Wednesday, July 25, 2012

തോട്ടം വിനിയോഗ നിയമഭേദഗതി: കേസുകള്‍ അട്ടിമറിക്കപ്പെടും


തോട്ടംഭൂമിയുടെ അഞ്ചു ശതമാനം മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അനുവദിക്കുന്ന പുതിയ നിയമഭേദഗതി നടപ്പാകുന്നതോടെ വന്‍കിട തോട്ടമുടമകള്‍ക്കെതിരായ കോടതി കേസുകള്‍ പലതും അട്ടിമറിക്കപ്പെടും. നിയമഭേദഗതിയിലൂടെ തോട്ടമുടകള്‍ക്ക് യഥേഷ്ടം വിനിയോഗിക്കാന്‍ കൈവശം കിട്ടുന്നത് ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി. ഇതുവഴി തോട്ടംഭൂമി വകമാറ്റല്‍ നിയമവിധേയമാകുന്നതോടെ സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലനം തകര്‍ക്കുന്ന നിര്‍മാണപദ്ധതികളും ഈ മേഖലയിലേക്ക് കുത്തിയൊഴുകും. 1963ലെ ഭൂപരിഷ്കരണ നിയമത്തിന് 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ എതിര്‍പ്പുമൂലം പാസായിരുന്നില്ല. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യുമന്ത്രി കെ എം മാണിയും ഡല്‍ഹിയില്‍ പ്രത്യേക സമ്മര്‍ദംചെലുത്തി രാഷ്ട്രപതിയുടെ ഒപ്പോടെ പാസാക്കിയ ഭേദഗതി സംസ്ഥാനത്തെ കാര്‍ഷിക-പാരിസ്ഥിതിക-സാമൂഹ്യമേഖലകളില്‍ വലിയ പ്രത്യാഘാതത്തിന് ഇടയാക്കും.

തോട്ടംഭൂമികള്‍ രൂപാന്തരപ്പെടുത്തി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതു സംബന്ധിച്ച നൂറുകണക്കിന് കേസുകളാണ് ഇപ്പോള്‍ത്തന്നെ കോടതികളിലുള്ളത്. നിബന്ധനകള്‍ക്കു വിധേയമായി കാര്‍ഷികാവശ്യത്തിനു നല്‍കിയിട്ടുള്ള തോട്ടംഭൂമിയിലെ മരങ്ങള്‍ മുറിച്ചുനീക്കുകയും ചെറു പ്ലോട്ടുകളാക്കി മുറിച്ച് ടൂറിസം റിസോര്‍ട്ടുകളാക്കി മാറ്റുകയും മറുപാട്ടത്തിനു നല്‍കുകയുമാണ് തോട്ടമുടമകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വിവാദമായ ചെറുനെല്ലി ഉള്‍പ്പെടെ നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകളെല്ലാം ടൂറിസം റിസോര്‍ട്ടുകളായി മാറിക്കഴിഞ്ഞു. ടാറ്റയുടെയും ഹാരിസണ്‍ മലയാളത്തിന്റെയും തോട്ടങ്ങളും ഇത്തരത്തില്‍ രൂപാന്തരപ്പെടുത്തുന്നതിനെതിരെ കേസുകള്‍ നില്‍ക്കുന്നു. ടാറ്റയുടെ എട്ടു ബംഗ്ലാവുകള്‍ റിസോര്‍ട്ടിനായി മാറ്റിയതിനെതിരെ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നിയമനടപടികളും നടക്കുന്നു. ഇങ്ങനെ ദുര്‍വിനിയോഗം ചെയ്യപ്പെടുന്ന തോട്ടംഭൂമി തിരിച്ചുപിടിക്കാനുള്ള ശക്തമായ നടപടികള്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്നു. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തും മൂന്നാറിലേതുപോലുള്ള ദൗത്യങ്ങള്‍ ഏറ്റെടുത്തും വനഭൂമി തിരിച്ചുപിടിക്കല്‍ ഊര്‍ജിതമാക്കി. തോട്ടങ്ങള്‍ കാര്‍ഷികാവശ്യത്തിനു മാത്രം ഉപയോഗിക്കാനുള്ളതാണെന്ന വാദത്തോടെയാണ് തോട്ടമുടമകളുടെ നടപടികളെയെല്ലാം ചോദ്യംചെയ്തിരുന്നത്. തോട്ടം നടത്താനാകാത്തവര്‍ ആ ഭൂമി തിരികെ സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന കോടതിവിധിയും നിനലനില്‍ക്കുന്നു. രാഷ്ട്രപതിയുടെ ഒപ്പോടെ യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമഭേദഗതി നടപ്പാകുന്നതോടെ ഈ വാദം ദുര്‍ബലമാക്കാന്‍ തോട്ടമുടമകള്‍ക്കാകും.

deshabhimani 250712

No comments:

Post a Comment