Sunday, July 29, 2012

വിവാദം കൊഴുക്കുന്നു; കൊച്ചി മെട്രോ ലോഗോ പ്രകാശനം മാറ്റി


കെഎംആര്‍എല്‍ എംഡി ടോം ജോസിന്റെ നടപടികള്‍ വീണ്ടും വിവാദമായതോടെ 31ന് നടത്താനിരുന്ന കൊച്ചി മെട്രോയുടെ ലോഗോ പ്രകാശനച്ചടങ്ങ് മാറ്റി. കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ്പോലും അറിയാതെ കൊച്ചി മെട്രോയ്ക്ക് മനോരമ നിര്‍ദേശിച്ച പേരിടാന്‍ ടോം ജോസ് തീരുമാനിച്ചതും ലോഗോ പ്രകാശനച്ചടങ്ങില്‍നിന്ന് പ്രമുഖരെ ഒഴിവാക്കിയതുമാണ് വിവാദമായത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഇടപെട്ടാണ് ചടങ്ങ് മാറ്റിയത്.

സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോ പദ്ധതി മുഴുവന്‍ വിഭാഗങ്ങളുടെയും പ്രയത്നഫലമായാണ് ഇതുവരെയുള്ള കടമ്പകള്‍ പിന്നിട്ടത്. നാളെ മെട്രോ അറിയപ്പെടാന്‍പോകുന്ന പേര് ജനങ്ങളുടെ നിര്‍ദേശം പരിഗണിച്ചായിരിക്കും തീരുമാനിക്കുക എന്ന ധാരണയും പൊതുവിലുണ്ടായിരുന്നു. രാജ്യത്തെ മറ്റു മെട്രോകള്‍ക്ക് ആ മാതൃകയാണ് സ്വീകരിച്ചത്. എന്നാല്‍, കൊച്ചി മെട്രോയ്ക്ക് മനോരമ കണ്ടെത്തിയ കോമെറ്റ് എന്ന പേര് ടോം ജോസ് സ്വയം ഏറ്റെടുക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ ചേര്‍ന്ന കെഎംആര്‍എല്‍ ബോര്‍ഡ് യോഗത്തില്‍പോലും പേരു സംബന്ധിച്ച ആലോചന നടന്നില്ല. മനോരമ പത്രത്തില്‍ പലപ്പോഴും ഉപയോഗിച്ചുകണ്ട പേരാണ് എംഡി ഇടാന്‍ പോകുന്നതെന്നറിഞ്ഞതായി ഒരു ബോര്‍ഡ് അംഗം പറഞ്ഞു. പേരും ലോഗോയും സംബന്ധിച്ച നിര്‍ദേശങ്ങളോ ലോഗോ പ്രകാശനച്ചടങ്ങിന്റെ കാര്യമോ ബോര്‍ഡില്‍ വന്നിട്ടില്ലെന്നും ഈ അംഗം പറഞ്ഞു.

31ന് ലെ മെറിഡിയനിലെ ചടങ്ങില്‍നിന്ന് ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനെയും കേന്ദ്രമന്ത്രി കെ വി തോമസിനെയും ഒഴിവാക്കിയിരുന്നു. ജില്ലയിലെ ജനപ്രതിനിധികളെയും ഒഴിവാക്കിയാണ് ക്ഷണക്കത്ത് അച്ചടിച്ചത്. പലര്‍ക്കും കത്ത് അയച്ചുമില്ല. ലോഗോ തയ്യാറാക്കാനുള്ള ലക്ഷങ്ങളുടെ കരാര്‍ ടെന്‍ഡറില്ലാതെയാണ് ബംഗളൂരുവിലെ ഐഡിയം എന്ന സ്ഥാപനത്തിനു നല്‍കിയത്. ഇതും ബോര്‍ഡ് അറിഞ്ഞിട്ടില്ല. എത്ര രൂപയുടെ കരാറാണ് നല്‍കിയതെന്നു വെളിപ്പെടുത്താന്‍ കെഎംആര്‍എല്‍ തയ്യാറായില്ല. മെട്രോപോലെ പ്രധാനപ്പെട്ട പദ്ധതിയുടെ ലോഗോ നിശ്ചയിക്കുന്നതിലും ജനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കിയതും സ്വകാര്യ പരസ്യക്കമ്പനിയെ ടെന്‍ഡറില്ലാതെ ചുമതലപ്പെടുത്തിയതും ദുരൂഹമാണ്. എല്ലാ ടെന്‍ഡര്‍നടപടികളും കെഎംആര്‍എലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും ലോഗോ തയ്യാറാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചതിന്റെ വിവരമൊന്നും കാണുന്നില്ല.

പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതിന്റെ അടുത്ത നടപടി നിലവിലെ കെഎംആര്‍എല്‍ ബോര്‍ഡ് പുനഃസംഘടനയാണെന്ന് കേന്ദ്ര നഗരവികസനമന്ത്രാലയവും സംസ്ഥാനസര്‍ക്കാരും പറഞ്ഞിരുന്നു. പുതുതായി രൂപീകരിക്കുന്ന ബോര്‍ഡിന്റെ എംഡി സംസ്ഥാനസര്‍ക്കാരിന്റെ പ്രതിനിധിയാകുമെങ്കില്‍ക്കൂടി ടോം ജോസ്തന്നെയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചിട്ടില്ല. മുമ്പ് ഡിഎംആര്‍സിയെ പദ്ധതിയില്‍നിന്ന് ഒഴിവാക്കി ഇ ശ്രീധരന് ടോം ജോസ് കത്തയച്ചതും വിവാദമായിരുന്നു. 31ലെ ലോഗോ പ്രകാശനപരിപാടിയുടെ ചുമതല വെര്‍ഗോ എന്ന ഇവന്റ്് മാനേജ്മെന്റ് കമ്പനിക്കാണ് നല്‍കിയിരുന്നത്. ഇതും ടെന്‍ഡറില്ലാതെയാണ് ഏല്‍പ്പിച്ചിരുന്നത്.
(എം എസ് അശോകന്‍)

deshabhimani 290712

1 comment:

  1. കെഎംആര്‍എല്‍ എംഡി ടോം ജോസിന്റെ നടപടികള്‍ വീണ്ടും വിവാദമായതോടെ 31ന് നടത്താനിരുന്ന കൊച്ചി മെട്രോയുടെ ലോഗോ പ്രകാശനച്ചടങ്ങ് മാറ്റി. കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ്പോലും അറിയാതെ കൊച്ചി മെട്രോയ്ക്ക് മനോരമ നിര്‍ദേശിച്ച പേരിടാന്‍ ടോം ജോസ് തീരുമാനിച്ചതും ലോഗോ പ്രകാശനച്ചടങ്ങില്‍നിന്ന് പ്രമുഖരെ ഒഴിവാക്കിയതുമാണ് വിവാദമായത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഇടപെട്ടാണ് ചടങ്ങ് മാറ്റിയത്.

    ReplyDelete