Friday, July 27, 2012

വിഭജനകാലം ഓര്‍മിപ്പിച്ച് ബംഗാളിലേക്ക് പലായനം

Picture Courtesy: PTI, Deccan Herald

കൊല്‍ക്കത്ത: വംശീയകലാപത്തെതുടര്‍ന്ന് അസമിന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍നിന്ന് പതിനായിരങ്ങള്‍ പശ്ചിമബംഗാളിലേക്ക് ഒഴുകുന്നു. ബംഗാളിന്റെ അതിര്‍ത്തിജില്ലകളായ കൂച്ച് ബിഹാര്‍, ജാല്‍പായ്ഗുരി എന്നിവിടങ്ങളിലേക്കാണ് അഭയാര്‍ഥി പ്രവാഹം. അസമിലേക്കുള്ള നിരവധി ട്രെയിന്‍ ഉത്തര ബംഗാളിലെ പല സ്റ്റേഷനിലും പിടിച്ചതോടെ ആയിരങ്ങള്‍ പലയിടത്തും കുടുങ്ങി. ഇവരുടെ സംരക്ഷണത്തിന് റെയില്‍വേ ഒരു നടപടിയും എടുത്തിട്ടില്ല. കുട്ടികളും സ്ത്രീകളും നരകയാതന അനുഭവിക്കുന്നു. അഭയാര്‍ഥികളെ സംസ്ഥാനസര്‍ക്കാരും കൈവിട്ടു. ആയിരങ്ങള്‍ വഴിയോരത്തും ബസ്സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനുകളിലും അലയുകയാണ്. കുടിവെള്ളമോ കക്കൂസ് സൗകര്യമോ ലഭ്യമല്ല. 

കൊക്രാജര്‍, തമര്‍ഹട്ട്, സൊരായ്ബില്‍, ഗൊസായിന്‍ഗോണ്‍, ശ്രയ്രാംമ്പൂര്‍, ഗൊരുഘാവാ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് അഭയാര്‍ഥികള്‍ ഏറെയും. അഭയാര്‍ഥികള്‍ തമ്മില്‍ പലയിടത്തുംഏറ്റുമുട്ടലുണ്ടായി. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ കാടുംമലയും നദികളും മറ്റും താണ്ടി വളരെ ദൂരം സഞ്ചരിച്ചാണ് ജനങ്ങള്‍ ബംഗാളിലേക്ക് കടന്നത്. ഭൂട്ടാന്‍ അതിര്‍ത്തിവഴിയും നിരവധി പേര്‍ എത്തുന്നു. വിഭജന കാലത്തും "71ലെ ബംഗ്ലാദേശ് യുദ്ധകാലത്തും കിഴക്കന്‍ ബംഗാളില്‍ നിന്ന് ഉണ്ടായ അഭയാര്‍ഥിപ്രവാഹത്തെ ഓര്‍മപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോള്‍.

വംശീയകലാപം ആശങ്കാജനകമാണെന്ന് ബംഗാള്‍ ഇടതുമുന്നണി പറഞ്ഞു. ബംഗാള്‍-അസം അതിര്‍ത്തി ജില്ലകളിലെ കലാപം സംസ്ഥാനത്തേക്ക് പടരാതിരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തരനടപടി കൈക്കൊള്ളണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു. പൊലീസിനെയും അര്‍ധ സൈനികരെയും അതിര്‍ത്തിയില്‍ വിന്യസിക്കണം. ജനങ്ങള്‍ ശാന്തരാകണമെന്നും അഭ്യൂഹങ്ങള്‍ക്കും കുപ്രചാരണങ്ങള്‍ക്കും വഴിപ്പെടരുതെന്നും മുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ കലാപത്തിന് സമാനമായി 1996ലും 1998ലും 2008ലും ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. പടിഞ്ഞാറന്‍ അസമിലെ ഗണ്യവിഭാഗമായ ബോഡോ ജനവിഭാഗം പ്രത്യേക സംസ്ഥാന വാദമുന്നയിച്ച് തൊണ്ണൂറുകളില്‍ രക്തപങ്കിലമായ കലാപം നടത്തിയിരുന്നു. പ്രത്യേക സംസ്ഥാനത്തിനു പകരമായി സ്വയം ഭരണാധികാരത്തോടു കൂടിയ ബോഡോ ലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രശ്നം തീര്‍ത്തെങ്കിലും പരിധി സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്.
(ഗോപി)

