Monday, July 30, 2012

ജില്ലാ ആശുപത്രി ഇല്ലാതാകും പാലക്കാട്ട് തുടങ്ങുന്നത് സ്വാശ്രയ മെഡിക്കല്‍ കോളേജ്


പട്ടികജാതി വകുപ്പിന്റെ കീഴില്‍ പാലക്കാട് തുടങ്ങുന്നത് സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജെന്ന് സൂചന. കേരള എഡ്യൂക്കേഷന്‍ സൊസൈറ്റി എന്ന ട്രസ്റ്റിന്റെ കീഴീല്‍ സ്ഥാപനം തുടങ്ങാനാണ് ശ്രമം. 60 ശതമാനം സീറ്റ് പട്ടിക വിഭാഗത്തിനും ബാക്കി സ്വാശ്രയമാക്കാനുമാണ് നീക്കം. ജില്ലാ ആശുപത്രിയിലെ നിലവിലുള്ള സൗകര്യത്തിലാകും ക്ലാസുകള്‍ തുടങ്ങുക. മെഡിക്കല്‍ കോളേജിനെന്ന പേരില്‍ യാക്കരയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനും ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് സ്പെഷ്യല്‍ ഓഫീസര്‍ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു. ഈ അധ്യയന വര്‍ഷം തന്നെ ക്ലാസ് തുടങ്ങാന്‍ ശ്രമം നടക്കുന്നു. എന്നാല്‍ ആവശ്യമായ ഒരു സൗകര്യവും ജില്ലാ ആശുപത്രിയില്‍ ഒരുക്കിയിട്ടില്ല. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിര്‍ബന്ധപൂര്‍വം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും നീക്കമുണ്ട്. പിജിയുള്ള ഡോക്ടര്‍മാരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോള്‍ ഇവര്‍ക്ക് യുജിസി നിരക്കിലുള്ള ശമ്പളം നല്‍കുമോയെന്ന കാര്യത്തിലും തീര്‍പ്പില്ല. നിലവില്‍ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ആശുപത്രി പട്ടികജാതി വകുപ്പിന് കീഴിലാവും. ഇത് ജീവനക്കാര്‍ക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. ഏകപക്ഷീയമായി നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.

നിലവില്‍ ജില്ലാ ആശുപത്രിയുടെ ഭരണചുമതല ജില്ലാ പഞ്ചായത്തിനാണ്. മെഡിക്കല്‍ കോളേജ് ആകുമ്പോള്‍ ഇതും മാറും. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജാകുന്നതോടെ ജില്ലാ ആശുപത്രി ജില്ലയ്ക്ക് നഷ്ടമാകും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുള്ള എല്ലാ ജില്ലയിലും ജനറല്‍ ആശുപത്രികള്‍ നിലവിലുണ്ട്. പാലക്കാട് ജനറല്‍ ആശുപത്രിയും ഇല്ല. സാധാരണക്കാരാകും ഇതിന്റെ ദുരിതം ഏറെ സഹിക്കേണ്ടി വരിക. തൃശൂരില്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയത് ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ്. എന്നാല്‍ മെഡിക്കല്‍ കോളേജ് സ്വതന്ത്രമായതോടെ ജില്ലാ ആശുപത്രി അവഗണിക്കപ്പെട്ടു. ഇവിടെയും അതേ അവസ്ഥയാകും എന്ന് ജീവനക്കാര്‍ സ്ശയിക്കുന്നു. മെഡിക്കല്‍ കോളേജിന്റെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചിരികുന്നത് വിഷയത്തില്‍ കാര്യമായ പരിജ്ഞാനമില്ലാത്ത പട്ടികവകുപ്പ് ഡയറക്ടര്‍ ആയിരുന്ന വ്യക്തിയെയാണ്. ഇതും പ്രവര്‍ത്തിന് ഏറെ തടസ്സം വരുത്തുന്ന ഘടകമാണെന്ന് ആരോഗ്യ വിഭാഗം ജീവനക്കാര്‍ പറയുന്നു. യാക്കരയില്‍ ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസില്‍ (ഐടിഐ)നിന്നാണ് 77.72 ഏക്കര്‍ മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐടിഐ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഒരു മാസത്തേക്ക് നിര്‍മാണ പ്രവൃത്തി പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

deshabhimani 300712

No comments:

Post a Comment