Sunday, July 8, 2012

സമരഭൂമിയില്‍ ആവേശം പകര്‍ന്ന് ജനനേതാവ്


ചീയമ്പം: ഓലകൊണ്ട് മറച്ച കൊച്ച് കൂരയില്‍ നിന്ന് കറപ്പനും വെള്ളച്ചിയും മാക്കയും ജനനായകനെ കണ്ടപ്പോള്‍ ഇറങ്ങിവന്നു.നിറഞ്ഞ പുഞ്ചിരിയോടെ അടിയാളരുടെ അമരക്കാരന്‍ അവര്‍ക്കിടയില്‍ ഒരാളായി. തുടര്‍ന്ന് ക്ഷേമാന്വേഷണം. ദാരിദ്ര്യത്തിന്റെയും അവശതകളുടേയും ദൈന്യത തളര്‍ത്തിയ ശബ്ദത്തോടെ അവര്‍ സങ്കടക്കെട്ടഴിച്ചു. കൊച്ച് കൂരക്കുള്ളില്‍ തണുത്ത് വിറച്ച് കിടക്കേണ്ടി വരുന്ന രാത്രികളെ കുറിച്ച്.വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും പലപ്പോഴും കിട്ടാറില്ല.എന്തിന് കുടി വെള്ളം പോലും ഇല്ല.സമരകേന്ദ്രങ്ങളിലെ ദുരിതജീവിതം വേദനയോടെ ആദിവാസികള്‍ വിവരിച്ചപ്പോള്‍ സമരനായകന്‍ ആശ്വസിപ്പിച്ചു. ""തളരരുത്.ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.""മണ്ണിന് വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് ജനായകന്റെ വാക്കുകള്‍ ആശ്വാസമായി.

ജില്ലയിലെ ഏറ്റവും വലിയ ഭൂസമരകേന്ദ്രമായ ചീയമ്പത്തെത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടരി പിണറായി വിജയന്‍ ആദിവാസികള്‍ക്ക് സമരാവേശം പകര്‍ന്നു. സിപിഐഎം എകെഎസ് നേതാക്കള്‍ക്കൊപ്പമായിരുന്നു അദ്ദേഹം ചീയമ്പത്തെത്തിയത്.നേതാവിനെ സ്വീകരിക്കാന്‍ നൂറ് കണക്കിന് ആദിവാസികളും ഭൂസമരസഹായസമിതി പ്രവര്‍ത്തകരും കാത്തിരിക്കുന്നുണ്ടായിരുന്നു. ഇരുളത്ത് നൂറ്കണക്കിന് ആദിവാസികള്‍ അണിനിരന്ന പ്രകടനത്തോടെയാണ് സമരകേന്ദ്രത്തിലേക്ക് പിണറായിയെ ആനയിച്ചത്. മണ്ണിന് വേണ്ടി പോരാടുന്നവരുടെ വേദനകള്‍ ഒപ്പാന്‍ എപ്പോഴും സിപിഐഎം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ന്യായമായ ആവശ്യങ്ങള്‍ക്കായാണ് നിങ്ങളുടെ പോരാട്ടം.ഭൂമി ചോദിക്കുന്നത് തെറ്റാല്ല.ജനാധിപത്യ രീതിയില്‍ സമരം ചെയ്യാന്‍ എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശമുണ്ട്.അതുകൊണ്ട് ആദിവാസികള്‍ മണ്ണിന് വേണ്ടി നടത്തുന്ന സമരം ജനകീയസമരമാണ്. ഇവരുടെ ന്യായം ഏതെങ്കിലുംതരത്തില്‍ നിഷേധിക്കാന്‍ ഒരു ജനകീയസര്‍കാരിന് കഴിയുമോ. ഇവര്‍ താമസിക്കുന്ന താല്‍ക്കാലിക കൂരകള്‍ പൊളിച്ച് കളഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കുകയല്ല വേണ്ടത്. പകരം പാവപ്പെട്ട ആദിവാസികള്‍ക്ക് ജിവിക്കാനുള്ള ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം ജില്ല സെക്രട്ടരി സി കെ ശശീന്ദ്രന്‍, ജില്ല കമ്മറ്റി അംഗം പി എസ് ജനാര്‍ദനന്‍, ഇ എ ശങ്കരന്‍, കെ എസ് കുഞ്ഞന്‍, എം എന്‍ കരുണാകരന്‍ തുടങ്ങിയ സിപിഐഎം എകെഎസ് നേതാക്കളും പിണറായിയെ അനുഗമിച്ചിരുന്നു.

