Sunday, July 29, 2012

നാഴികക്കല്ലുകള്‍ പിന്നിട്ട് മലയാളം വിക്കി


പത്തുവര്‍ഷത്തിനുള്ളില്‍ 25,000 ലേഖനങ്ങള്‍. നാഴികക്കല്ലുകള്‍ പിന്നിട്ട് കുതിക്കുകയാണ് ഇന്റര്‍നെറ്റിലെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളംപതിപ്പ്. ആര്‍ക്കും ലേഖനം എഴുതാവുന്നതും മറ്റുള്ളവയില്‍ തെറ്റു കണ്ടെത്തിയാല്‍ തിരുത്താവുന്നതുമായ വിക്കിപീഡിയയുടെ മലയാളംപതിപ്പ് ഈ മാസം 23നാണ് 25,000 ലേഖനങ്ങള്‍ എന്ന കടമ്പ മറികടന്നത്. സ്കൂള്‍വിദ്യാര്‍ഥികള്‍മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നതസ്ഥാനം വഹിക്കുന്ന മലയാളികള്‍വരെ ഈ വിജ്ഞാനസാഗരം വിശാലമാക്കാന്‍ തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്. മലയാളഭാഷയെ നെഞ്ചോടുചേര്‍ക്കുന്നവരുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ അധ്വാനമാണ് ഇപ്പോഴത്തെ നേട്ടത്തിനു പിന്നിലെന്ന് മലയാളം വിക്കിപീഡിയയില്‍ സജീവമായ എറണാകുളം അമൃത ആശുപത്രിയിലെ ഡോ. അജയ് ബാലചന്ദ്രന്‍ പറഞ്ഞു.

മലയാളം സര്‍വവിജ്ഞാനകോശത്തിലെ വിവരങ്ങള്‍ വിക്കിയിലേക്ക് പകര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാംസ്കാരിക മന്ത്രിയായിരുന്ന എം എ ബേബിയാണ് തുടക്കംകുറിച്ചത്. ദിവസേന മുപ്പതോളം പുതിയ ലേഖനങ്ങള്‍ മലയാളം വിക്കിയില്‍ എത്തുന്നു. ലേഖനങ്ങളുടെ മേല്‍നോട്ടത്തിനു ചുമതലപ്പെട്ടവരില്‍ ഒരാളാണ് ഡോ. അജയ്. സാധാരണ പുസ്തകമാക്കിയാല്‍ അരലക്ഷത്തോളം പേജുകളില്‍ വരുന്നത്രയും വിവരങ്ങളാണ് മലയാളം വിക്കി ഇന്റര്‍നെറ്റിനുസമ്മാനിച്ചത്. 2002 ഡിസംബര്‍ 21ന് സജീവമായ മലയാളം വിക്കിപീഡിയ പത്താം വാര്‍ഷികത്തിന്റെ പടിവാതില്‍ക്കലാണ്. ഇന്ത്യന്‍ വിക്കിപീഡിയകളില്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. തെലുങ്ക്, ഹിന്ദി, മറാഠി, തമിഴ് എന്നിവയാണ് മറ്റുള്ളവ. എന്നാല്‍, ലേഖനങ്ങളുടെ ഗുണനിലവാരത്തിലും ആധികാരികതയിലും മലയാളം വിക്കി മറ്റു ഭാഷകളെക്കാള്‍ മുന്നിലാണ്. ഈ മാസംവരെയുള്ള കണക്കനുസരിച്ച് മുപ്പത്തേഴായിരത്തോളം പേരാണ് മലയാളം വിക്കിപീഡിയയില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ഏതാണ്ട് നൂറുപേര്‍മാത്രമാണ് സജീവമായി രംഗത്തുള്ളത്. വിവരങ്ങളടങ്ങുന്ന സിഡികളുടെ സൗജന്യ വിതരണവും പുതിയ എഴുത്തുകാര്‍ക്കായി വിക്കി പഠനശിബിരവും വിക്കി സംഗമവും മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ നടത്താറുണ്ട്. സ്കൂളുകളിലൂടെ വിക്കിപീഡിയ വിദ്യാഭ്യാസപദ്ധതി തുടങ്ങിയ ആദ്യ ഇന്ത്യന്‍ വിക്കി സമൂഹമെന്ന പ്രത്യേകതയും മലയാളംപതിപ്പിനു സ്വന്തം.
(ശ്രീരാജ് ഓണക്കൂര്‍)

deshabhimani 300712

1 comment:

  1. പത്തുവര്‍ഷത്തിനുള്ളില്‍ 25,000 ലേഖനങ്ങള്‍. നാഴികക്കല്ലുകള്‍ പിന്നിട്ട് കുതിക്കുകയാണ് ഇന്റര്‍നെറ്റിലെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളംപതിപ്പ്. ആര്‍ക്കും ലേഖനം എഴുതാവുന്നതും മറ്റുള്ളവയില്‍ തെറ്റു കണ്ടെത്തിയാല്‍ തിരുത്താവുന്നതുമായ വിക്കിപീഡിയയുടെ മലയാളംപതിപ്പ് ഈ മാസം 23നാണ് 25,000 ലേഖനങ്ങള്‍ എന്ന കടമ്പ മറികടന്നത്. സ്കൂള്‍വിദ്യാര്‍ഥികള്‍മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നതസ്ഥാനം വഹിക്കുന്ന മലയാളികള്‍വരെ ഈ വിജ്ഞാനസാഗരം വിശാലമാക്കാന്‍ തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്. മലയാളഭാഷയെ നെഞ്ചോടുചേര്‍ക്കുന്നവരുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ അധ്വാനമാണ് ഇപ്പോഴത്തെ നേട്ടത്തിനു പിന്നിലെന്ന് മലയാളം വിക്കിപീഡിയയില്‍ സജീവമായ എറണാകുളം അമൃത ആശുപത്രിയിലെ ഡോ. അജയ് ബാലചന്ദ്രന്‍ പറഞ്ഞു.

    ReplyDelete