗൊബെയ്ന് 35 ലക്ഷം രൂപയുടെയും ഇന്‍സിന്‍ ഇലക്ട്രോ തെര്‍മിക്സിന് ഒരുകോടി രൂപയുടെ അധിക ബാധ്യതയുണ്ടാവും. കഞ്ചിക്കോട്ടെ പ്രീകോട്ട് മെറീഡിയന്‍ ടെക്സ്റ്റൈല്‍ യൂണിറ്റിന്റെ ചെലവ് പ്രതിമാസം 30ലക്ഷം രൂപ വര്‍ധിക്കും.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് യൂണിറ്റിന് 1.20 രൂപയാണ് ഉയര്‍ത്തിയത്. ലോ ടെന്‍ഷന്‍ 4 വ്യവസായ ഉപയോക്താക്കളുടെ നിരക്ക് യൂണിറ്റിന് 3.25ല്‍നിന്ന് 4.25 രൂപയായും ഹൈടെന്‍ഷന്‍ വ്യവസായത്തിനുള്ള നിരക്ക് യൂണിറ്റിന് മൂന്നു രൂപയില്‍നിന്ന് 4.1 രൂപയുമാണ് കൂട്ടിയത്. ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വ്യവസായ യൂണിറ്റുകളുടെ നിരക്ക് 3.50 രൂപയില്‍നിന്ന് 4.10 രൂപയാക്കി. കഞ്ചിക്കോട്ട് 48 ഇരുമ്പുരുക്കു കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം വലിയ പ്രതിസന്ധിയിലാകും. സംസ്ഥാനത്തിന് ആവശ്യമായ സ്റ്റീലിന്റെ 90 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് കഞ്ചിക്കോട്ടാണ്. വൈദ്യുതിനിയന്ത്രണത്തെത്തുടര്‍ന്ന് ഉല്‍പ്പാദനം കുറച്ചാല്‍ കമ്പിവില ഇരട്ടിയാകും. ഇത് നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കും. നിലവില്‍ പ്രതിസന്ധി നേരിടുന്ന പല കമ്പനികള്‍ക്കും നിരക്ക്വര്‍ധനയില്‍ പിടിച്ചുനില്‍ക്കാനാവില്ല. ഇരുപതിനായിരം ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പാലക്കാടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ പ്രത്യാഘാതമാകും ഇത്. 2001-06ലെ യുഡിഎഫ് ഭരണത്തിലാണ് കഞ്ചിക്കോട് വ്യവസായമേഖല ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത്. അന്ന് വലുതും ചെറുതുമായ ഇരുന്നൂറോളം വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടി. 12,000പേര്‍ക്ക് തൊഴില്‍ നഷ്ടമായി. നിരവധിപേര്‍ ആത്മഹത്യ ചെയ്തു. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് കഞ്ചിക്കോട്ടെ വ്യവസായസ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിച്ചത്. നഷ്ടത്തിലായ പല വ്യവസായശാലകളും അന്ന് ലാഭത്തിലായി.

നെല്‍ക്കൃഷിച്ചെലവും കുത്തനെ ഉയരും

ആലപ്പുഴ: കാര്‍ഷിക മേഖലയിലെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് കൃഷിച്ചെലവ് ഏക്കറിന് 400 മുതല്‍ 500 രൂപ വരെ ഉയരാനിടയാക്കുമെന്ന് കുട്ടനാട്ടിലെ കര്‍ഷകര്‍ പറഞ്ഞു. വളത്തിന്റെയും കീടനാശിനിയുടെയും വില രണ്ടും മൂന്നും ഇരട്ടികൂടിയതിന് പുറമെയാണ് യുഡിഎഫ് സര്‍ക്കാര്‍ കാര്‍ഷിക വൈദ്യുതിയുടെ നിരക്ക് രണ്ടിരട്ടി വര്‍ധിപ്പിച്ചത്. അപ്പര്‍ കുട്ടനാട്ടിലെ 250 ഏക്കര്‍ വിസ്തൃതിയുള്ള കാട്ടുകോണം പാടശേഖരത്ത് ഒരു കൃഷിക്ക് വെള്ളം പമ്പുചെയ്യാനായി ഒരു ലക്ഷം യൂണിറ്റ് വൈദ്യുതി വേണം. ഒരു ഏക്കറിന് ശരാശരി 400 യൂണിറ്റ്. 1020 ഏക്കറുള്ള അയ്യനാട് പാടശേഖരത്ത് ഒരു കൃഷിക്ക് 3.5 ലക്ഷം മുതല്‍ നാലു ലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടിവരുന്നുണ്ടെന്ന് പാടശേഖര പ്രസിഡന്റ് പുരുഷോത്തമദാസ് പറഞ്ഞു. ഏക്കറിന് ശരാശരി 375 യൂണിറ്റ് വൈദ്യുതി. കാര്‍ഷിക മേഖലയ്ക്കുള്ള വൈദ്യുതി നിരക്ക് 65 പൈസയില്‍നിന്ന് ഒന്നര രൂപയായി വര്‍ധിപ്പിച്ചതോടെ വൈദ്യുതി നിരക്കില്‍ മാത്രം ഏക്കറിന് 350 രൂപ മുതല്‍ 500 രൂപ അധികമായി നല്‍കണം.