അറസ്റ്റുകൊണ്ട് ഭൂസമരത്തെ തളര്‍ത്താനാകില്ല: പിണറായി

കല്‍പ്പറ്റ: ആദിവാസികളെ അറസ്റ്റുചെയ്തുമാറ്റിയോ സമരഭൂമിയില്‍ നിന്ന് ഇറക്കിവിട്ടോ ഭൂസമരത്തെ തളര്‍ത്താന്‍ കഴിയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വയനാട്ടിലെ പൂതാടി പഞ്ചായത്തിലെ ആദിവാസി ഭൂസമരകേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അത് കൂടുതല്‍ കരുത്താര്‍ജിക്കും. ന്യായമായ ആവശ്യത്തിനു വേണ്ടി ആദിവാസികള്‍ നടത്തുന്ന സമരം വിജയിപ്പിക്കാന്‍ വേണ്ടിവന്നാല്‍ ബഹുജനപ്രക്ഷോഭം നടത്തും. ആദിവാസി ഭൂസമരത്തെ സഹാനുഭൂതിയോടെയാണ് സര്‍ക്കാര്‍ നേരിടേണ്ടത്. കാരണം ഭൂമി ആദിവാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അഞ്ഞൂറിലധികം ആദിവാസികളെയാണ് സര്‍ക്കാര്‍ ജയിലിലടച്ചത്. ഇവരുടെ താല്‍ക്കാലിക കൂര പൊളിച്ചുകളഞ്ഞതുകൊണ്ട് സര്‍ക്കാരിന് എന്താണ് നേട്ടം. ഭൂമിയും വീടും ഇല്ലാത്തവരാണ് പ്രക്ഷോഭം നടത്തിയത്. പൊതുജനവികാരം എതിരായപ്പോഴാണ് ആദിവാസികളെ സര്‍ക്കാര്‍ ജയിലില്‍ നിന്ന് വിട്ടയച്ചത്. ജനവിരുദ്ധ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. പൊള്ളുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടുന്നില്ല. എല്‍ഡിഎഫ് സര്‍കാര്‍ പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്തിയിരുന്നു. എന്നാല്‍, എപിഎല്‍, ബിപിഎല്‍ തരംതിരിവുവരുത്തി പരമദരിദ്രരെപ്പോലും ദാരിദ്ര്യരേഖയ്ക്ക് മീതെയാക്കി ഭൂരിഭാഗത്തിനും റേഷന്‍ നിഷേധിക്കുകയാണ്. മഴക്കാല രോഗങ്ങള്‍ പടരുമ്പോഴും സര്‍ക്കാര്‍ ഉറക്കത്തിലാണ്. ആശുപത്രികളില്‍ ഡോക്ടര്‍മാരില്ല, മരുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്നവരെയും ആദിവാസികളെയും സര്‍ക്കാര്‍ കേസില്‍പ്പെടുത്തി ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം ജില്ലാ കമ്മറ്റി അംഗം പി എസ് ജനാര്‍ദനന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനും സന്നിഹിതനായിരുന്നു. ഇരുളം ലോക്കല്‍ സെക്രട്ടറി ടി ആര്‍ രവി സ്വാഗതവും ആദിവാസി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി അംഗം ഇ എ ശങ്കരന്‍ നന്ദിയും പറഞ്ഞു.

deshabhimani 080712

1 comment:

  1. ഓലകൊണ്ട് മറച്ച കൊച്ച് കൂരയില്‍ നിന്ന് കറപ്പനും വെള്ളച്ചിയും മാക്കയും ജനനായകനെ കണ്ടപ്പോള്‍ ഇറങ്ങിവന്നു.നിറഞ്ഞ പുഞ്ചിരിയോടെ അടിയാളരുടെ അമരക്കാരന്‍ അവര്‍ക്കിടയില്‍ ഒരാളായി. തുടര്‍ന്ന് ക്ഷേമാന്വേഷണം. ദാരിദ്ര്യത്തിന്റെയും അവശതകളുടേയും ദൈന്യത തളര്‍ത്തിയ ശബ്ദത്തോടെ അവര്‍ സങ്കടക്കെട്ടഴിച്ചു. കൊച്ച് കൂരക്കുള്ളില്‍ തണുത്ത് വിറച്ച് കിടക്കേണ്ടി വരുന്ന രാത്രികളെ കുറിച്ച്.വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും പലപ്പോഴും കിട്ടാറില്ല.എന്തിന് കുടി വെള്ളം പോലും ഇല്ല.സമരകേന്ദ്രങ്ങളിലെ ദുരിതജീവിതം വേദനയോടെ ആദിവാസികള്‍ വിവരിച്ചപ്പോള്‍ സമരനായകന്‍ ആശ്വസിപ്പിച്ചു. ""തളരരുത്.ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.""മണ്ണിന് വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് ജനായകന്റെ വാക്കുകള്‍ ആശ്വാസമായി.

    ReplyDelete