Tuesday, July 31, 2012

ശാസ്താംകോട്ട തടാകത്തില്‍ ജലനിരപ്പ് കുറയുന്നു


ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സ് എന്ന് പേരുകേട്ട ശാസ്താംകോട്ട തടാകം ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ഭീഷണിയില്‍. അനുദിനം വറ്റിക്കൊണ്ടിരിക്കുന്ന തടാകത്തിനെ വരള്‍ച്ചയും മഴക്കുറവുമാണ് ഇപ്പോള്‍ ഭയാനകമായ സ്ഥിതിയിലാക്കിയിരിക്കുന്നത്. ജില്ലയിലെ 10 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് ജീവജലം നല്‍കുന്ന കുടിവെള്ളപദ്ധതിയാണ് ഇത്. ചരിത്രത്തില്‍ ആദ്യമായാണ് ജലത്തിന്റെ ഉപയോഗം കുറയ്ക്കണമെന്ന് വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏഴു വര്‍ഷത്തിനിടെ തടാകത്തിന്റെ ആഴം 17 മീറ്റര്‍ കുറഞ്ഞു. 1991ല്‍ നടത്തിയ പഠനത്തില്‍ ആഴം 30 മീറ്ററായിരുന്നു. 1998ല്‍ ആധുനിക സാങ്കേതികവിദ്യയായ ബാത്തിമെട്രിക് സര്‍വേപ്രകാരം ആഴം 13.3 മീറ്ററായി കുറഞ്ഞെന്നു കണ്ടെത്തി. ഇപ്പോള്‍ തടാകത്തിന്റെ ജലനിരപ്പ് ഭയാനകമാംവിധം താഴ്ന്ന് ഫില്‍റ്റര്‍ഹൗസിനു സമീപത്തെ ലീഡിങ് ചാനലിലെ ലെവല്‍ഗേജ് 0.45 സെന്റീമീറ്ററിലെത്തി. വര്‍ഷംതോറും ജലനിരപ്പ് ഒരു മീറ്റര്‍ കുറയുന്നതായാണ് സെസിന്റെ കണ്ടെത്തല്‍.

തടാകത്തിന്റെ ജലസംഭരണശേഷി 223.90 ലക്ഷം ഘനമീറ്ററാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ പമ്പിങ് ഇപ്പോള്‍ ഭാഗികമാണ്. പ്രധാനമായും മഴവെള്ളത്തെ ആശ്രയിച്ചാണ് തടാകം നിലനില്‍ക്കുന്നത്. മഴയുടെ ദൗര്‍ലഭ്യവും തടാകത്തിനു സമീപമുള്ള പ്രകൃതിചൂഷണവും ഭൂഗര്‍ഭജലത്തിന്റെ ലഭ്യത കുറച്ചു. കൊടുംവരള്‍ച്ചമൂലം ഏക്കറുകണക്കിന് സ്ഥലം പുല്ലുവളര്‍ന്ന് ചതുപ്പുകളായി.
(ആര്‍ മണികണ്ഠന്‍)

deshabhimani 280712

1 comment:

  1. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സ് എന്ന് പേരുകേട്ട ശാസ്താംകോട്ട തടാകം ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ഭീഷണിയില്‍. അനുദിനം വറ്റിക്കൊണ്ടിരിക്കുന്ന തടാകത്തിനെ വരള്‍ച്ചയും മഴക്കുറവുമാണ് ഇപ്പോള്‍ ഭയാനകമായ സ്ഥിതിയിലാക്കിയിരിക്കുന്നത്.

    ReplyDelete