ഇപ്പോള്‍ കാര്‍ഷിക ഉപയോഗത്തിനുള്ള വൈദ്യുതിക്ക് ബോര്‍ഡ് 65 പൈസയാണ് ഈടാക്കുന്നതെങ്കിലും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 12 പൈസ മാത്രമാണ് കര്‍ഷകരില്‍ നിന്ന് ഈടാക്കിയിരുന്നത്. ബാക്കി 53 പൈസ കൃഷി വകുപ്പ് സബ്സിഡിയായി ബോര്‍ഡിന് നേരിട്ട് നല്‍കി. നെല്‍കൃഷിക്കുള്ള വൈദ്യുതി പൂര്‍ണ സൗജന്യമായി നല്‍കുമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യപിച്ചിരുന്നു. എന്നാല്‍ വൈദ്യുതിക്ക് സബ്സിഡി നല്‍കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത് കര്‍ഷകരെ വീണ്ടും ആശങ്കയിലാഴ്ത്തി. നെല്‍കൃഷിക്കും സബ്സിഡി നിര്‍ത്തലാക്കിയാല്‍ കര്‍ഷകര്‍ ഫലത്തില്‍ യൂണിറ്റിന് 1.38 രൂപ അധികമായി നല്‍കണം. ഇപ്പോള്‍ പാടശേഖരത്ത് കൃഷിയിറക്കുന്നതിന് മുമ്പായി പമ്പ് വാടകയ്ക്കും അറ്റകുറ്റപ്പണിക്കും ചിറ ബലപ്പെടുത്തലിനുമൊക്കെയായി കര്‍ഷകരില്‍ നിന്ന് ഏക്കറിന് 1250 രൂപ വീതമാണ് പാടശേഖര സമിതി ഈടാക്കുന്നത്. സര്‍ക്കാര്‍ വൈദ്യുതിക്ക് അധികമായി സബ്സിഡി അനുവദിച്ചില്ലെങ്കില്‍ അത് 1750 രൂപയായി വര്‍ധിപ്പിക്കേണ്ടി വരുമെന്ന് കാട്ടുകോണം പാടശേഖര സമിതി സെക്രട്ടറി ബിനു പറഞ്ഞു.
(ഡി ദിലീപ്)

വൈദ്യുതിനിരക്കു വര്‍ധന യുഡിഎഫിന്റെ ഓണസമ്മാനം: കോടിയേരി

വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനത്തിന് സര്‍ക്കാരിന്റെ ഓണസമ്മാനമാണ് വൈദ്യുതിനിരക്ക് വര്‍ധനയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സെക്രട്ടറിയറ്റിനു മുന്നില്‍ സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈദ്യുതിബോര്‍ഡിന് സബ്സിഡി നല്‍കി നിരക്കുവര്‍ധന പിന്‍വലിക്കണം. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് വൈദ്യുതിപ്രതിസന്ധി രൂക്ഷമായത്. ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച 1650 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്ത് ജനങ്ങളെ രക്ഷിക്കണം. ജനങ്ങളെക്കുറിച്ച് ഒരു നിമിഷം സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. നിയമസഭയില്‍ പറയുന്നതല്ല നടപ്പാക്കുന്നത്. വൈദ്യുതിനിരക്ക് വര്‍ധനയില്ലെന്നു പറഞ്ഞവര്‍ നിയമസഭ പിരിഞ്ഞയുടന്‍ കുത്തനെ വര്‍ധിപ്പിച്ച് ജനങ്ങളെ ഇരുട്ടിലാക്കി. വൈദ്യുതിപ്രതിസന്ധി രൂക്ഷമാക്കിയ നടപടികളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇടുക്കി ഡാമില്‍ വെള്ളം സംഭരിക്കുന്നതിലും വകുപ്പിനു വീഴ്ചയുണ്ടായി.

വൈദ്യുതിമേഖലയില്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഭാവനാപൂര്‍ണ നടപടികളാണ് കേരളത്തെ ഇരുട്ടില്‍നിന്ന് രക്ഷിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചില്ല. പാവപ്പെട്ട കുടുംബങ്ങള്‍ക്കുപോലും നൂറു രൂപയിലധികം രൂപയുടെ ഭാരമാണ് ഇപ്പോള്‍ അടിച്ചേല്‍പ്പിച്ചത്. സാധാരണക്കാര്‍ക്ക് ഭക്ഷണം കഴിക്കാനും യാത്രചെയ്യാനുംപോലും കഴിയാത്ത സംസ്ഥാനമായി യുഡിഎഫ് ഭരണത്തില്‍ കേരളം മാറി. ഭക്ഷ്യവിഷബാധയിലൂടെ ലോകത്തിനു മുന്നില്‍ കേരളം നാണം കെട്ടു. ആത്മഹത്യ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകള്‍ക്കു മാത്രമാണിപ്പോള്‍ കേരളത്തോട് പ്രിയം- കോടിയേരി പറഞ്ഞു.

deshabhimani 280712

1 comment:

  1. വൈദ്യുതിനിരക്ക് വര്‍ധനയില്‍ കുടുംബ ബജറ്റ് തകരുന്നതിനിടെ കേരളം നീങ്ങുന്നത് കൂരിരുട്ടിലേക്ക്. പത്തുവര്‍ഷത്തിനകം വൈദ്യുതിമിച്ച സംസ്ഥാനമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ പരിസ്ഥിതിവാദികളുടെ എതിര്‍പ്പും യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടുംമൂലം പാതിവഴിയില്‍ ഉപേക്ഷിച്ചതാണ് തിരിച്ചടിയാകുന്നത്. പ്രതിസന്ധിയുടെ മറവില്‍ വീണ്ടും അധിക നിരക്ക് അടിച്ചേല്‍പ്പിക്കാനുള്ള നീക്കവും അണിയറയില്‍ സജീവം.

    ReplyDelete