Monday, July 30, 2012

തിരുവണ്ണൂര്‍ കോട്ടണ്‍മില്ലില്‍ അനധികൃത നിയമനത്തിന് നീക്കം


തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിലെ തൊഴിലാളികളെ പിരിച്ചുവിട്ട് അനധികൃത നിയമനത്തിന് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തൊഴിലാളി സംഘടനകളും കമ്പനി മാനേജ്മെന്റും ഉണ്ടാക്കിയ കരാര്‍ കാറ്റില്‍ പറത്തിയാണ് അനധികൃത നിയമന നീക്കം. കോട്ടണ്‍മില്ലിലെ 187 ഒഴിവുകളിലേക്ക് നിയമനം നടത്താനാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമന ഏജന്‍സിയായ റിയാബ് മുഖേന അപേക്ഷ ക്ഷണിച്ചത്.

യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ കോട്ടണ്‍ മില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറാണ് തുറന്നത്. 40 കോടി രൂപ മുതല്‍ മുടക്കി ആധുനിക നെയ്ത്ത് യന്ത്രങ്ങളടക്കം സ്ഥാപിച്ചാണ് മില്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനമാണ് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ ശ്രമഫലമായി 2006 ഡിസംബര്‍ 17ന് തുറന്ന് പ്രവര്‍ത്തിപ്പിച്ച് ലാഭകരമാക്കിയത്. മില്‍ നവീകരിച്ചതോടെ 271 ജിവനക്കാരാണ് ജോലിക്ക് വേണ്ടത്. കമ്പനി തുറക്കുമ്പോള്‍ 70 സ്ഥിരം ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് പലഘട്ടങ്ങളായി 200-ലധികം ട്രെയിനികളെ നിയമിച്ചാണ് മില്ലിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയത്. ട്രെയിനികള്‍ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രൊബേഷന്‍ നല്‍കണമെന്നും ഇവര്‍ 240 ദിവസം ജോലി ചെയ്താല്‍ സ്ഥിരപ്പെടുത്താമെന്നും സര്‍ക്കാരും കമ്പനി മാനേജ്മെന്റും തൊഴിലാളികളുമായി ധാരണയിലെത്തിയിരുന്നു. 2011 ജനുവരി ഒന്നിന് ഒപ്പിട്ട ഈ ധാരണാപത്രത്തിന് വിരുദ്ധമായാണ് പുതിയ നിയമനത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ്.

സ്ഥിരം ജീവനക്കാരെ കൂടാതെ 68 പ്രൊബേഷന്‍ (ബദലി) തൊഴിലാളികളും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ സര്‍വീസുള്ള 206 ട്രെയിനികളുമാണ് സ്ഥാപനത്തിലുള്ളത്. അപേക്ഷ ക്ഷണിച്ച 187 ഒഴിവുകള്‍ നിലവില്‍ ഇവിടെയില്ല. ധാരണ പ്രകാരം നിയമനത്തിന് അര്‍ഹതയുള്ള പ്രൊബേഷന്‍കാരെയും ട്രെയിനികളേയും ഒഴിവാക്കിയാണ് പുതിയ നിയമനീക്കം. ധാരണാപത്രവും നിയമനങ്ങളും സര്‍ക്കാര്‍ റദ്ദാക്കി. നടപടി ക്രമങ്ങളും സംവരണ തത്വങ്ങളും പാലിച്ചല്ല നിയമനം എന്ന് ആരോപിച്ചാണ് നിയമനം റദ്ദാക്കിയതെന്നാണ് വിശദീകരണം. പുതിയ ഉത്തരവ് പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്കുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസ് ആക്കുകയും ചെയ്തു.

സംസ്ഥാനത്തെ എംപ്ലായ്മെന്റ് എക്സ്ചേഞ്ചുകളില്‍ അറിയിച്ച ശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമനം നടത്തിയത്. മില്ലില്‍ നിയമിക്കപ്പെടുന്നതിന് പരിശീലനം നേടിയവര്‍ ഇല്ലെന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍നിന്ന് റിപ്പോര്‍ട് ലഭിച്ച ശേഷമാണ് രണ്ട് വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രെബേഷന്‍ നല്‍കിയത്. ഇതെല്ലാം മറിച്ചുവച്ചാണ് ജൂണ്‍ 23ന് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. റിയാബിനെ ഉപയോഗിച്ച് കോട്ടണ്‍ മില്ലിലും കേരളാ സോപ്സിലും ഇഷ്ടക്കാരെ നിയമിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആഗസ്ത് ഏഴിന് പകല്‍ മൂന്നിന് ടൗണ്‍ഹാളില്‍ സിഐടിയു നേതൃത്വത്തില്‍ തൊഴിലാളി കണ്‍വന്‍ഷന്‍ ചേരും.

deshabhimani 300712

No comments:

Post a Comment