Tuesday, July 31, 2012

ചില്ലറവില്‍പ്പന പിടിക്കാന്‍ യുഎസ് കമ്പനികള്‍ കോടികള്‍ ഒഴുക്കുന്നു


ബഹുബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകവെ കോടികള്‍ ഒഴുക്കി തീരുമാനം അനുകൂലമാക്കാന്‍ വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ കമ്പനികളുടെ ശ്രമം. ഒരുവര്‍ഷംകൊണ്ട് 15 ലക്ഷം ഡോളറാണ് (എട്ടേകാല്‍ കോടി രൂപ) ചെറുകിട വില്‍പ്പന മേഖലയിലെ ഭീമന്‍ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ ചെലവാക്കിയത്. കഴിഞ്ഞവര്‍ഷം നവംബറില്‍ കേന്ദ്ര മന്ത്രിസഭ 50 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചത് വാള്‍മാര്‍ട്ടിന്റെ വിജയമായി വിലയിരുത്തപ്പെടുന്നു. സ്വാധീനശ്രമം സംബന്ധിച്ച് അമേരിക്കന്‍ പ്രതിനിധിസഭയിലും സെനറ്റിലും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. അമേരിക്കന്‍ വ്യാപാരമന്ത്രാലയം, വിദേശമന്ത്രാലയം എന്നിവയ്ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

2007 മുതല്‍ തന്നെ ഇന്ത്യന്‍ അഭിപ്രായരൂപീകരണത്തിനായി പണമെറിയാന്‍ തുടങ്ങിയെന്ന് വാള്‍മാര്‍ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നികുതിനിയമങ്ങള്‍ ഉദാരവല്‍ക്കരിക്കാനും ധനമേഖലയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രവേശനം നല്‍കാനും കമ്പനികള്‍ വന്‍തോതില്‍ പണമിറക്കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ ഏറ്റവും വലിയ ധനസ്ഥാപനങ്ങളിലൊന്നായ പ്രുഡന്‍ഷ്യല്‍ ഫൈനാന്‍സ് 40 ലക്ഷം ഡോളറാണ് ചെലവാക്കിയത്. സിറോക്സ്, ഗാര്‍ഗില്‍, എയ്റോ സ്പേസ്, യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങിയവയും പണം ചെലവാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അനുകൂലമായ തീരുമാനം ഉണ്ടാകാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവ ബറാക്ക് ഒബാമ സര്‍ക്കാരിനോട് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. അതേസമയം വിദേശനിക്ഷേപത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഇടതുപക്ഷത്തിനും സമാജ്വാദി പാര്‍ടിക്കും ജെഡി-എസിനും പുറകെ ഐക്യജനതാദള്‍ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറും ഇതിനെതിരെ രംഗത്തുവന്നു. വാണിജ്യമന്ത്രി ആനന്ദ് ശര്‍മയ്ക്കെഴുതിയ കത്തിലാണ് വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നിതീഷ്കുമാര്‍ ആവശ്യപ്പെട്ടത്.

deshabhimani 310712

No comments:

Post a Comment