ഒറ്റപ്പെട്ട സംഘര്‍ഷം തുടരുന്നു; മരണം 44

ഗുവാഹത്തി: പടിഞ്ഞാറന്‍ അസമില്‍ ബോഡോ മേഖലയിലെ നാലു ജില്ലയില്‍ ന്യൂനപക്ഷക്കാരായ കുടിയേറ്റക്കാരും ബോഡോ ഗോത്രവംശജരും തമ്മിലുള്ള സംഘര്‍ഷം ഏഴാംദിവസവും തുടരവേ, കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. 11 പേരെ കാണാതായി. വീടുനഷ്ടപ്പെട്ട രണ്ടുലക്ഷത്തിലേറെപ്പേര്‍ സര്‍ക്കാര്‍ തുറന്ന 150 ക്യാമ്പുകളില്‍ അഭയംതേടി. സ്ഥിതിഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ശനിയാഴ്ച അസം സന്ദര്‍ശിക്കും. സ്ഥിതിഗതി നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയ് അവകാശപ്പെട്ടു. അതേസമയം, സംഘര്‍ഷം നേരിടുന്നതില്‍ തുടക്കത്തില്‍ പാളിച്ചയുണ്ടായെന്നും രണ്ടുലക്ഷത്തോളംപേര്‍ ഭവനരഹിതരായെന്നും സംഘര്‍ഷമേഖല സന്ദര്‍ശിച്ച ഗൊഗൊയ് സമ്മതിച്ചു.

സംഘര്‍ഷത്തിന് തുടക്കംകുറിച്ച കൊക്രജാറില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനുള്ള ഉത്തരവും നിശാനിയമവും തുടരുന്നു. ചിരാന്‍ഗ്, ധുബ്രി ജില്ലകളിലും നിശാനിയമം തുടരുന്നു. ചിരാന്‍ഗില്‍നിന്ന് മൂന്നും ധുബ്രിയില്‍നിന്ന് ഒരു മൃതദേഹവും വ്യാഴാഴ്ച കണ്ടെത്തി. പൊലീസ് വെടിവയ്പിലാണ് ധുബ്രിയില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. ചിരാന്‍ഗിനുസമീപത്തുള്ള ബക്സാ ജില്ലയില്‍ അക്രമികളുടെ വെടിവയ്പില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഒറ്റപ്പെട്ട അക്രമങ്ങള്‍ നിരവധി സ്ഥലങ്ങളില്‍ റിപ്പോര്‍ട്ടുചെയ്തു. അഭയാര്‍ഥിക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കൊക്രജാര്‍ ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് ബിപുല്‍ സൈകിയക്കുനേരെ അക്രമമുണ്ടായി. വാഹനം തകര്‍ത്തു.

ഉള്‍ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ട സംഘര്‍ഷം തുടരവേ, സമീപസംസ്ഥാനങ്ങളിലേക്കുള്ള കൂട്ടപ്പലായനം ശക്തമായി. കൊക്രജാറില്‍നിന്നുമാത്രം ഇരുപതിനായിരത്തോളംപേര്‍ ബംഗാളിലെ ജല്‍പായ്ഗുരിയിലേക്ക് പലായനംചെയ്തു. കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ മേഘാലയ ശക്തമായ നടപടി തുടങ്ങി. നൂറിലേറെ കലാപകാരികള്‍ പിടിയിലായിട്ടുണ്ട്. രണ്ടു ദിവസമായി പൂര്‍ണമായി സ്തംഭിച്ച ട്രെയിന്‍ഗതാഗതം ശക്തമായ സുരക്ഷാസംവിധാനങ്ങളോടെ പുനരാരംഭിച്ചു. അസമില്‍ കുടുങ്ങിയ പതിനായിരങ്ങള്‍ക്ക് നാട്ടിലേക്ക് പോകാനായി ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിനുകള്‍ വ്യാഴാഴ്ച ഗുവാഹത്തിയില്‍നിന്ന് പുറപ്പെട്ടു. സ്ഥിതിഗതികള്‍ നേരിടാന്‍ കൂടുതല്‍ സേന, അര്‍ധസൈനിക വിഭാഗങ്ങള്‍ അസമിലേക്ക് തിരിച്ചു. സംഘര്‍ഷമേഖലയില്‍ സേനയെ നിയോഗിക്കുന്നതില്‍ കാലതാമസമുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ശംഭുസിങ് പറഞ്ഞു. അതേസമയം, സംഘര്‍ഷത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡോലാന്‍ഡ് മേഖലയിലെ ന്യൂനപക്ഷസംഘടന രംഗത്തെത്തി.

സിപിഐ എം സംഘം ഇന്ന് അസമില്‍

കൊല്‍ക്കൊത്ത: അസമില്‍ വംശീയ സംഘര്‍ഷം തുടരുന്ന മേഖലയില്‍ സിപിഐ എം ലോക്സഭാ നേതാവ് ബസുദേവ് ആചാര്യയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സന്ദര്‍ശിക്കും. എംപിമാരായ ബജുബന്‍ റിയാന്‍ സെയ്ദുള്‍ ഹഖ് എന്നിവരുള്‍പ്പെട്ട സംഘം വെള്ളിയാഴ്ച വൈകിട്ട് അസമിലെത്തും. അസമില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കായി ബംഗാളിലെ ജെയ്പാല്‍ ഗുരി ജില്ലയില്‍ തുറന്ന അഭയാര്‍ഥി ക്യാമ്പുകളിലും അതിര്‍ത്തി മേഖലയിലും ഇടതുമുന്നണി നിയമസഭാഗംഗങ്ങള്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കുമെന്ന് സിപിഐ എം നേതാവ് അനിസുര്‍ റഹ്മാന്‍ പറഞ്ഞു.

സമാധാനം വീണ്ടെടുക്കണം: ഡിവൈഎഫ്ഐ

ന്യൂഡല്‍ഹി: കലാപബാധിതമായ അസമില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അസം സംഭവവികാസങ്ങള്‍ ആശങ്കാജനകമാണ്. വര്‍ഗീയസ്വഭാവം കൈവരുന്ന അക്രമവും കലാപവും വ്യാപിക്കുകയാണ്. അക്രമം അടിച്ചമര്‍ത്താന്‍ അസമിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടത് നിരവധി മരണത്തിനും നാശനഷ്ടത്തിനും ഇടയാക്കി. വിവിധ സമുദായങ്ങള്‍ക്കിടയില്‍ അരക്ഷിതബോധം പടരുകയാണ്. അക്രമത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ എത്തിക്കണം. അക്രമികള്‍ക്കെതിരെ യോജിച്ചണിനിരന്ന് സമാധാനം സംരക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം- ഡിവൈഎഫ്ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കലാപം തടയുന്നതില്‍ ഗൊഗൊയ് പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് എംപിമാര്‍

ന്യൂഡല്‍ഹി: അസമിലെ വംശീയ കലാപം നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും തരുണ്‍ഗൊഗൊയി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ റഹ്മാന്‍ ഖാന്റെ നേതൃത്വത്തില്‍ എംപിമാരുടെ സംഘം രംഗത്തെത്തി. കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ഗൊഗൊയ് കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന്, കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തെ സന്ദര്‍ശിച്ച ശേഷം സംഘം മാധ്യങ്ങളോട് പറഞ്ഞു. എന്‍സിപി, ജെഡി(യു) എംപിമാരും സംഘത്തിലുണ്ട്. അസമില്‍ വന്‍ തോതില്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടെന്നും സംഘം പറഞ്ഞു.

deshabhimani 270712

അസമില്‍ മരണം 44 ആയി വീടില്ലാതായവര്‍ രണ്ട് ലക്ഷം 

1 comment:

  1. വംശീയകലാപത്തെതുടര്‍ന്ന് അസമിന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍നിന്ന് പതിനായിരങ്ങള്‍ പശ്ചിമബംഗാളിലേക്ക് ഒഴുകുന്നു. ബംഗാളിന്റെ അതിര്‍ത്തിജില്ലകളായ കൂച്ച് ബിഹാര്‍, ജാല്‍പായ്ഗുരി എന്നിവിടങ്ങളിലേക്കാണ് അഭയാര്‍ഥി പ്രവാഹം. അസമിലേക്കുള്ള നിരവധി ട്രെയിന്‍ ഉത്തര ബംഗാളിലെ പല സ്റ്റേഷനിലും പിടിച്ചതോടെ ആയിരങ്ങള്‍ പലയിടത്തും കുടുങ്ങി. ഇവരുടെ സംരക്ഷണത്തിന് റെയില്‍വേ ഒരു നടപടിയും എടുത്തിട്ടില്ല. കുട്ടികളും സ്ത്രീകളും നരകയാതന അനുഭവിക്കുന്നു. അഭയാര്‍ഥികളെ സംസ്ഥാനസര്‍ക്കാരും കൈവിട്ടു. ആയിരങ്ങള്‍ വഴിയോരത്തും ബസ്സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനുകളിലും അലയുകയാണ്. കുടിവെള്ളമോ കക്കൂസ് സൗകര്യമോ ലഭ്യമല്ല.

    ReplyDelete